കമ്മ്യൂണിസ്റ്റുകാർ ഇന്ന് ഏറെ പ്രതിസന്ധി നേരിടുന്നത് ന്യൂ ജനറേഷൻ സമൂഹത്തെ അഭിസംബോധന ചെയ്യുവാനാണ്. അതിന്റെ പ്രധാന കാരണം ഇന്ത്യയിലെ മനുഷ്യാവകാശ പോരാളികൾ പടുത്തുയർത്തിയ ആദർശങ്ങൾ തന്നെ. ഇന്നത്തെ തലമുറകൾ അതെല്ലാം മറന്നിരിക്കുന്നു. തീയായ് ജ്വലിയ്ക്കുന്ന വാക്കുകൾ മാത്രമേ അവർ കാണുന്നുള്ളു. അതിന്റെയുള്ളിലെ ശരിതെറ്റുകൾ എന്താണെന്ന് ചിന്തിക്കാറില്ല.
കമ്മ്യൂണിസ്റ്റ് സിനിമകൾ എന്ന് പറയുമ്പോൾ അന്നും ഇന്നും മലയാളികൾക്ക് ഓർമ വരിക ലാൽ സലാം, രക്തസാക്ഷികൾ സിന്ദാബാദ് ആയിരിക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വ്യക്തമായി വരച്ച് കാണിച്ച സിനിമയായിരുന്നു ഇതു രണ്ടും. നായകന്റെ ലക്ഷ്യവും അവരുടെ ചിന്താരീതികളും വളരെ വ്യക്തമായി വരച്ചു കാണിച്ച സിനിമകൾ. കമ്മ്യൂണിസ്റ്റ് സിനിമകളിലെ തീരാനഷ്ടം മുരളിയാണ്. അദ്ദേഹത്തിന്റെ പ്രസൻസ് ആ സിനിമകൾക്ക് ഊർജ്ജവും ചലനവും നൽകിയിരുന്നു.
കമ്മ്യൂണിസ്റ്റ് സിനിമകളുടെ പട്ടിക നീളുകയാണ്. ഇനിയും നീളും. മൂലധനം മുതൽ സഖാവ് വരെ. തുലാഭാരം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഓർമകളുണ്ടായിരിക്കണം, അറബിക്കഥ, അടിമകൾ ഉടമകൾ, നെയ്ത്തുകാരൻ, ഇപ്പോഴിതാ സഖാവും ഈ ലിസ്റ്റ് ഇനിയും നീളുമെന്ന് നിസ്സംശയം പറയാം. മലയാളത്തിലെ ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ് സിനിമ മോഹൻലാലിന്റെ ലാൽ സലാം ആണ്.
കമ്മ്യൂണിസം സ്നേഹമാണ്. അതൊരു തിരിച്ചറിവാണ്. ആദർശമാണ്. കമ്മ്യൂണിസ്റ്റ് സ്വപ്നത്തിന്റെ പിന്നാലെ അല്ലെങ്കിൽ നായകനൊപ്പം നമ്മെ നടത്തിക്കുവാന്‍ സംവിധായകർക്ക് കഴിയുന്നുണ്ടെന്നതാണ് ഈ സിനിമകളുടെ ഒക്കെ വിജയം. ഒരു സിനിമ കണ്ടത് കൊണ്ട് മാത്രം ഒരാളും കമ്മ്യൂണിസ്റ്റ് ആയിട്ടില്ല. അങ്ങനെ മൂന്ന് മണിക്കൂറിനുള്ളിൽ പറഞ്ഞ് തീർക്കാനാകുന്നതല്ലല്ലോ കമ്മ്യൂണിസം.
ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെല്ലാം തന്നെ ഫാസിസ്റ്റ് സംസ്‌കാരം ആര്‍ജിച്ചുകൊണ്ടിരിയ്ക്കുകയാണ്. കൂട്ടത്തിൽ ഒരാൾ മതിയല്ലോ പലതും തകർക്കാൻ. പക്ഷേ, അങ്ങനെ തകർക്കാനോ ഇല്ലാതാക്കനോ പറ്റുന്നതല്ല കമ്മ്യൂണിസം എന്ന് കമ്മ്യൂണിസ്റ്റ് അല്ലാത്തവർക്ക് തന്നെ വ്യക്തമായി അറിയാവുന്നതാണ്.
മമ്മൂട്ടിയും മോഹൻലാലും അവരുടെ കരിയറില്‍ ചില കമ്യൂണിസ്റ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ ഒരുപാട് കമ്മ്യൂണിസ്റ്റ് കഥകൾ മലയാള സിനിമയിൽ ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റിന് പറയാൻ ഒരുപാട് കഥകൾ ഉള്ളതിനാലാകാം ആ കമ്മ്യൂണിസത്തെ പ്രമേയമാക്കി നിരവധി ചിത്രങ്ങൾ ഇറങ്ങിയത്.
കെപിഎസിയുടെ ഒരു സാമൂഹിക രാഷ്ട്രീയ നാടകമാണ് നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി. തോപ്പിൽ ഭാസി രചിച്ച ഈ അദ്ദേഹം അതേ പേരിൽ സിനിമയാക്കി. ഇന്ത്യയിലെ മറ്റിടങ്ങളിൽ എന്നപോലെ തന്നെ കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കാനും കീഴാളരുടെ ഉയർച്ചക്കും ആഹ്വാനം ചെയ്ത സിനിമയായിരുന്നു അത്. പരമുപിള്ള എന്ന ഉയർന്നജാതിയിൽപെട്ട ആൾ കമ്മ്യുണിസ്റ്റ് ആവുന്നതാണ് കഥ.
കമ്മ്യൂണിസത്തിന്റെ പേരിൽ കച്ചവടവത്ക്കരിക്കപ്പെട്ട സിനിമയായിരുന്നു ടോം ഇമ്മട്ടിയുടെ മെക്സിക്കൻ അപാരത. നായകനേക്കാൾ മികച്ച് നിന്നത് സഖാവ് സുഭാഷിന്റെ വേഷം ചെയ്ത നീരജ് മാധവ് ആയിരുന്നു. ഒരു അംശമെങ്കിലും യഥാർത്ഥ സഖാവ് എന്താണെന്ന് കാണിച്ച് തരാൻ (അൽപ്പമെങ്കിലും) സംവിധായകന് കഴിഞ്ഞത് സഖാവ് സുഭാഷിന്റെ അവസാന സീനുകളിലൂടെയായിരുന്നു.
കമ്മ്യൂണിസം എന്താണെന്ന് അറിയാതെ അല്ല ടോം ഇമ്മട്ടി ആ സിനിമ ചുവപ്പിച്ചത്. കമ്മ്യൂണിസത്തിന്റെ വര്‍ത്തമാനകാലാവസ്ഥയിലെ ഇന്ത്യന്‍ പാഠം എന്താണെന്ന് മനസ്സിലാക്കാനെങ്കിലും ആ സിനിമയിലൂടെ കഴിഞ്ഞു എന്നത് സത്യം. കേരളത്തിലെ ചുവപ്പിന്റെ ബലത്തിൽ മാത്രം മുന്നോട്ട് പോയ സിനിമയായിരുന്നു ഇത്. പക്ഷേ, ഒന്നു പറയാതിരിക്കാൻ ആകില്ല 'കട്ട കലിപ്പിന്റെ പുത്തൻ പ്രതീകം' തന്നെയായിരുന്നു മെക്സിക്കൻ അപാരത.
ചുവപ്പ് ഒരു ആവേശമാണ്. ചെങ്കൊടി പിടിയ്ക്കുമ്പോൾ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ ഉടലെടുക്കുന്ന ആത്മവിശ്വാസമുണ്ട്. അതിനെ ബിഗ് സ്ക്രീനിൽ കാണിക്കുന്ന കാര്യത്തിൽ പണ്ട് പലരും മികച്ച് നിന്നിരുന്നു. അതിൽ അവസാനത്തെ പേരാണ് സഖാവ് കൃഷ്ണൻ. കമ്മ്യൂണിസം കനത്ത പ്രതിസന്ധികൾ നേരിടുന്ന സമയത്താണ് സിദ്ധാർത്ഥ് ശിവയും നിവിൻ പോളിയും സഖാവുമായി എത്തിയതെന്നതും ശ്രദ്ധേയം. സഖാവ് പുത്തൻ ആശയത്തെയാണ് മുന്നോട്ട് വെയ്ക്കുന്നതെന്ന് ഒരിക്കലും പറയാൻ ആകില്ല. എന്നാൽ, അതിന്റെ അവതരണത്തിൽ പുതുമ കൊണ്ടുവരാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇൻക്വലാബ് സിന്ദാബാദ് എന്ന് മുഷ്ടി ചുരുട്ടി ഒരു സഖാവ് വിളിച്ചാൽ തിരിച്ച് അതേറ്റു വിളിക്കാൻ ഒരായിരം സഖാക്കൾ ഉണ്ടായിരുന്നു ഈ കേരളത്തിൽ. ഇന്നും അതിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ, എവിടെയോ ചില പാകപ്പിഴകൾ സംഭവിച്ചതിനാലാകാം, ഇൻക്വലാബ് വിളിക്കാൻ കൈകൾ ഉണ്ടെങ്കിലും മനസ്സറിഞ്ഞ് വിളിക്കാൻ പലർക്കും കഴിയുന്നില്ല. ഇന്നലെകളിൽ ജീവിയ്ക്കരുതെന്ന് പറയുന്നവരുണ്ട്. എന്നാൽ, യഥാർത്ഥ സഖാക്കൾ ഇന്നലെകളിലാണ് ജീവിച്ചിരുന്നത്. അവരെ കാണണം, കണ്ടു കൊണ്ട് വളരണം, അറിഞ്ഞു കൊണ്ട് ലാൽ സലാം പറയണം. അതാണ് ഒരു കമ്മ്യൂണിസ്റ്റ് ചെയ്യേണ്ടത്.
കമ്യൂണിസം രക്തത്തില്‍ കലര്‍ന്ന കഥാപാത്രങ്ങളെ കേന്ദ്രമാക്കി സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന കാലമാണല്ലോ. ഒരു മെക്സിക്കന്‍ അപാരതയും സഖാവും വന്നുകഴിഞ്ഞു. സി ഐ എ(കോമ്രേഡ് ഇന്‍ അമേരിക്ക) ഉടന്‍ വരാനിരിക്കുന്നു.