മമ്മൂട്ടിക്ക് വേണ്ടി പ്രഭുദേവ എത്തി, ചരിത്രം ആവർത്തിക്കുന്നു?!

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (12:34 IST)
സം‍വിധായകന്‍ ജയരാജ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ആദ്യ സിനിമാ പരീക്ഷണമാണ്‌ ‘ജോണി വാക്കര്‍’. 1992ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. രഞ്ജിത്ത് തിരക്കഥ എഴുതിയ സ്‌റ്റൈലിഷ് ചിത്രമാണ് ജോണി വാക്കര്‍. നാല്‍പതുകാരനായ ജോണി വാക്കര്‍ അനുജന്‍ പഠിക്കുന്ന ബാംഗ്ലൂരിലെ കോളേജില്‍ പഠിക്കാന്‍ വരുന്നതും തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥ.
 
ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ‘ശാന്തമീ രാത്രിയിൽ വാദ്യഘോഷാദ്രികൾ കൊണ്ടുവാ’ എന്ന് തുടങ്ങുന്ന ഗാനം. അധികം ആർക്കും അറിയാത്ത കാര്യമെന്തെന്നാൽ ഈ ചിത്രത്തിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്  ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ ആണെന്നതാണ്. 
 
ആ കാലത്ത് മമ്മൂട്ടി ഏറ്റവും മനോഹരമായി ഡാൻസ് ചെയ്ത ഗാനങ്ങളിലൊന്നാണ് ഇത്. മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കാൻ കഴിയുന്ന രീതിയിലായിരുന്നു പ്രഭുദേവ കൊറിയോഗ്രഫി ചെയ്തത്. ചിത്രം റിലീസ് ചെയ്ത് 26 വർഷങ്ങൾ പിന്നിടുമ്പോൾ മമ്മൂട്ടിയും പ്രഭുദേവയും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. 
 
വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിൽ മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കുന്നത് പ്രഭുദേവ ആണെന്നാണ് സൂചന. മമ്മൂട്ടിയുടെ നൃത്തരംഗങ്ങളാൽ സമൃദ്ധമായിരിക്കും ഈ ഫാമിലി ആക്ഷൻ എൻറർടെയ്‌നർ എന്നാണ് റിപ്പോർട്ടുകൾ. 
 
സിദ്ദിക്ക് സംവിധാനം ചെയ്ത ബോഡിഗാർഡിനായാണ് ഒടുവിൽ മലയാളത്തിൽ പ്രഭുദേവ ഡാൻസ് രംഗങ്ങൾ ഒരുക്കിയത്. പീറ്റർ ഹെയ്‌ൻ ആണ് മധുരരാജയുടെ ആക്ഷൻ കോറിയോഗ്രാഫി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article