മമ്മൂട്ടി നേരേ വാ നേരേ പോ എന്ന രീതിയുടെ ആളാണ്. പറയാനുള്ളത് മുഖത്തുനോക്കി പറയും. അതുപോലെ തന്നെയാണ് അഭിനയത്തിലും. ഏത് കഥാപാത്രമാണെങ്കിലും ഏറ്റവും സത്യസന്ധതയോടെ അവതരിപ്പിക്കും. ആ അഭിനയം കണ്ടാല്‍ അത് അഭിനയമാണെന്ന് തോന്നില്ല. അനുഭവങ്ങളുടെ ഉള്‍ക്കരുത്താണ് മമ്മൂട്ടിക്ക് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നത്.
എന്നാല്‍ ഒരിക്കല്‍ മാത്രം മമ്മൂട്ടി കള്ള ആക്ടിംഗ് ചെയ്തു. അതേക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: “ഹരികൃഷ്ണൻസിൽ ജൂഹി ചൗള ഉണ്ടാക്കി കൊണ്ടുവരുന്ന ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന രംഗമുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നിൽ ഇരുന്നപ്പോൾ വിളമ്പിയത് സാധാരണയിലും നല്ല രുചിയുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണത്തെ കുറ്റം പറയാൻ അന്നും ഇന്നും എനിക്ക് സങ്കടമാണ്. പക്ഷേ കുറ്റം പറയുന്നതാണ് സീൻ. അങ്ങനെ നല്ല ഭക്ഷണം നല്ല രുചിയോടെ കഴിക്കുന്നു. ചീത്ത ഭക്ഷണമാണെന്ന മട്ടിൽ അഭിനയിക്കുന്നു ! ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ കള്ള ആക്ടിങ് ചെയ്തത്” - മനോരമയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.
''ഹരികൃഷ്ണൻസിന്റെ സെറ്റില്‍ സുലുവിന്‍റെ വക പൊതിച്ചോറ് എനിക്കായി കൊണ്ടുവന്നപ്പോള്‍ മോഹന്‍ലാല്‍ അടുത്തു കൂടി.. എന്താ ഇത്?. ഇലപ്പൊതിയെന്നു കേട്ടതോടെ ലാൽ അതു തട്ടിയെടുത്തു. നല്ല രുചിയുണ്ടല്ലോ എന്നു പറഞ്ഞ് മുഴുവൻ അകത്താക്കി. അന്നു ഞാൻ പട്ടിണി. പിറ്റേ ദിവസം എനിക്കും ലാലിനും ഉൾപ്പെടെ നാലഞ്ചു പൊതിച്ചോറ് വന്നു. പിന്നെയത് പത്തും പതിനഞ്ചും ഇരുപതുമൊക്കെയായി.. ഒരുപാടു പേർ ആവശ്യക്കാരായി. ഞാനതൊന്നു പരിഷ്കരിച്ചു ബിരിയാണിയാക്കി. പിന്നെ സെറ്റിൽ എല്ലാവർക്കും ഒരു ദിവസം ബിരിയാണി എന്റെ വക” - മമ്മൂട്ടി വ്യക്തമാക്കുന്നു.