ജോർജ് മുതൽ അക്ബർ വരെ: അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച നിവിൻ പോളിയുടെ 5 സിനിമകൾ

നിഹാരിക കെ എസ്
വെള്ളി, 11 ഒക്‌ടോബര്‍ 2024 (12:12 IST)
അടുത്ത വീട്ടിലെ പയ്യൻ ഇമേജ് ആണ് നിവിൻ പോളിക്ക് മലയാളികളുടെ മനസ്സിൽ. വിനീത് ശ്രീനിവാസന്റെ കാൻവാസിലൂടെ മലയാള സിനിമയിൽ ചുവടുവെച്ച നിവിൻ പോളി, തന്റെ വ്യത്യസ്തമായ അഭിനയ മികവിലൂടെ മലയാള സിനിമയിൽ ഇതിനോടകം തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ഹൃദയസ്പർശിയായ റൊമാൻ്റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ച് താൻ നല്ലൊരു കാമുകനാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. തീവ്രമായ നാടകീയ വേഷങ്ങൾ ചെയ്തും, ഹാസ്യ കഥാപാത്രങ്ങൾ ചെയ്തും, അഭിനയത്തിൽ വെല്ലുവിളികൾ നിറഞ്ഞ മൂത്തോനിലെ അക്ബർ പോലെയുള്ള കഥാപാത്രങ്ങൾ ചെയ്തും ഒരു നടനെന്ന നിലയിൽ നിവിൻ തൻ്റെ കഴിവും റേഞ്ചും സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. 
 
ഒരുകാലത്ത് നിവിൻ പോളി ചിത്രങ്ങൾക്ക് ലഭിച്ചിരുന്ന സ്വീകാര്യത വളരെ വലുതായിരുന്നു. മലയാള സിനിമാ വ്യവസായത്തിലെ ഒരു മികച്ച താരമെന്ന നിലയിൽ നിവിൻ തന്റെ സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രത്യക്ഷത്തിൽ ഹിറ്റുകളൊന്നും നിവിൻ പോളിക്കില്ല. എന്നിരുന്നാലും നിവിൻ എന്ന നടനെ മലയാളികൾ കണ്ടറിഞ്ഞ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം എന്നും വൻ സ്വീകാര്യതയാണ്. അത്തരത്തിൽ അഞ്ച് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം;
 
തട്ടത്തിൻ മറയത്ത്:
 
മലയാള സിനിമയിലെ ഏറ്റവും മികച്ച റൊമാൻ്റിക് ചിത്രങ്ങളിലൊന്നായാണ് തട്ടത്തിന് മറയത്ത് അറിയപ്പെടുന്നത്. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രണയവും സംഗീതവും മനോഹരമായി ഇഴചേർത്തിരിക്കുന്നു. നിവിൻ പോളിയെ ഹിറ്റ് നടൻ എന്ന ലിസ്റ്റിലേക്ക് ഉപ്പെടുത്തിയ ചിത്രമാണിത്. ആയിഷയെ പ്രണയിച്ച വിനോദ്. വിനോദ് എന്ന അതികായത്വം തീരെയില്ലാത്ത, ഹീറോയിക് അല്ലാത്ത, ഒരു സാധാരണക്കാരനായ കാമുകനായി നിവിൻ പോളി സ്‌ക്രീനിൽ പകർന്നാടുകയായിരുന്നു.
 
പ്രേമം:
 
മലയാള സിനിമയിലും നിവിൻ പോളിയുടെ കരിയറിലെ ഏറെ വഴിത്തിരിവായ ചിത്രമാണ് പ്രേമം. ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ പ്രണയത്തിൻ്റെ ഉയർച്ച താഴ്ചകളിലൂടെ സഞ്ചരിക്കുന്ന ജോർജ് എന്ന യുവാവ് ആയിട്ടാണ് നിവിൻ തിളങ്ങിയത്. പ്രേമം അൽഫോൻസ് പുത്രന്റെ കൾട്ട് സിനിമയായി വാഴ്ത്തപ്പെടുന്ന. അതുപോലൊന്ന് അതിനു മുൻപോ അതിനു ശേഷമോ ഉണ്ടായിട്ടില്ല. നിരവധി അവാർഡുകൾ വാങ്ങാൻ ചിത്രത്തിനായി. പ്രണയത്തിൻ്റെയും ഹൃദയഭേദകത്തിൻ്റെയും തിരിച്ചറിവിന്റെയും സൗന്ദര്യത്തെ സമർത്ഥമായി പകർത്തപ്പെട്ട ചിത്രം കൂടിയാണ് പ്രേമം. വ്യത്യസ്തമായ കഥപറച്ചിൽ, അവിസ്മരണീയമായ സംഗീതം, മനോഹരമായ ദൃശ്യങ്ങൾ, അഭിനേതാക്കൾ തമ്മിലുള്ള രസകരമായ ബോണ്ടിങ് എന്നിങ്ങനെ പോകുന്നു പ്രേമത്തിന്റെ പ്രത്യേകതകൾ.
 
ആക്ഷൻ ഹീറോ ബിജു 
 
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് കാണിക്കുന്നത്.  നിയമപാലകർ അവരുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളിലും കടമകളിലും ഊന്നിയാണ് സിനിമ മുന്നോട്ട് പോകുന്നത്. പരമ്പരാഗത ആക്ഷൻ-പാക്ക്ഡ് പോലീസ് ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി, പോലീസ് ജോലിയുടെ അടിസ്ഥാനപരമായ പ്രവർത്തനം, നർമ്മം, അവർ കടന്നു പോകുന്ന ഇമോഷൻസ്, ആക്ഷൻ എന്നിവ കഥാഗതിയിൽ സംയോജിപ്പിച്ചുകൊണ്ട് വേറിട്ടൊരു സിനിമാ അനുഭവമാണ് ഈ ചിത്രം നൽകുന്നത്. സബ്-ഇൻസ്‌പെക്ടർ ബിജു പൗലോസ് എന്ന കടുംപിടുത്തക്കാരനും നീതിമാനുമായ പോലീസ് ഓഫീസറായി നിവിൻ പോളിയെ തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകർ കണ്ടു.   
 
1983 
 
1983-ലെ രമേശനെ ഒരുവിധം യുവാക്കൾക്കെല്ലാം കണക്ട് ആകും. ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള ആഗ്രഹം, നഷ്ടം തുടങ്ങി ഒരുപാട് വികാരങ്ങളടങ്ങിയ ഒരു സാധാരണക്കാരന്റെ സത്തയെ നിവിൻ പോളി നന്നായി പകർത്തി. കളിയോടുള്ള സ്‌നേഹവും ജീവിതത്തിൻ്റെ ഉത്തരവാദിത്തങ്ങളും സന്തുലിതമാക്കുന്ന ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഹൃദയംഗമമായ പ്രകടനം രമേശനെ അവിസ്മരണീയവും ആപേക്ഷികവുമായ കഥാപാത്രമാക്കി മാറ്റി.
 
മൂത്തോൻ
 
നിവിന്റെ അഭിനയ മികവിനെ കുറിച്ച് പറയുമ്പോൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത ചിത്രമാണ് മൂത്തോൻ. നിവിൻ പോളിയെയും റോഷൻ മാത്യുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'മൂത്തോൻ'. സ്വവർഗ പ്രണയം അതിന്റെ എല്ലാ തീവ്രതയിലും കൈകാര്യം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്.   
 
NB: ജൂഡിലെ ജൂഡ് എന്ന കഥാപാത്രം, ബാംഗ്ലൂർ ഡെയ്‌സിലെ കുട്ടൻ, ഓം ശാന്തി ഓശാനയിലെ ഗിരി ഈ കഥാപാത്രങ്ങളും പ്രേക്ഷർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article