പൊന്നുച്ചാമി ഇല്ലാതാക്കിയത് ഒരു ലോഹിതദാസ് സിനിമയെ, പകരം ‘വളയം’ എഴുതി!
ശനി, 17 ഫെബ്രുവരി 2018 (19:21 IST)
കഥകള്‍ തേടി അലയുമായിരുന്നു ലോഹിതദാസ്. ചിലപ്പോള്‍ പെട്ടെന്നുതന്നെ നല്ല കഥ ലഭിക്കും. ചിലപ്പോള്‍ ദിവസങ്ങളോളം കാത്തിരുന്നാലും കഥയുടെ മഴ ഉള്ളിലേക്ക് പെയ്യുകയില്ല. സിബി മലയിലിന്റെ പുതിയ സിനിമയ്ക്കായി ഒരു കഥ ആലോചിക്കുകയായിരുന്നു അന്ന് ലോഹിതദാസ്. 1992ലെ കാര്യമാണ് പറഞ്ഞുവരുന്നത്.
ഒരുപാടാലോചിച്ചിട്ടും കഥയുടെ കാര്‍മേഘങ്ങള്‍ ലോഹിയുടെ ഉള്ളില്‍ നിറഞ്ഞില്ല. ഒടുവില്‍ വെറുതെ യാത്രചെയ്യാമെന്ന് തീരുമാനിച്ചു ലോഹി. കാര്‍ ഡ്രൈവ് ചെയ്ത് ലോഹി കഥകള്‍ ആലോചിച്ചു. പാലക്കാട് എത്തുന്നതിന് മുമ്പ് കുഴല്‍മന്ദം കാളച്ചന്തയ്ക്കടുത്ത് ലോഹി വണ്ടി നിര്‍ത്തി.
കാളക്കച്ചവടം പൊടിപൊടിക്കുകയായിരുന്നു അവിടെ. വലിയ തോതില്‍ കാളകളെ ലേലം ചെയ്യുന്നു. ഒരു തുക അഡ്വാന്‍സ് വാങ്ങി കാളകളെ കയറ്റി അയയ്ക്കുന്നു. മറ്റേതെങ്കിലും ചന്തയില്‍ വച്ച് കച്ചവടമാക്കാനാണ്. അവിടെവച്ച് മൊത്തം തുക കൈമാറും. അങ്ങനെ കാളത്തരകുകാരുടെ വിചിത്ര സംഭാഷണങ്ങളും രീതികളുമെല്ലാം കണ്ട് ലോഹി അവര്‍ക്കിടയിലൂടെ നടന്നു.
വലിയ വിശ്വാസ്യത വേണ്ട ഇടപാടാണ് കാളക്കച്ചവടമെന്ന് ലോഹിക്ക് മനസിലായി. ഇവിടെ ഒരു ചതി നടന്നാല്‍ എന്തൊക്കെ സംഭവിച്ചുകൂടാ? ഒരു കഥയുടെ ഇടിമുഴക്കം ലോഹിയുടെ ഉള്ളില്‍ മുഴങ്ങിത്തുടങ്ങി.
ലോഹി ഉടന്‍ തന്നെ സിബി മലയിലിനെ വിളിച്ച് കാര്യം പറഞ്ഞു. സിബിക്കും ത്രെഡ് ഇഷ്ടമായി. കഥയുടെ കൂടുതല്‍ വശങ്ങള് ആലോചിക്കാന്‍ പറഞ്ഞു. ‘ലോഹിയും സിബിയും കാളത്തരകുകാരുടെ കഥയുമായി വരുന്നു’ എന്ന് ചില സിനിമാപ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയും വന്നു.
എന്നാല്‍ ആ സമയത്താണ് ‘പൊന്നുച്ചാമി’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലോഹിയെയും സിബിയെയും സമീപിക്കുന്നത്. ‘പൊന്നുച്ചാമി’ എന്ന ചിത്രവും കാളത്തരകുകാരുടെ ജീവിതം പ്രമേയമാക്കിയുള്ളതാണെന്ന് അവര്‍ സിബിയെയും ലോഹിയെയും ബോധ്യപ്പെടുത്തി. അങ്ങനെ ആ കഥയെഴുതുന്നതില്‍ നിന്ന് ലോഹി പിന്മാറി.
തുടര്‍ന്ന് ലോഹി കണ്ടെത്തിയ കഥയാണ് ‘വളയം’ എന്ന ചിത്രം. പൊന്നുച്ചാമി റിലീസാകുകയും ശരാശരി വിജയം മാത്രം നേടുകയും ചെയ്തു. കാളത്തരകുകാരുടെ കഥ സിനിമയാക്കാന്‍ പിന്നീട് ലോഹിക്ക് കഴിഞ്ഞതുമില്ല.