കിലുക്കം 2 പരാജയപ്പെട്ടത് കുഞ്ഞച്ചന്‍ 2 വൈകാന്‍ കാരണമായി!

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (15:48 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളാണ് മോഹന്‍ലാലിന്‍റെ കിലുക്കവും മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനും. കുറച്ചുകാലം മുമ്പ് കിലുക്കത്തിന് രണ്ടാം ഭാഗം വന്നു - കിലുക്കം കിലുകിലുക്കം എന്നായിരുന്നു പേര്. കോട്ടയം കുഞ്ഞച്ചന് ഇപ്പോള്‍ രണ്ടാം ഭാഗം വരികയാണ്.
 
28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടയം കുഞ്ഞച്ചന്‍ റിലീസായത്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ടി എസ് സുരേഷ്ബാബുവായിരുന്നു സംവിധാനം. ചിത്രം മലയാള സിനിമയില്‍ തരംഗമായി. മമ്മൂട്ടിയുടെ ഏറ്റവും നല്ല അച്ചായന്‍ കഥാപാത്രമായി കുഞ്ഞച്ചന്‍ മാറി.
 
എന്തുകൊണ്ടാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമുണ്ടാകാന്‍ ഇത്രയും വൈകിയത്? അതിനൊരു പ്രധാന കാരണം ഡെന്നിസ് ജോസഫിന് രണ്ടാം ഭാഗമെഴുതാന്‍ താല്‍പ്പര്യമില്ലായിരുന്നു എന്നതാണ്. തന്‍റെ ഒരു സിനിമയ്ക്കും രണ്ടാം ഭാഗമെഴുതാന്‍ ഡെന്നിസ് താല്‍പ്പര്യപ്പെട്ടില്ല. എന്നാല്‍ സംവിധായകന്‍ സുരേഷ്ബാബു ഈ സിനിമയ്ക്ക് രണ്ടാംഭാഗമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
 
അങ്ങനെയാണ് മറ്റ് തിരക്കഥാകൃത്തുക്കളെ സമീപിച്ച് രണ്ടാം ഭാഗം ചെയ്യാന്‍ ശ്രമിച്ചത്. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിനോട് ഡെന്നിസ് തന്നെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമെഴുതാമോ എന്ന് ആരാഞ്ഞിരുന്നു. കിലുക്കത്തിന്‍റെ രണ്ടാം ഭാഗം അവരാണ് എഴുതിയത്. ആ ചിത്രം പരാജയപ്പെട്ടതോടെ കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗമെന്ന സ്വപ്നം അവര്‍ ഉപേക്ഷിച്ചു.
 
പിന്നീട് രണ്‍ജി പണിക്കരോട് രണ്ടാംഭാഗമെഴുതാമോ എന്ന് ഡെന്നിസ് ചോദിച്ചു. രണ്‍ജിക്ക് താല്‍പ്പര്യമായിരുന്നു. എന്നാല്‍ അഭിനയത്തിന്‍റെ തിരക്ക് കാരണം കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമെഴുതാന്‍ രണ്‍ജിക്കും കഴിഞ്ഞില്ല.
 
ഒടുവില്‍ മിഥുന്‍ മാനുവല്‍ തോമസ് ആ സ്വപ്നം പൂര്‍ത്തിയാക്കുകയാണ്. ആട് 2 എന്ന മെഗാഹിറ്റാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം സൃഷ്ടിക്കാന്‍ മിഥുന് ധൈര്യം നല്‍കുന്നത്. വലിയ പ്രതീക്ഷയാണ് ഈ പ്രൊജക്ടിനെപ്പറ്റി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മിഥുന് ഈ പ്രൊജക്ട് കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article