4 മാസം, 6 മെഗാഹിറ്റുകള്‍, നിവിന്‍ പോളി ഈ വര്‍ഷത്തെയും താരമാകുമോ? !

വെള്ളി, 29 ഏപ്രില്‍ 2016 (16:51 IST)
മലയാള സിനിമയില്‍ ഈ നാലുമാസക്കാലത്തിനിടയില്‍ നാല്‍പ്പതോളം സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ മുപ്പതും പൊട്ടിപ്പൊളിഞ്ഞു. ബാക്കി പത്ത് ചിത്രങ്ങള്‍ നിര്‍മ്മാതാക്കളുടെ പോക്കറ്റ് നിറച്ചു.
 
ഇതില്‍ ആറ്‌ ചിത്രങ്ങള്‍ കോടികള്‍ വാരി മെഗാഹിറ്റുകളായി. പൃഥ്വിരാജിന്‍റെ പാവാട, ഫഹദ് ഫാസിലിന്‍റെ മഹേഷിന്‍റെ പ്രതികാരം, ദിലീപിന്‍റെ കിംഗ് ലയര്‍, ദുല്‍ക്കര്‍ സല്‍മാന്‍റെ കലി എന്നിവയാണ് വമ്പന്‍ ഹിറ്റുകളായ നാല് ചിത്രങ്ങള്‍.

ബാക്കിയുള്ള രണ്ട് സിനിമകള്‍ നിവിന്‍ പോളിയുടെ വകയാണ്. ആക്ഷന്‍ ഹീറോ ബിജുവും ജേക്കബിന്‍റെ സ്വര്‍ഗരാജ്യവും. ഇതില്‍ ആക്ഷന്‍ ഹീറോ ബിജു 30 കോടിക്ക് മേല്‍ സമ്പാദിച്ചു. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം 15 കോടിയും കടന്ന് കുതിക്കുന്നു.
 
യുവതാരങ്ങള്‍ക്കൊക്കെ വിജയം നേടാനായെങ്കിലും ആദ്യ നാലുമാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് മെഗാഹിറ്റുകള്‍ സ്വന്തമാക്കി നിവിന്‍ പോളി ഒന്നാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. പൃഥ്വിരാജിന്‍റെ ഡാര്‍വിന്‍റെ പരിണാമം എന്നൊരു സിനിമ കൂടി റിലീസ് ചെയ്തെങ്കിലും ശരാശരി കളക്ഷനില്‍ ഒതുങ്ങിയിരുന്നു. ഇതിനിടെ മമ്മൂട്ടിയുടെ ‘പുതിയ നിയമം’ എന്ന സിനിമ ബോക്സോഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

വെബ്ദുനിയ വായിക്കുക