1991ലാണ് സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത ‘ഗോഡ്ഫാദര്‍’ പ്രദര്‍ശനത്തിനെത്തിയത്. 12 ലക്ഷം രൂപ മുതല്‍ മുടക്കിയ ചിത്രത്തില്‍ മുകേഷായിരുന്നു നായകന്‍. ചിത്രം അഞ്ചുകോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടി. സാറ്റലൈറ്റ് റൈറ്റുള്‍പ്പടെ വേറെയും ബിസിനസുകളിലൂടെ ചിത്രത്തിന് വന്‍ സാമ്പത്തിക നേട്ടമുണ്ടായി. സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു ചിത്രം നിര്‍മ്മിച്ചത്.
പതിവില്‍ നിന്ന് വ്യത്യസ്തമായി റിവേഴ്സ് മൂഡിലാണ് സിദ്ദിക്കും ലാലും ഗോഡ്ഫാദറിന്‍റെ കഥ തയ്യാറാക്കിയത്. ‘പുരനിറഞ്ഞുനില്‍ക്കുന്ന ആണ്‍മക്കള്‍’ എന്നതായിരുന്നു ആശയം. ഇതേ ഫോര്‍മാറ്റില്‍ രണ്ടുവര്‍ഷത്തിന് ശേഷം വന്ന ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന സിനിമയും വന്‍ ഹിറ്റായി.
ഗോഡ്ഫാദറില്‍ മുകേഷിന് പുറമേ തിലകന്‍, ഇന്നസെന്‍റ്, ഭീമന്‍ രഘു, സിദ്ദിക്ക്, കനക, ഫിലോമിന, കെ പി എ സി ലളിത, ജഗദീഷ് തുടങ്ങിയവരും താരങ്ങളായി. നാടകാചാര്യന്‍ എന്‍ എന്‍ പിള്ള കേന്ദ്ര കഥാപാത്രമായ അഞ്ഞൂറാനേയും ഫിലോമിന്‍ ആനപ്പാറ അച്ചമ്മയേയും അനശ്വരമാക്കി.
സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയായിരുന്നു ഗോഡ്ഫാദര്‍. തിരുവനന്തപുരം ശ്രീകുമാറില്‍ ഈ സിനിമ 405 ദിവസം പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ടു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഗോഡ്ഫാദറാണ്.
കനകയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഗോഡ്ഫാദര്‍. പിന്നീട് മലയാളത്തിലെ തിരക്കേറിയ നായികയായ കനക സിദ്ദിക്ക് ലാലിന്‍റെ അടുത്ത ചിത്രമായ വിയറ്റ്‌നാം കോളനിയിലും നായികാ കഥാപാത്രത്തെ ഗംഭീരമാക്കി.
ജനപ്രീതിനേടിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ആ വര്‍ഷം ഗോഡ്ഫാദറിനായിരുന്നു. ഒട്ടേറെ ഭാഷകളിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടെങ്കിലും ഹിന്ദിയില്‍ പ്രിയദര്‍ശന്‍ ചെയ്ത ഹല്‍ചല്‍ എന്ന റീമേക്കാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.