പ്രിയദര്ശന് ചിത്രം ‘ഒപ്പം’ അശ്വമേധം തുടരുകയാണ്. സമീപകാലത്തെ എല്ലാ സിനിമകളെയും ബഹുദൂരം പിന്നിലാക്കിയെന്നുമാത്രമല്ല, മലയാള സിനിമയുടെ സര്‍വ്വ റെക്കോര്‍ഡുകളും തകര്‍ത്തെറിയുകയാണ് ഈ മോഹന്‍ലാല്‍ സിനിമ. ഓരോ ദിവസവും കളക്ഷന്‍ കൂടിക്കൂടി വരുന്നു. തിയേറ്ററുകള്‍ ജനസമുദ്രങ്ങളാവുന്നു.
മലയാള സിനിമാ ലോകത്ത് അത്ര സുപരിചിതമല്ല തുടര്‍ച്ചയായ അഡീഷണല്‍ ഷോകള്‍. സെക്കന്റ് ഷോ കഴിഞ്ഞും ഒപ്പം കളിക്കുന്ന തിയേറ്ററുകള്‍ അഡീഷണല്‍ ഷോകള്‍ക്ക് നിര്‍ബന്ധിതരാകുന്നത് അനിയന്ത്രിതമായ ജനത്തിരക്കിന് അല്‍പ്പമെങ്കിലും ആശ്വാസം കണ്ടെത്താനാണ്. ഒപ്പം കാണാനെത്തുന്നവര്‍ക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലെന്ന് സാരം.
കേരളത്തില്‍ നിന്ന് മാത്രം ആദ്യത്തെ ഒമ്പത് ദിവസം കൊണ്ട് 16.15 കോടി രൂപയാണ് ചിത്രത്തിന് കളക്ഷന്‍. പ്രേമം 15 ദിവസം കൊണ്ട് 20 കോടി തികച്ചെങ്കില്‍ ഒപ്പം വെറും 12 ദിവസം കൊണ്ട് 20 കോടി എന്ന മാജിക് സംഖ്യ മറികടക്കും. വെറും 6.8 കോടി രൂപയാണ് പ്രിന്റും പബ്ലിസിറ്റിയുമടക്കം ഒപ്പത്തിന് ചെലവ് വന്നിട്ടുള്ളത്. ആശീര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഈ രീതിയില്‍ മുന്നോട്ടുപോകുകയാണ് എങ്കില്‍ സമാനതകളില്ലാത്ത ബ്ലോക് ബസ്റ്ററായി ഒപ്പം മാറും എന്നതില്‍ സംശയമില്ല. മലയാളത്തിലെ വിസ്മയ വിജയങ്ങളായ ദൃശ്യമോ പ്രേമമോ ഒന്നും ഒപ്പത്തിന്റെ ബോക്സോഫീസ് മുന്നേറ്റത്തിന് മുന്നില്‍ ഒന്നുമല്ലാതെയായിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.