ദൃശ്യം മാജിക്ക് തെലുങ്കിലും, ഭൂമികുലുക്കുന്ന വിജയം!

Webdunia
ശനി, 12 ജൂലൈ 2014 (15:12 IST)
തെന്നിന്ത്യയിലാകെ ദൃശ്യം തരംഗം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം കന്നഡയിലും തെലുങ്കിലും വിസ്മയവിജയം നേടുകയാണ്. കന്നഡയില്‍ രവിചന്ദ്രന്‍ നായകനായ 'ദൃശ്യ' കന്നഡ സിനിമാരംഗത്തെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്നു. വെള്ളിയാഴ്ചയാണ് തെലുങ്ക് റീമേക്ക് 'ദൃശ്യം' റിലീസ് ചെയ്തത്. തെലുങ്ക് പ്രേക്ഷകര്‍ ഈ സിനിമ കണ്ട് അന്തം വിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസ് മസാല സിനിമകളുടെ നാടായ തെലുങ്ക് സിനിമാലോകത്ത് ദൃശ്യം പുതിയ ചരിത്രമെഴുതുകയാണ്. ഭൂമികുലുക്കുന്ന വിജയമാണ് തെലുങ്ക് ദൃശ്യം നേടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. വെങ്കിടേഷ് നായകനായ തെലുങ്ക് ദൃശ്യത്തില്‍ മീന തന്നെയാണ് നായിക.

വെങ്കിടേഷിന്‍റെ പുതിയ മുഖം കണ്ട് അമ്പരന്നിരിക്കുന്ന തെലുങ്ക് സിനിമാ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു. ഇതുപോലെ ഒരു സിനിമ തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകാഭിപ്രായം. ആശാ ശരത് മലയാളത്തിലും കന്നഡയിലും അനശ്വരമാക്കിയ പൊലീസ് ഐജി വേഷം തെലുങ്കില്‍ നദിയാ മൊയ്തു ഗംഭീരമാക്കി.

കന്നഡയില്‍ പി വാസുവും തെലുങ്കില്‍ ശ്രീപ്രിയയുമാണ് ദൃശ്യം സംവിധാനം ചെയ്തത്. ഇനി തമിഴിലാണ് ദൃശ്യം സംഭവിക്കാന്‍ പോകുന്നത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനാണ് നായകന്‍. ഗൌതമി നായികയാകും.