ദിലീപ് താരമല്ല, നമ്മുടെ അയല്‍‌പക്കത്തെ പയ്യന്‍!

Webdunia
ശനി, 5 മാര്‍ച്ച് 2011 (19:17 IST)
PRO
മലയാള സിനിമ താരസമ്പന്നമാണ്. സൂപ്പര്‍താരങ്ങളുടെ ഭരണം ആദ്യകാലം മുതല്‍ തുടര്‍ന്നു പോരുന്നു. പ്രേം‌നസീറും ജയനും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ മലയാള സിനിമയുടെ അടയാള നക്ഷത്രങ്ങള്‍. മെഗാ-സൂപ്പര്‍താരങ്ങളും കുട്ടിത്താരങ്ങളും ലിറ്റില്‍ സൂപ്പര്‍സ്റ്റാറുകളുമൊക്കെ ധാരാളം. സൂപ്പര്‍താരമാകാനുള്ള ശ്രമം നടത്തുകയും എങ്ങുമെത്താതെ പോകുകയും ചെയ്യുന്ന ഇടക്കാലതാരങ്ങളും അനവധി.

എന്നാല്‍ ഈ കള്ളികളിലൊന്നും പെടാത്ത ഒരു നടനുണ്ട് മലയാളത്തിന് - ദിലീപ്. നമ്മുടെയെല്ലാം അയല്‍‌പക്കത്തെ പയ്യന്‍. സിനിമയില്‍ വന്ന അന്നുമുതല്‍ ഇന്നുവരെ ആ നടനോട് സ്നേഹം മാത്രമേ നമുക്കുള്ളൂ. ആബാലവൃദ്ധം ജനങ്ങള്‍ക്കും ദിലീപിനെ ഇഷ്ടമാണ്. ദിലീപിന്‍റെ സിനിമകള്‍ കാണുകയാണ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട വിനോദമെന്ന് 98കാരനായ കേരളാ സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പോലും പറയുന്നു.

അഞ്ചുവയസുള്ള കുട്ടികള്‍ പോലും പറക്കും തളികയിലെയും തെങ്കാശിപ്പട്ടണത്തിലെയും കല്യാണരാമനിലെയും ദിലീപ് തമാശകള്‍ ആസ്വദിക്കുന്നു. സീരിയസ് സിനിമകള്‍ കാണാനിഷ്ടപ്പെടുന്നവര്‍ കഥാവശേഷനും കല്‍ക്കട്ടാ ന്യൂസും കാണുന്നു. അതേ, ദിലീപ് ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്. അക്ഷരാര്‍ത്ഥത്തില്‍ ‘ജനപ്രിയ നായകന്‍’. ദിലീപിന്‍റെ കരിയറിലെ മികച്ച 10 സിനിമകള്‍ തെരഞ്ഞെടുക്കുകയാണ് മലയാളം വെബ്‌ദുനിയ. ഈ സിനിമകള്‍ വായനക്കാര്‍ക്കും പ്രിയപ്പെട്ടവയാണെന്ന് വിശ്വസിക്കുന്നു.

അടുത്ത പേജില്‍ - ആ ഗായകനെ ആര്‍ക്ക് മറക്കാനാവും?

PRO
10. സല്ലാപം

ജൂനിയര്‍ യേശുദാസ്. വെള്ള പാന്‍റ്സും വെള്ള ഷര്‍ട്ടും ധരിച്ച് ചുക്കുവെള്ളം കുടിച്ച് നല്ല സ്റ്റൈലില്‍ ഗാനമേളയ്ക്കെത്തുന്ന ജൂനിയര്‍ യേശുദാസ് പിന്നീട് മുഴക്കോലുമായി ഒരു ആശാരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ ആരാണ് ചിരിച്ചുപോകാത്തത്? വീട്ടുജോലിക്കാരി രാധയും പൊട്ടിച്ചിരിച്ചുപോയി. ആ ചിരിയില്‍ നിന്ന് മഞ്ജുവാര്യര്‍ എന്ന വലിയ നടിയുണ്ടായി. ജൂനിയര്‍ യേശുദാസ് ശശികുമാര്‍ നമ്മുടെ സ്നേഹം കവര്‍ന്നപ്പോള്‍ ദിലീപ് എന്ന നടനും മലയാളത്തിന്‍റെ ഹൃദയത്തില്‍ ഇടം നേടി. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപത്തെ മലയാളികള്‍ എന്നും സ്നേഹിക്കും. അതിലെ രാധയും ശശികുമാറും എന്നും മനസുകളില്‍ ജീവിക്കുകയും ചെയ്യും.

അടുത്ത പേജില്‍ - സഹദേവന്‍ ഫ്രം മൂലങ്കുഴി!

PRO
9. സി ഐ ഡി മൂസ

നാടോടിക്കാറ്റിലെ സി ഐ ഡികള്‍ സമ്മാനിച്ച ചിരി ഒരു ഗൃഹാതുരതയായി പ്രേക്ഷകരുടെ മനസിലുള്ളപ്പോഴാണ് പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ‘സി ഐ ഡി മൂസ’ വരുന്നത്. ഒരു കാര്‍ട്ടൂണ്‍ ചിത്രം പോലെ രസകരമായ സിനിമയായിരുന്നു അത്. തലച്ചോ‍റ് വീട്ടില്‍ വച്ചിട്ട് തിയേറ്ററില്‍ വന്ന് അന്തം വിട്ട് ചിരിക്കാനായിരുന്നു സംവിധായകന്‍ ജോണി ആന്‍റണി കേരളത്തിലെ പ്രേക്ഷകരോട് ആഹ്വാനം ചെയ്തത്. അത് അങ്ങനെയൊരു സിനിമയായിരുന്നു. ദിലീപ് മൂലങ്കുഴിയില്‍ സഹദേവന്‍ എന്ന മൂസയായി മിന്നിത്തിളങ്ങി. ദിലീപ് ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു ഇത്.

അടുത്ത പേജില്‍ - ഈ ചിത്രത്തില്‍ ദിലീപ് ഇല്ല!

PRO
8. ചക്കരമുത്ത്

അതേ, ചക്കരമുത്ത് എന്ന സിനിമയില്‍ ഏത് ഭൂതക്കണ്ണാടി വച്ചുനോക്കിയാലും നിങ്ങള്‍ക്ക് ദിലീപ് എന്ന നടനെ കണ്ടെത്താനാവില്ല. അരവിന്ദന്‍ എന്ന പൊട്ടന്‍ മാത്രമേയുള്ളൂ. ആനച്ചെവിയും മുന്നോട്ടാഞ്ഞുള്ള നടപ്പും പെണ്ണത്തം കലര്‍ന്ന സംസാരരീതിയുമെല്ലാം ചേര്‍ന്ന അരവിന്ദന്‍. ദിലീപിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് ഒരു മികച്ച സിനിമയല്ല. പക്ഷേ, അതിലെ അരവിന്ദന്‍ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാനാവില്ലെന്ന് തോന്നുന്നു. മഹാനടനായ മമ്മൂട്ടി പറഞ്ഞത് തനിക്കേറ്റവും ഇഷ്ടമുള്ള ദിലീപ് കഥാപാത്രങ്ങളില്‍ മുമ്പന്‍ ഈ അരവിന്ദനാണെന്നാണ്. ഇതിലും വലിയ സര്‍ട്ടിഫിക്കേറ്റ് വേറെന്തുവേണം?

അടുത്ത പേജില്‍ - ഹൃദയത്തില്‍ തൊടുന്ന പ്രണയനൊമ്പരം

PRO
7. ഈ പുഴയും കടന്ന്

ദിലീപും മഞ്ജുവാര്യയും മത്സരിച്ചഭിനയിച്ച സിനിമയായിരുന്നു ഈ പുഴയും കടന്ന്. ഗോപി എന്ന വാച്ച് റിപ്പയറുടെ പ്രണയവും അയാള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന വിധിയുടെ ചതിക്കുഴികളുമാണ് ആ സിനിമയുടെ പ്രമേയം. ‘ചില്ലറപ്പൈസ’ അഞ്ജലിയായി മഞ്ജു തകര്‍ത്താടിയ ഈ സിനിമ ഒരു മികച്ച പ്രണയ ചിത്രമാണ്. നല്ല ഗാനങ്ങളും ചിത്രത്തിന് ഗുണമായി. ദിലീപിന്‍റെ ‘അയല്‍‌പക്കത്തെ പയ്യന്‍’ ഇമേജ് അരക്കിട്ടുറപ്പിച്ച സിനിമയായിരുന്നു ഈ പുഴയും കടന്ന്.

അടുത്ത പേജില്‍ - ചിരിപ്പിക്കാന്‍ ഡയലോഗ് വേണ്ട!

PRO
6. പഞ്ചാബി ഹൌസ്

ചിരിയുടെ ഉത്സവമായിരുന്നു പഞ്ചാബി ഹൌസ്. ചിത്രത്തിന്‍റെ ആദ്യപകുതിയുടെ കൂടുതല്‍ സമയവും, ഡയലോഗുകളില്ലാത്ത ദിലീപിനെയാണ് കാണാനാകുന്നത്. എന്നാല്‍ ദിലീപിന്‍റെ ഊമപ്രകടനം തിയേറ്ററുകളെ ഇളക്കിമറിക്കുകയായിരുന്നു. ചിരിയുടെ മൊത്തക്കച്ചവടക്കാരനായി നമ്മള്‍ ദിലീപിന്‍റെ അവരോധിക്കുന്നതും ഈ സിനിമയിലൂടെയാണ്. കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും ദിലീപിനൊപ്പം ആടിത്തകര്‍ത്തു. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൌസിന് ഉടന്‍ തന്നെ ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം.

അടുത്ത പേജില്‍ - പാവം പാവം രാജകുമാരന്‍!

PRO
5. മേരിക്കുണ്ടൊരു കുഞ്ഞാട്

ദിലീപിന്‍റെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്ന ഈ സമയത്തും മലയാള സിനിമയുടെ ബോക്സോഫീസില്‍ നമ്പര്‍ വണ്‍ പ്രകടനവുമായി പ്രദര്‍ശനം തുടരുകയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. ദിലീപിന് മാത്രമേ ഇങ്ങനെയൊരു വേഷം ചെയ്യാന്‍ പറ്റൂ എന്ന് ആരും സമ്മതിച്ചുപോകുന്ന കഥാപാത്രം. കുഞ്ഞാട് സോളമന്‍ ഒരു പാവം മനുഷ്യനാണ്. കൊച്ചുകുട്ടികള്‍ക്കു മുമ്പില്‍ പോലും പേടിച്ചു വിറയ്ക്കുന്നവന്‍. ഈ കഥാപാത്രത്തെ ഇത്ര തന്‍‌മയത്വത്തോടെ ഏതു സൂപ്പര്‍താരത്തിന് അവതരിപ്പിക്കാനാവും? കുഞ്ഞാടിന്‍റെ ചെറിയ തമാശകള്‍ പോലും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത് ദിലീപിന്‍റെ മാസ്മരിക സാന്നിധ്യത്തിന്‍റെ പ്രത്യേകതയല്ലാതെ മറ്റെന്താണ്?

അടുത്ത പേജില്‍ - വലിയ ലോകത്തെ ചെറിയ മനുഷ്യന്‍

PRO
4. കുഞ്ഞിക്കൂനന്‍

അതൊരു അത്ഭുതമായിരുന്നു. മലയാളം അത് കണ്ട് അമ്പരന്നു. ദിലീപ് ഒരു കൂനനായി അഭിനയിക്കുന്നു. കുഞ്ഞിക്കൂനന്‍ എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടും, സൂര്യ എന്ന മികച്ച നടന്‍ അത് പുനരവതരിപ്പിച്ചിട്ടും ദിലീപ് ചെയ്തതിന്‍റെ ചാരുത കൈവന്നില്ല. കുഞ്ഞിക്കൂനന്‍റെ മേക്കപ്പ് അഴിച്ചപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞുപോയെന്ന് ദിലീപ് എഴുതിയിട്ടുണ്ട്. ആ കുഞ്ഞന്‍ നമ്മുടെ കണ്ണുകളിലും നീരണിയിക്കുന്നു, ഇപ്പോഴും.

അടുത്ത പേജില്‍ - രാധ എന്ന ആണ്‍കുട്ടി!

PRO
3. ചാന്തുപൊട്ട്

“കലാകാരിക്കു വേണ്ടത് കലാവാസനയാ, മീന്‍ വാസനയല്ല” - കടപ്പുറത്തെ രാധ ഇത് പറയുമ്പോള്‍ തിയേറ്ററുകള്‍ പൊട്ടിച്ചിരിയില്‍ കുലുങ്ങി. ഓമനപ്പുഴ കടപ്പുറത്തിന്‍റെ ഓമനയായി രാധ എന്ന ആണ്‍കുട്ടി സ്ക്രീനില്‍ നിറഞ്ഞപ്പോല്‍ ദിലീപ് വീണ്ടും മലയാളികളെ അത്ഭുതപ്പെടുത്തി. ചാന്തുപൊട്ട് ദിലീപിന്‍റെ കരിയറിലെ നാഴികക്കല്ലാണ്. ആ സിനിമയുടെ ഹാംഗ്‌ ഓവര്‍ ചിത്രീകരണം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും തന്നെ വിട്ടു പോയില്ലെന്നാണ് ദിലീപ് പറയുന്നത്. രാധയെ അത്ര ഉള്‍ക്കൊണ്ട് അഭിനയിച്ചതുകൊണ്ടാണല്ലോ ആ സിനിമയെ മലയാളികള്‍ ഇത്രയേറെ സ്നേഹിക്കുന്നത്.

അടുത്ത പേജില്‍ - സൂക്ഷിക്കുക, അവന്‍ വരുന്നു!

PRO
2. മീശമാധവന്‍

മാധവന്‍ മീശ പിരിച്ചാല്‍ ഉറപ്പാ, ഇന്ന് രാത്രി അവന്‍ വന്നിരിക്കും! മീശമാധവന്‍ ചേക്കിന് മാത്രമല്ല, കേരളത്തിന് മുഴുവന്‍ പ്രിയങ്കരനായി. ബോക്സോഫീസില്‍ അവന്‍ കാശുമാധവനായി. ദിലീപിന്‍റെയും ലാല്‍ ജോസിന്‍റെയും സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ്. ദിലീപ് - കാവ്യാ മാധവന്‍ ജോഡിയെ പ്രേക്ഷകര്‍ അംഗീകരിച്ച് അനുഗ്രഹിച്ച ചിത്രം. ‘എന്‍റെ എല്ലാമെല്ലാമല്ലേ...’ എന്ന് മൂളിക്കൊണ്ട് അവന്‍ രുഗ്‌മിണിയുടെ മാത്രമല്ല, പ്രേക്ഷകഹൃദയവും കവര്‍ന്നെടുത്തു.

അടുത്ത പേജില്‍ - കരഞ്ഞുകൊണ്ട് ചിരിപ്പിക്കുന്നവന്‍

PRO
1. ജോക്കര്‍

‘കോമാളി കരയാന്‍ പാടില്ല. അവന്‍ ചിരിപ്പിക്കാന്‍ മാത്രം വിധിക്കപ്പെട്ടവനാ. വേണമെങ്കില്‍ ആരും കാണാതെ കരഞ്ഞോ’ - എന്ന് അബൂക്ക പറയുമ്പോള്‍ ബാബു കരച്ചിലമര്‍ത്തി. പ്രേക്ഷകരുടെ നെഞ്ചകവും നീറി. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ ദിലീപിന്‍റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാല്‍ ധന്യമാണ്. കണ്ണീര്‍ മഴയത്ത് ചിരിയുടെ കുടയും ചൂടി ആ കോമാളി നിറഞ്ഞാടുമ്പോള്‍ മലയാളികള്‍ അറിയാതെ പറഞ്ഞുപോകുന്നു - നീയാണ് നടന്‍...ഞങ്ങളുടെ പ്രിയ നായകന്‍!

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്