സ്വതന്ത്രമായ, അസാധാരണമായ ഒരു ജീവിതം. അതാണ് പൌലോ കൊയ്‌ലോ എന്ന ലോകപ്രശസ്ത എഴുത്തുകാരന്‍റെ അടുത്ത നോവല്‍ വിഷയമാക്കുന്നത്. കൂടുതല്‍ വ്യക്തമാക്കിയാല്‍, ലോകചരിത്രത്തിലെ ഏറ്റവും വലിയ ചാരവനിതയായ മാതാഹരിയുടെ ജീവിതം.
മാതാ ഹരിയുടെ അവസാനത്തെ കത്തില്‍ നിന്ന് അവരുടെ ജീവിതം വായിച്ചെടുക്കാനാണ് പൌലോ കൊയ്‌ലോ ശ്രമിക്കുന്നത്. ‘ദി സ്പൈ’ എന്നാണ് നോവലിന്‍റെ പേര്. നവംബര്‍ 22ന് നോവല്‍ വിപണിയിലെത്തും. മാതാഹരിയുടെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം വിശദമായ ഗവേഷണം നടത്തിയ പൌലോ കൊയ്‌ലോ വിശ്വസാഹിത്യത്തിന് ഈ കൃതിയിലൂടെ ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
മാതാഹരി ലോകത്തെ ഏറ്റവും ആദ്യത്തെ ഫെമിനിസ്റ്റുകളില്‍ ഒരാളാണെന്നാണ് പൌലോ കൊയ്‌ലോ പറയുന്നത്. അതുകൊണ്ടുതന്നെ അവരുടെ ജീവിതം ആ ഒരു തലത്തില്‍ നിന്ന് വായിച്ചെടുക്കാനായിരിക്കും ബ്രസീലിയന്‍ സാഹിത്യകാരന്‍ ശ്രമിക്കുക. വധശിക്ഷയ്ക്ക് വിധേയയാകുന്നതിന് ഒരാഴ്ച മുമ്പ് മാതാഹരി എഴുതിയ കത്താണ് നോവലിന് ആധാരമാകുന്നത്. ‘സ്വതന്ത്രയായി ജീവിച്ചു’ എന്നതുമാത്രമാണ് മാതാഹരി ചെയ്ത കുറ്റമെന്ന് പൌലോ കൊയ്‌ലോ പറയുന്നു.
മാതാഹരി
ആധുനിക കാലഘട്ടത്തില്‍ ചാരപ്രവ്രര്‍ത്തനങ്ങള്‍ക്ക് വിവിധ മാര്‍ഗങ്ങളുണ്ട്. നാനോ ക്യാമറകള്‍ എന്ന കുഞ്ഞന്‍ ക്യാമറകള്‍ മുതല്‍ ഇപ്പോള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്നെന്ന് വാര്‍ത്ത പുറത്തു വന്നിരിക്കുന്ന ബ്രെയിന്‍ റീഡര്‍ വരെ. ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് സൌന്ദര്യം കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും ചാരപ്രവര്‍ത്തനം നടത്തിയിരുന്ന ചാരസുന്ദരിമാര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് പില്‍ക്കാലത്തെ ചാരസുന്ദരിമാര്‍ക്കും പ്രചോദനമായ വനിത മാതാഹരി.
‘ഹിന്ദുവായ ഒരിന്ത്യന്‍ നര്‍ത്തകി, ഒരു ദേവദാസിയുടെ സുന്ദരിയായ പുത്രി’ എന്നിങ്ങനെയായിരുന്നു മാതാഹരി പാരീസില്‍ എത്തിയപ്പോള്‍ സ്വയം പറഞ്ഞുപരത്തിയത്. യാഥാര്‍ഥ്യത്തില്‍ ആരായിരുന്നു ആ സുന്ദരി?
ഡച്ച് പട്ടണമായ ലീയുവാര്‍ഡനിലെ കച്ചവടക്കാരനായിരുന്ന ആഡം സെല്ലയ്ക്ക് 1876 ഓഗസ്റ്റ് ഏഴിന് ജനിച്ച മാര്‍ഗരീത്ത ഗിര്‍ട്രീഡ, പത്തൊന്‍പതാം വയസില്‍ 21 വയസ് കൂടുതലുള്ള കാംബെല്‍ മക്‍ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി. ഒരു പെണ്ണും ഒരാണും. മകന്റെ ആകസ്മിക മരണവും ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും കാരണം മാനസികമായി തകര്‍ന്ന ഗിര്‍ട്രീഡ വിവാഹബന്ധം വേര്‍പ്പെടുത്തി. മകളെ നെതര്‍ലാന്‍ഡ്സിലെ ബന്ധുക്കളെ ഏല്‍പ്പിച്ച ശേഷം, പാരീസിലേക്ക് വന്ന് തന്റെ സൌന്ദര്യം കൊണ്ട് പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്‍ഷ്യം.
അനിതരസാധാരണമായ സൌന്ദര്യം അവളുടെ ആഗ്രഹം സാധ്യമാക്കി. മാദകനൃത്തം ചെയ്ത് വേദികളില്‍ നിന്ന് വേദികളിലേക്ക് നീങ്ങിയ അവളുടെ ഖ്യാതി യൂറോപ്പിലാകെ പരന്നു. മോണ്ടികാര്‍ലോ, ബര്‍ലിന്‍, മാഡ്രിഡ് എന്നിവിടങ്ങളിലെ പ്രഭുക്കന്മാര്‍ അവളുടെ കാമുകരാകാന്‍ കാത്തുനിന്നു.
ജര്‍മ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രണ്‍സ്വിക്ക് പ്രഭു തുടങ്ങിയവര്‍ അവളുടെ കണ്ണേറില്‍ കുടുങ്ങി. ജര്‍മ്മനിയിലെ ഭരണകൂടവുമായും പട്ടാളമേധാവികളുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന മാതാഹരിയെ ഫ്രഞ്ച് അധികാരികള്‍ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യം ചെയ്തു. ജര്‍മ്മന്‍ ഏജന്റാണെന്ന ആരോപണം അവള്‍ നിഷേധിച്ചു. തന്നെയുമല്ല, ആവശ്യമാണെങ്കില്‍ ഫ്രാന്‍സിന്റെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അവള്‍ സര്‍ക്കാരിന് വാഗ്ദാനം നല്‍കി.
വാഗ്ദാനം സ്വീകരിച്ച് മാതാഹരിയെ ഒരു ചാരവനിതയാക്കി ഒരുക്കിയെടുത്ത് ജര്‍മ്മനിയിലേക്ക് ഫ്രാന്‍സ് പറഞ്ഞയച്ചു. അവിടെ പ്രാഗത്ഭ്യം തെളിയിച്ച അവള്‍ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് പറന്നു. സ്പെയിനിലെത്തിയ മാതാഹരി ജര്‍മ്മന്‍ കര-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തംകൂടി. ഫ്രാന്‍സിനുവേണ്ടി സ്പെയിനിലെത്തിയ അവള്‍ ജര്‍മ്മനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നു. ഡബിള്‍ ഏജന്റാണെന്ന സംശയത്തില്‍ ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവളെ കയ്യൊഴിഞ്ഞു. തിരിച്ച് ഫെബ്രുവരി 12ന് പാരീസിലെത്തിയ മാതാഹരിയെ ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു. ജര്‍മ്മന്‍ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.
1917 ഒക്ടോബര്‍ 15
കുപ്പായത്തിന്റെ ബട്ടണുകള്‍ അഴിച്ച് തന്റെ മാറിടം കാട്ടി വിന്‍സെന്നയിലെ ഫയറിംഗ് സ്ക്വാഡിനു മുന്നില്‍ അവള്‍ തലയുയര്‍ത്തി നിന്നു. പന്ത്രണ്ട് വെടിയൊച്ചകള്‍ മുഴങ്ങി. ധനമോഹത്താല്‍ രാജ്യതന്ത്രത്തിന് ഇരയാകേണ്ടി വന്ന ആ വനിത മരണത്തിനു കീഴടങ്ങി.