‘ദളിത് സാഹിത്യം ഭാഷയിലും ശൈലിയിലും മാറ്റങ്ങളുണ്ടാക്കുന്നു’

Webdunia
വെള്ളി, 18 നവം‌ബര്‍ 2011 (11:58 IST)
ദളിത് സാഹിത്യം ഭാഷയിലും ശൈലിയിലും മാറ്റത്തിന് വഴിയൊരുക്കിയതായി കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. ഹേ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദളിത് കവിതയെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് സാഹിത്യത്തിത്തിലൂടെ ശ്രദ്ധേയരായ എം ബി മനോജ്, വിജില ചിറപ്പാട്, എം ആര്‍ രേണുകുമാര്‍, സണ്ണി കാപ്പിക്കാട്, എസ് ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പെങ്ങളുടെ ബൈബിള്‍, സ്വന്തം തുടങ്ങിയ കവിതകള്‍ എസ് ജോസഫ് അവതരിപ്പിച്ചു. നിശബ്ദതയുടെ ശബ്ദം പുറത്തുകൊണ്ടുവരാനാണ് തന്റെ കവിതകളിലൂടെയും രചനകളിലൂടെയും ശ്രമിച്ചതെന്ന് ജോസഫ് പറഞ്ഞു. വംശനാശം സംഭവിക്കുന്ന പ്രകൃതിയെയും ജീവജാലങ്ങളെയും പ്രതിനിധീകരിക്കുകയാണ് താനെന്നും എസ് ജോസഫ് പറഞ്ഞു.

യുവ ദളിത് സാഹിത്യകാരി വിജില ചിറപ്പാട്, അമ്മ ഒരു കാല്‍പനിക കവിതയല്ല, എന്ന കവിത ആലപിച്ചു. സ്വന്തം അനുഭവങ്ങളുടെ ആവിഷ്ക്കരണമാണ് തന്റെ കവിതകളെന്നും അവര്‍ പറഞ്ഞു. കവിതയില്‍ സത്യസന്ധതയുണ്ടെങ്കില്‍ അത് എക്കാലവും നിലനില്‍ക്കുമെന്നും വിജില അഭിപ്രായപ്പെട്ടു.

പുല്ലുവില്‍പനക്കാരി, അടുക്കള തുടങ്ങിയ കവിതകള്‍ അവതരിപ്പിച്ചുകൊണ്ടാണ് സണ്ണി കാപ്പിക്കാട് ചര്‍ച്ചയില്‍ പങ്കെടുത്തത്. ദളിത് ആശയം നഷ്ടമാകുന്നുവെന്ന് തോന്നിയപ്പോഴാണ് താന്‍ ദളിത് സാഹിത്യത്തിലേക്ക് തിരിഞ്ഞതെന്ന് സണ്ണി പറഞ്ഞു. തന്റെ രചനകളിലെല്ലാം ദളിത് ആശയങ്ങള്‍ നിഴലിക്കുന്നതായി സണ്ണി പറഞ്ഞു.

തുടിപ്പ്, ഇരുമ്പുപാലം തുടങ്ങിയ കവിതകളാണ് രേണുകുമാര്‍ ആലപിച്ചത്. ആഗോളവത്ക്കരണം നല്‍കുന്ന കാഴ്ചപ്പാട് സാഹിത്യ. സ്വാധീനിക്കുന്നുവെന്ന് രേണുകുമാര്‍ അഭിപ്രായപ്പെട്ടു.

സാഹിത്യരചനയിലേക്ക് കടന്നുവന്ന വഴി സദസിന് മുമ്പാകെ എം ബി മനോജ് പങ്കുവെച്ചു. സാമൂഹ്യ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് താന്‍ കവിതാ രചന നടത്തുന്നതെന്നും എം ബി മനോജ് പറഞ്ഞു. അഭാവം, എം ജെ പണ്ഡിറ്റ് പാട്ടുപുസ്തകം തുറക്കുന്നു തുടങ്ങിയ കവിതകളും മനോജ് ആലപിച്ചു.