നവംബര്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ദ ആല്‍ക്കെമിസ്റ് ഹേ ഫെസ്റ്റിവലിന്റെ ഔപചാരികമായ തുടക്കം കുറിക്കല്‍ ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ വസതിയില്‍ നടന്നു. രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും, ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരും മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു.
ലോക സാഹിത്യം, പ്രാദേശിക സാഹിത്യം, ബാലസാഹിത്യം , ചലച്ചിത്രങ്ങള്‍, സാമൂഹിക-രാഷ്ട്രീയ മേഖല , പ്രസാധനമേഖല തുടങ്ങി വിവിധ മേഖലകളിലുള്ള സംവാദങ്ങള്‍ ഉള്‍പ്പെടുന്ന ദ ആല്‍ക്കെമിസ്റ്റ് ഹേ ഫെസ്റിവല്‍ പരിപാടികളുടെ വ്യക്തമായ രൂപരേഖ ചടങ്ങില്‍ വെച്ച് ഫെസ്റ്റിവല്‍ സംഘാടകര്‍ പ്രഖ്യാപിച്ചു. ഇത്തവണ സാഹിത്യോല്‍സവത്തിന് പുതിയ ടൈറ്റില്‍ സ്പോണ്‍സറായി ആല്‍ക്കെമിസ്റ്റ് ഗ്രൂപ്പിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടീം വര്‍ക്ക് പ്രൊഡക്ഷന്‍സുമായി സഹകരിച്ചു നടക്കുന്ന ദ ആല്‍ക്കെമിസ്റ്റ് ഹേ ഫെസ്റ്റിവല്‍ മൂന്ന് ദിവസങ്ങളിലായി നാല്‍പ്പത്തഞ്ചിലധികം സംവാദങ്ങള്‍ക്ക് വേദിയാകും. ചലച്ചിത്രസംബന്ധമായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, മാരത്തന്‍ ബോയ്, ഐ ഫോര്‍ ഇന്ത്യ , ഷോട്ട് ഇന്‍ ബോംബെ എന്നീ ഡോക്യുമെന്ററികളുടെ പ്രത്യേക സ്ക്രീനിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൂടാതെ ഫ്രാന്‍സ്, ഇറ്റലി, വെയില്‍സ് , സ്പെയില്‍ നോര്‍ഡിക്ക്, ബാള്‍ട്ടിക്ക് , സെല്‍ട്ടിക്ക് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോക സാഹിത്യ സൃഷ്ടികളും സംവാദങ്ങളില്‍ സ്ഥാനം നേടും.
പ്രാദേശിക സാഹിത്യസംവാദങ്ങളില്‍ മലയാളത്തിലെ പെണ്ണെഴുത്ത്, ദളിത് കവിതകള്‍, മറ്റു ഭാഷകളിലെ രചനകള്‍ എന്നിവ കൂടാതെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന കാവ്യ സംഗമത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം കെ സച്ചിദാനന്ദന്‍, അരവിന്ദ് കൃഷ്ണ മെഹ്രോത്ര, അരുന്ധതി സുബ്രമണ്യം തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഇവയ്ക്കുപുറമേ കനകക്കുന്നിന്റെ ഗംഭീരമായ വേദികളില്‍ സംഗീതസമാഗമങ്ങളുമുണ്ടാകും.
ഹേ ഫെസ്റ്റിവലിന്റെ ദാഗമായി നടക്കുന്ന വിവിധ പരിപാടികള്‍ക്കൊപ്പം സാഹിത്യം, ശാസ്ത്രം, സിനിമ തുടങ്ങി വിവിധ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചര്‍ച്ചകളും, അദിമുഖങ്ങളും, സംവാദങ്ങളും ഉണ്ടാകും. മാവോസെ തുങിന്റെ ജീവചരിത്രമെഴുതിയ ജങ്ങ് ചാംഗ് , ബിബിസി അവതാരക നിക് ഗോവിംഗ്, ആന്‍ഡ്രൂ റുഹെമാന്‍, അനിതാ നായര്‍, ആഗ്നെസ് ദേശാര്‍ത്ഥെ, സിമോണ്‍ സിംഗ് തുടങ്ങിയവര്‍ അതാതു മേഖലകളിലെ ചര്‍ച്ചകള്‍ നയിക്കും.