ലെ ക്ലസിയോ: യാത്രകളുടെ എഴുത്തുകാരന്‍

Webdunia
PROPRO
ജ്‌ഷ്വാന്‍‌-മാരി ഗുസ്‌താവ്‌ ലെ ക്ലസിയോ അഥവാ ജെ.എം.ജി. ലെ ക്ലസിയോ മലയാളിക്ക്‌ അധികം പരിചയമില്ലാത്ത ഫ്രഞ്ച്‌ എഴുത്തുകാരനാണ്‌. 2008ലെ നൊബേല്‍ പുരസ്‌കാരം അപ്രതീക്ഷിതമായാണ്‌ ഫ്രഞ്ച്‌ സഞ്ചാരസാഹിത്യകാരനെ തേടി എത്തുന്നത്‌.

കാവ്യാത്മകമായ സാഹസികതയും വൈകാരികമായ ഉത്മാദത്വവും സംസ്‌കാരങ്ങള്‍ക്ക്‌ അതീതമായ മനുഷ്യത്വത്തിന്‍റെ അന്വേഷണവുമാണ്‌ ലെ ക്ലസിയോയുടെ പ്രത്യേകതയെന്ന്‌ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട്‌ സ്വീഡിഷ്‌ അക്കാദമി വിലയിരുത്തി.

ലോകത്തിലെ മഹത്തായ ഭാഷയായ ഫ്രഞ്ചിലെ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മികച്ച എഴുത്തുകാരനാണെന്ന്‌ അദ്ദേഹത്തെ വിദേശമാധ്യമങ്ങള്‍ വാഴ്‌ത്തുന്നു. തെക്കന്‍ ഫ്രഞ്ച്‌ നഗരമായ നൈസില്‍ 1940 ഏപ്രില്‍ ‍13നാണ്‌ അദ്ദേഹം ജനിച്ചത്‌. മൂകയും ബധിരയുമായുമായിരുന്നു ലെ ക്ലസിയോയുടെ അമ്മ. അച്ഛന്‍ ബ്രട്ടീഷുകാരനായ ഡോക്ടറും.

അച്ഛന്‍ ബ്രിട്ടീഷ്‌ പട്ടാളത്തിലെ ഡോക്ടര്‍ ആയതിനാല്‍ കുറേക്കാലും കുടുംബസമേതം ആഫ്രിക്കയില്‍ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഈ കുടുംബം ഛിന്നഭിന്നമായി. നൈസിലുള്ള കുടുംബത്തിലെത്താന്‍ ലെ ക്ലസിയോയുടെ പിതാവിനായില്ല. നാട്ടില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ലെ ക്ലസിയോ അധ്യാപക ജോലി തേടി അമേരിക്കയിലെത്തി.

യാത്രകളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ലെ ക്ലസിയോ ചെറു പ്രായം മുതലേ എഴുതാന്‍ തുടങ്ങി. ഇരുപത്തി മൂന്നാം വയസില്‍ ആദ്യ നോവലായ ‘ദ ഡിപ്പോസിഷന്‍’ എഴുതി ജന്മനാട്ടില്‍ പ്രസിദ്ധനായിരുന്നു. 1963 ല്‍ പ്രസിദ്ധമായ പ്രി റിനൗഡോട്ട്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഈ കൃതിയുടെ മൂല്യം കണക്കിലെടുത്തായിരുന്നു.

അച്ഛനെ കാണാന്‍ 1948ല്‍ ആഫ്രിക്കയിലേക്ക്‌ നടത്തിയ യാത്ര ലെ ക്ലസിയോയടെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. ജീവചരിത്രത്തോട്‌ തൊട്ട്‌ നില്‍ക്കുന്ന രചനയായ ‘ഒനിറ്റ്‌സ്‌ച’, ‘ദ ആഫ്രിക്കന്‍’ തുടങ്ങിയ നോവലുകള്‍ക്ക്‌ ഈ യാത്ര പ്രചോദനമായിട്ടുണ്ട്‌.

PROPRO
മനോഹരമായ യാത്രകളായിരുന്നു ലെ ക്ലസിയോയുടെ നോവലുകളെ അര്‍ത്ഥവത്താക്കിയത്‌. പുരാതന സംസ്‌കൃതികളുടെ ഭംഗിയും ആധുനിക സംസ്‌കാരത്താല്‍ അവയ്‌ക്ക്‌ ഏല്‍ക്കുന്ന മുറിവുകളും ലെ ക്ലസിയോയുടെ എഴുത്തുകളില്‍ നിറഞ്ഞു.

ചെറുകഥകളും നോവലുകളും ലേഖന സമാഹാരങ്ങളും അടക്കം നാല്‍പ്പതോളം പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ട്‌ ഇന്ത്യന്‍ ഐതീഹ്യ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സാഹിത്യത്തിന്‌ നല്‌കിവരുന്ന ഈ പരമോന്നത പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഫ്രഞ്ചുകാരനാണ്‌ ലെ ക്ലസിയോ. 1985ല്‍ കൗദ്‌ സൈമണും 2000ല്‍ ഗോ സിങ്‌ഗ്യാനും ആണ്‌ നൊബേല്‍ പുരസ്‌കാരം നേരത്തെ ഫ്രാന്‍സിന്‍ എത്തിച്ചത്‌.

പ്രമുഖ ഫ്രഞ്ച്‌ സാഹിത്യ മാസിക ഒരു ദശകം മുമ്പ്‌ നടത്തിയ സര്‍വ്വേയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ഫ്രഞ്ച്‌ എഴുത്തുകാരനെന്ന പദവി ലെ ക്ലസിയോക്ക്‌ ലഭിച്ചിരുന്നു.

ലെ ക്ലസിയോയുടെ സാഹിത്യ ജീവിതത്തെ നിരൂപകര്‍ രണ്ടായി തരം തിരിച്ചിട്ടുണ്ട്‌. പരീക്ഷണോത്മുകമായ ആദ്യഘട്ടവും ജനപ്രിയമായ രണ്ടാം ഘട്ടവും. ഭാഷയിലും ശൈലിയിലും പരീക്ഷണം നടത്തുകയും തീവ്രമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായിരുന്നു ആദ്യഘട്ടമെങ്കില്‍ ബാല്യകാല പ്രമേയങ്ങളും യാത്രകളും കൗമാരകഥകളും പ്രമേയമാക്കിയതായിരുന്നു ജനപ്രിയമായ രണ്ടാം ഘട്ടം.

1992 ല്‍ പ്രസിദ്ധീകരിച്ച ‘പാവാന’ എന്ന നോവലില്‍ ലെ ക്ലസിയോ ഇങ്ങനെ എഴുതിയത്‌ തികച്ചും വ്യക്തിപരമായിട്ടായിരുന്നു:

“അത്‌ തുടക്കത്തിലായിരുന്നു, എല്ലാത്തിന്‍റേയും തുടക്കത്തില്‍, പക്ഷികളും സൂര്യപ്രകാശവും അല്ലാതെ കടലിനുമുകളില്‍ ഒന്നും ഇല്ലാതിരുന്ന കാലം. കുട്ടിക്കാലം മുതല്‍ അവിടേയ്‌ക്ക്‌ പോകുന്നത്‌ ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. എല്ലാം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഇടത്തിലേക്ക്‌.”