പെണ്ണെഴുത്ത് ഉണ്ടെങ്കില്‍ ആണെഴുത്തും വേണം: കെ ആര്‍ മീര

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2011 (15:04 IST)
PRO
PRO
ഒരു എഴുത്തുകാരി എന്ന നിലയില്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടുകയെന്നതാണ് തന്റെ മുഖ്യ കടമയെന്ന് പ്രമുഖ എഴുത്തുകാരി കെ ആര്‍ മീര പറഞ്ഞു. ഹേ ഫെസ്റ്റിവലില്‍ സ്ത്രീ സാഹിത്യത്തിന്റെ കരുത്ത് വെളിപ്പെടുത്തുന്ന 'അകത്തളം' എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കെ ആര്‍ മീര‍. കെ ആര്‍ മീരയ്ക്ക് പുറമെ ജി എസ് ജയശ്രീ, ചന്ദ്രമതി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് ഒരേതലത്തില്‍ കാണുകയാണ് താന്‍ ചെയ്യുന്നതെന്ന് കെ ആര്‍ മീര വ്യക്തമാക്കി.

ഇന്നത്തെ സ്ത്രീയ്ക്ക് സമൂഹത്തില്‍ നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ അവസരങ്ങള്‍ സാഹിത്യത്തില്‍ പ്രതിഫലിക്കുന്നതായും കെ ആര്‍ മീര ചൂണ്ടിക്കാട്ടി. സ്ത്രീ എഴുത്തുകാരികള്‍, സ്ത്രീസംബന്ധമായ വിഷയങ്ങള്‍ മാത്രമല്ല എഴുതുന്നത്. താന്‍ പുസ്തകം പ്രസിദ്ധീകരിച്ചുതുടങ്ങിയ വര്‍ഷം ഒരു സുഹൃത്തില്‍ നിന്നും ലഭിച്ച ഒരു കത്താണ്, തന്നിലെ എഴുത്തുകാരിയെ ഉണര്‍ത്തിയതെന്ന് മീര അഭിപ്രായപ്പെട്ടു. ഓരോ കൃതി രചിയ്ക്കുമ്പോഴും അടുക്കളയില്‍ നിന്നും വരാന്തയിലേക്കുള്ള വെറുമൊരു യാത്രയായി അത് മാറരുതെന്ന് താന്‍ ആഗ്രഹിക്കുന്നതായും മീര പറഞ്ഞു. എല്ലാ വേലിക്കെട്ടുകളും ചുമരുകളും തകര്‍ത്ത് എഴുത്തിലൂടെ ഈ ലോകം മുഴുവന്‍ യാത്ര ചെയ്യുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും മീര വ്യക്തമാക്കി.

അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് സ്ത്രീകള്‍ കടന്നുകഴിഞ്ഞതായി ചന്ദ്രമതി അഭിപ്രായപ്പെട്ടു. ഈ ചര്‍ച്ചയ്ക്ക് അകത്തളം എന്ന വിശേഷണം യോജിക്കുന്നതാണോയെന്ന് ആലോചിക്കേണ്ടതുണ്ടെന്നും ചന്ദ്രമതി അഭിപ്രായപ്പെട്ടു. ജി എസ് ജയശ്രീയും, കെ ആര്‍ മീരയും ചന്ദ്രമതിയുടെ അഭിപ്രായത്തോട് യോജിച്ചു. സ്ത്രീ സാഹിത്യം എന്ന ഒരു പ്രത്യേക വിഭാഗം സാഹിത്യത്തില്‍ ആവശ്യമാണോയെന്നും അവര്‍ ചോദിച്ചു. മലയാള സാഹിത്യത്തിലെ പല സാഹിത്യകാരും സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയുള്ള തുറന്ന അഭിപ്രായങ്ങള്‍ തങ്ങളുടെ പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചന്ദ്രിമതി പറഞ്ഞു.

ചന്ദ്രമതിയുടെ അഭിപ്രായത്തില്‍ സ്ത്രീസാഹിത്യം എന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു വാക്കാണ്. സാഹിത്യകാരന്‍ എന്നത്, സ്ത്രീയാണോ പുരുഷനാണോ എന്ന് വേര്‍തിരിച്ചു കാണേണ്ടതില്ലെന്ന് ചന്ദ്രമതി പറഞ്ഞു. ഈ വേര്‍തിരിവ് കാണുമ്പോഴാണ് സാഹിത്യം ഒരു ദുരന്തമാകുന്നതെന്നും അവര്‍ പറഞ്ഞു. കഥാപാത്രങ്ങളുമായി ഒരു അകലം സൃഷ്ടിച്ചുകൊണ്ടായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം എഴുതിയിരുന്നത്. മധുരമുള്ള ഒരു വിഷയം പോലെയാണ് സ്ത്രീ എഴുത്തുകാരെന്നും ചന്ദ്രമതി അഭിപ്രായപ്പെട്ടു.

ഏതൊരു ഭാഷയിലെയും പ്രമുഖ എഴുത്തുകാരുടെ പട്ടിക നോക്കുകയാണെങ്കില്‍ അതില്‍ ഒരു സ്ത്രീയുടെ പേര് വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മീരയുടെ അഭിപ്രായം. ലളിതാംബിക അന്തര്‍ജ്ജനത്തെയും കെ സരസ്വതിയമ്മയെയും ആധാരമാക്കി മലയാള സ്ത്രീസാഹിത്യത്തില്‍ ചന്ദ്രമതി നടത്തിയ വേര്‍തിരിവിനെക്കുറിച്ച് ജയശ്രീ ചോദിച്ചു. പുരോഗമനവും തീവ്രവാദപരവുമായ രചനാശൈലിയായിരുന്നു സരസ്വതിയമ്മയുടേതെങ്കില്‍ തീര്‍ത്തും മിതവാദിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. സ്ത്രീ സാഹിത്യത്തിന്റെ യഥാര്‍ത്ഥ അഗ്രഗാമികള്‍ ലളിതാംബിക അന്തര്‍ജ്ജനവും സരസ്വതിയമ്മയുമാണ്. തന്റെ രചനകളില്‍ ലളിതാംബിക അന്തര്‍ജ്ജനം സ്വത്വത്തെ വെളിപ്പെടുത്തിയിരുന്നില്ലെന്നും ചന്ദ്രമതി അഭിപ്രായപ്പെട്ടു. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും സരസ്വതിയമ്മയുടെയും പിന്തുടര്‍ച്ചക്കാരാണ് സ്ത്രീസാഹത്യകാരികളെന്ന് അവര്‍ പറഞ്ഞു. 30 വര്‍ഷത്തോളം തീര്ത്തും അവഗണയില്‍ ജീവിക്കേണ്ടിവന്ന സരസ്വതിയമ്മ, ഇന്നത്തെ എഴുത്തുകാരികളുടെ പ്രതീകമാണെന്ന് കെ ആര്‍ മീര പറഞ്ഞു തന്റെ എഴുത്തിലൂടെ പരമാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തിയ സരസ്വതിയമ്മയെ സ്ത്രീയാണെന്ന ഒറ്റ കാരണം കൊണ്ട് ഒറ്റപ്പെട്ടതായും അവര്‍ പറഞ്ഞു.

' പെണ്ണെഴുത്ത്' എന്ന വാക്ക് താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ചന്ദ്രമതി അഭിപ്രായപ്പെട്ടു. പെണ്ണെഴുത്ത് എന്ന വാക്കുണ്ടെങ്കില്‍ ആണെഴുത്ത് എന്ന വാക്കും ഉപയോഗിക്കണമെന്നാണ് മീരയുടെ അഭിപ്രായം.

സ്ത്രീസാഹിത്യത്തില്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ ഒരുതരത്തില്‍ ഗുണകരമാണെന്ന് ചന്ദ്രമതി അഭിപ്രായപ്പെട്ടു. ഫെമിനിസ്റ്റ് എന്ന് പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് എന്നാല്‍ എഴുത്തും ഫെമിനിസവും തമ്മില്‍ ഒരിക്കലും കൂട്ടിക്കുഴയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.

താന്‍ ഒരു പുരുഷനായിരുന്നെങ്കിലും ഇതേരീതിയിലേ എഴുതുകയുള്ളുവെന്ന് മീര പറഞ്ഞു. രചനാശൈലിയെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ ജീവിതാനുഭവങ്ങള്‍ തിരുത്തി, മറ്റുള്ളവരുടെ ജീവിതാനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് താന്‍ എഴുതുന്നതെന്നും മീര പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ നിരവധി ആള്‍ക്കാരെ കാണാനും പരിചയപ്പെടാനും ലഭിച്ച അവസരങ്ങളും അനുഭവങ്ങളുമാണ് തന്നെ എഴുത്തുകാരിയാക്കിയത്. എഴുതിയിട്ടും പ്രശസ്തി ലഭിക്കാതെപോയ ഒരു എഴുത്തുകാരിയില്‍ നിന്നുമാണ് താന്‍ പ്രചോദനം ഉള്‍ക്കൊണ്ടത്. സ്ത്രീ എന്ന നിലയില്‍ എഴുതാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴാണ് താന്‍ ശക്തയായ ഒരു ഫെമിനിസ്റ്റാകുന്നത്. ഇക്കാലത്ത് സമൂഹത്തില്‍ എഴുത്തുകാരികള്‍ക്ക് പ്രതികൂല സാഹചര്യങ്ങളാണുള്ളതെങ്കിലും തനിക്ക് എല്ലായിടത്തുനിന്നും പിന്തുണ ലഭിക്കുന്നതായും മീര പറഞ്ഞു.

പന്ത്രണ്ടാം വയസില്‍ ആരംഭിച്ച സാഹിത്യജീവിതം സാമൂഹിക സമ്മര്‍ദ്ദം മൂലം പതിനെട്ട് വര്‍ഷത്തിനുശേഷമാണ് പൂര്‍ണമായത്. സ്ത്രീസാഹിത്യത്തെ വിമര്‍ശിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണ്. ഇതിന്റെ ഫലമായി സ്ത്രീ സാഹിത്യത്തിലെ എഴുത്തുകാരികളുടെ വ്യക്തിജീവിതം പ്രതിഫലിക്കുന്നുവെന്ന തെറ്റിദ്ധാരണ അവരിലുണ്ടാകുന്നു. ഒരു പുരുഷന്‍ വിപ്ലവാത്മകമായി എഴുതുമ്പോള്‍ സമൂഹം അവനെ അഭിനന്ദിക്കുന്നു. എന്നാല്‍ ഒരു സ്ത്രീയാണ് ഇത്തരത്തില്‍ എഴുതുന്നതെങ്കില്‍ സമൂഹം അവളെ തെറ്റുകാരിയായി മുദ്രകുത്തുന്നുവെന്നും ചന്ദ്രമതി അഭിപ്രായപ്പെട്ടു.

ഒരു കാലഘട്ടത്തില്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകള്‍ സമൂഹമദ്ധ്യത്തിലേക്ക് സധൈര്യം ഇറങ്ങിച്ചെല്ലുന്നുണ്ടെന്നും, അതുവഴി സ്ത്രീ സാഹിത്യത്തിന്റെ പറുദീസയെ സദസിന് മനസിലാക്കി കൊടുക്കാനും ഈ ചര്‍ച്ചയ്ക്ക് സാധിച്ചു.