എഴുതുന്നവരെ സാംസ്കാരികനായകരായും ഗുരുസ്ഥാനീയരായും കരുതുന്നവരാണ് കേരളീയര്‍. എന്ത് കാര്യത്തിനും അഭിപ്രായം തേടണമെങ്കില്‍ കവിതയും കഥയും നോവലും എഴുതിയവരെ സമീപിക്കണമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഇടമലയാര്‍ പ്രശ്നത്തില്‍ ടി പത്മനാഭന്‍ അഭിപ്രായം പറയണമെന്ന് നമ്മള്‍ ശഠിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുകുമാര്‍ അഴീക്കോട് പറയുന്നതെന്തെന്ന് നമ്മള്‍ കാതോര്‍ക്കുന്നു.
പുസ്തകം എഴുതിയവര്‍ എല്ലാ അറിവിന്റെയും ഭണ്ഡാഗാരമാണെന്നാണ് നമ്മുടെ അബദ്ധധാരണ. സത്യത്തില്‍ ഇടമലയാര്‍ കേസില്‍ പത്മനാഭന്‍ എന്ത് പറയാനാണ്? മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഴീക്കോടിന്റെ വാദങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉണ്ടാവുക? ഇവര്‍ രണ്ടുപേരും അഭിപ്രായം പറയരുതെന്നല്ല, എന്നാല്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് പരിമിതി ഉണ്ടാവുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
ഏതൊരു തൊഴിലിനെയും പോലെ, അക്ഷരകലയും ഒരു തൊഴിലാണെന്ന് നമ്മള്‍ മറക്കാറാണ് പതിവ്. ഏത് തൊഴിലിലും എന്ന പോലെ അക്ഷരകലയിലും വൃത്തികേടുകള്‍ അരങ്ങേറുന്ന കാര്യം നാം കണ്ടില്ലെന്ന് നടിക്കുന്നു. നമ്മള്‍ സാധാരണക്കാരില്‍ നിന്ന് സകല ആനുകൂല്യങ്ങളും പറ്റി, രാജപരമ്പരക്കാരായി കഴിഞ്ഞുവന്ന എഴുത്തുകാര്‍ക്ക് നെഞ്ചില്‍ തന്നെ കിട്ടിയ ചവിട്ടായിരുന്നു, നളിനി ജമീലയുടെയും തസ്കരന്‍ മണിയന്‍ പിള്ളയുടെയും ഒക്കെ രംഗപ്രവേശം.
നളിനി ജമീലയുടെയും മണിയന്‍ പിള്ളയുടെയും ആത്മകഥകളെ ചവറ് എന്നാണ് പല ‘ലബ്‌ധപ്രതിഷ്ഠരായ’ എഴുത്തുകാരും വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു വിമര്‍ശനത്തിന് എഴുത്തുകാരെ നിര്‍ബന്ധിക്കുന്നത് ഉള്ളിലെ ഭയമാണ്. നില ഇങ്ങനെ തുടര്‍ന്നാല്‍ വെല്‍ഡര്‍മാരും വാര്‍ക്കപ്പണിക്കാരും നിലമുഴുന്നവരും തൊട്ട് സകലരും എഴുത്ത് തുടങ്ങില്ലേ? അപ്പോള്‍ പിന്നെ, അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങള്‍ ഇവരൊക്കെയുമായും പങ്കിടേണ്ടി വരില്ലേ? - എഴുത്തുകാരുടെ അടിസ്ഥാന ഭയമിതാണ്.
കൂലിയെഴുത്തുകാര്‍ എന്ന പൊയ്ക്കുതിരയില്‍ ഏറിയാണ് നളിനി ജമീലയും തസ്കരന്‍ മണിയന്‍ പിള്ളയും വന്നത്. നളിനി ജമീലയും തസ്കരന്‍ മണിയന്‍ പിള്ളയും മറ്റും ആത്മകഥയുമായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് കേരളത്തിലും പ്രൊഫഷണലായ കൂലിയെഴുത്തുകാര്‍ ഉണ്ടെന്ന് ജനമറിയുന്നത്. ഭാഷ ശരിയാക്കിയെടുക്കാനായി ആത്മകഥയുടെ കര്‍ത്താവിനെ സഹായിക്കുന്ന ഒരു കൂട്ടര്‍ - കൂലിയെഴുത്തുകാര്‍. അതായത് ശരിക്കും ‘പ്രൊഫഷണലായ’ എഴുത്തുജോലി ചെയ്യുന്നവര്‍.
നളിനി ജമീലയുടെ വിചാരങ്ങളുടെ ഭാഷ മാറ്റിയത് ഐ ഗോപിനാഥാണെങ്കില്‍ തസ്കരന്‍ മണിയന്‍ പിള്ളയ്ക്കൊരു ഭാഷയുണ്ടാക്കിക്കൊടുത്തത് ജി ആര്‍ ഇന്ദുഗോപനായിരുന്നു. കൂലിയെഴുത്തുകാരന്‍ എന്ന പൊയ്ക്കുതിരയെ പിന്നീട് നളിനി ജമീല ഉപേക്ഷിക്കുകയുണ്ടായി. മണിയന്‍ പിള്ളയുടെ ആത്മകഥയുടെ രണ്ടാം ഭാഗം ഇറങ്ങാന്‍ പോവുകയാണ്. ഇതിന് ജി ആര്‍ ഇന്ദുഗോപന്‍ തന്നെയായിരിക്കും പേന ചലിപ്പിക്കുക എന്നതിന് ഒരുറപ്പും ഇല്ല.
നളിനി ജമീലയും മണിയന്‍ പിള്ളയും അടിസ്ഥാനപരമായി എഴുത്തുകാരല്ല. എന്നാല്‍ അനുഭവങ്ങളുടെ തീച്ചൂള
WD
WD
നെഞ്ചിലേറ്റുന്നവരാണിവര്‍. ഇവര്‍ക്ക് വേണ്ടത് അനുഭവങ്ങളെ പകര്‍ന്നുകൊടുക്കാന്‍ ഒരു പാത്രം മാത്രം. ഈ പാത്രം ഉണ്ടാക്കുകയാണ് ഐ ഗോപിനാഥും ജി ആര്‍ ഇന്ദുഗോപനും ചെയ്തത്. അതായത് അനുഭവങ്ങളുള്ള ആര്‍ക്കും പാത്രം കടമെടുത്ത് ‘സംഗതി’ ഉണ്ടാക്കാം എന്നര്‍ത്ഥം.
ഇങ്ങനെ അനുഭവങ്ങളുടെ തീച്ചൂള നെഞ്ചിലേറ്റുന്നവര്‍ സ്വയമായോ പേന കടമെടുത്തോ എഴുതട്ടെ. ആര്‍ക്കും കൈവയ്ക്കാവുന്ന ഒന്നായി എഴുത്ത് മാറട്ടെ. ഇതില്‍ മെച്ചമായ രീതിയില്‍ എഴുതുന്നവര്‍ നല്ല എഴുത്തുതൊഴില്‍ ചെയ്യുന്നവരായി അറിയപ്പെടട്ടെ. നന്നായി ചിന്തിക്കുന്നവര്‍ ചിന്തയുടെ തീക്ഷ്ണതയുള്ള പുസ്തകങ്ങള്‍ എഴുതട്ടെ. എഴുത്തുകാര്‍ക്ക് എല്ലാവര്‍ക്കും ‘സൂര്യന് താഴെയുള്ള എന്തിനെ പറ്റിയും’ അറിവുണ്ടെന്ന ധാരണ നമുക്ക് അവസാനിപ്പിക്കാം.