എം ടിക്ക് 76 തികഞ്ഞു

Webdunia
ബുധന്‍, 15 ജൂലൈ 2009 (08:54 IST)
PROPRO
മലയാള സാഹിത്യ രംഗത്തെ സൂര്യതേജസാണ് എം ടി വാസുദേവന്‍ നായരെന്ന എം ടി. മലയാളികളുടെ ഹൃദയത്തില്‍ തൂലികയിലൂടെ ഇടം നേടിയ മഹാനായ സാഹിത്യകാരന്‍റെ എഴുപത്താറാമത് ജന്‍‌മദിനമാണ് ജൂലൈ 15.

കോരിച്ചൊരിയുന്ന മഴക്കാലത്താണ് പൊന്നാനിക്കടുത്ത കൂടല്ലൂരില്‍ ജൂലൈ 15ന് എം ടി ജനിക്കുന്നത്. 76 വര്‍ഷത്തിനിടെ 50 വര്‍ഷത്തിലേറെ സാഹിത്യ സപര്യ നടത്തി.

കാലം, രണ്ടാമൂഴം മഞ്ഞ്, നാലുകെട്ട് അസുരവിത്ത് തുടങ്ങി ഒട്ടേറെ നോവലുകളും, ആയിരത്തോളം ചെറുകഥകളും എം ടി എഴുതി. നിര്‍മാല്യം, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ഒരു വടക്കന്‍ വീരഗാഥ, സുകൃതം ആരൂഡം, അക്ഷരങ്ങള്‍, ദയ തുടങ്ങി ഒട്ടേറെ തിരക്കഥകള്‍ രചിച്ചു.

കഥയിലൂടെയും നോവലിലൂടെയും സിനിമയിലൂടെയും മലയാളികളുമായി ഹൃദയസംവാദം നടത്തുന്ന അപൂര്‍വ്വ പ്രതിഭ. സാഹിത്യത്തിലെന്ന പോലെ സാംസ്കാരിക രംഗത്തും അരനൂറ്റാണ്ടായി ദീപ്ത സാനിധ്യമാണ് എം ടി. 76 കഴിഞ്ഞിട്ടും മലയാളികളായ സാഹിത്യ പ്രേമികളുടെ മനസില്‍ എം ടിയ്ക്ക് ചെറുപ്പമാണ്.

കാല്‍പനികമായ അന്തര്‍ധാരയും, ആധുനികമായ അവബോധവും, ഭാഷയിലും ശില്പത്തിലും സ്വീകരിച്ച സൂക്ഷ്മതയും ആണ് എം ടിയുടെ നോവലുകളെയും കഥകളെയും മലയാളിയുടെ പ്രിയങ്കരമാക്കിയത് .

നവോത്ഥാന പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയ്ക്കാണ് അവയുടെ സ്ഥാനം. തകരുന്ന സാമൂഹിക സ്ഥാപനങ്ങള്‍, വ്യക്തിയുടെ ഏകാന്തത തുടങ്ങിയവയാണ് എം ടിയുടെ അടിസ്ഥാന പ്രമേയങ്ങള്‍. നിളാതീരത്തെ ഗ്രാമജീവിതം പ്രിയ പശ്ചാത്തലവും.

മലയാളത്തില്‍ മാധവിക്കുട്ടിയും ബഷീറുമാണ് എം ടിയുടെ പ്രിയ എഴുത്തുകാര്‍. പഴശ്ശിരാജ, നീലത്താമര, നയന്‍റീന്‍‌ത് സ്റ്റെപ് തുടങ്ങിയ സിനിമകളുടെ അണിയറപ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് എം ടി ഇപ്പോഴും‍.