ഇ. സായെക്കുറിച്ചു ക്രി.സാ.

Webdunia
"" ഒരു ഒന്നാംകിട ഈഴവസാഹിത്യകാരനോട് അത്യന്തം അസൂയ തോന്നിയിരുന്ന ഒരു മൂന്നാംകിട ക്രിസ്ത്യാനി ചെറുകഥാകൃത്തുണ്ടായിരുന്നു '' -

ഈഴവ സാഹിത്യകാരനെ സൗകര്യത്തിനുവേണ്ടി ഈസാ എന്നും, തന്നെ ക്രിസാ എന്നും വിളിച്ചുകൊണ്ടു സക്കറിയ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കഥയെഴുതി. (മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ - പ്രസിദ്ധപ്പെടുത്തിയ ആ കഥ ഇലസ്ട്രേറ്റ് ചെയ്തത് കഥയില്‍ പറയുന്ന ഈസാ തന്നെയാണ് - ഒ.വി. വിജയന്‍.)

നാട്ടിലെ ക്ളിക്കുകളില്‍ പെടാതെ മറുനാട്ടില്‍ മലയാളത്തിന്‍െറ ചില ഭാവങ്ങള്‍ പങ്കുവച്ചു തികഞ്ഞ സൗഹൃദത്തില്‍ ഇടയ്ക്കിടെ ഫോണിലൂടെയെങ്കിലും ആശയങ്ങള്‍ കൈമാറി കഴിയുന്ന സക്കറിയയോടു ചോദിച്ചു നോക്കൂ: വിജയന്‍െറ വശ്യസിദ്ധി എന്താണ്?

"" വ്യക്തി എന്ന നിലയില്‍ അത്രയ്ക്കു മനംകവരുന്ന ആളല്ല വിജയന്‍. സാധാരണ ആളുകള്‍ ഇഷ്ടപ്പെടുന്ന രീതിയിലൊന്നും വിജയന്‍ ഇടപെടുകയില്ല. പിന്നെ വശ്യശക്തി എന്തെന്നുചോദിച്ചാല്‍ ജീനിയസ് തന്നെ.''

" ഖസാക്കിന്‍െറ ഇതിഹാസം' കൊണ്ടു മലയാള നോവലിനെ റൊമാന്‍റിക് സങ്കല്പത്തിന്‍െറ ഏറ്റവും ഉന്നതശിഖരത്തില്‍ എത്തിച്ച വിജയന്‍ പിന്നീട് എഴുതിയതൊക്കെ തനിക്കുവേണ്ടി തന്നെയാണെന്നു തോന്നുന്നു. ഒരാള്‍ക്ക് ഏതായാലും ഖസാക്കിന്‍െറ പകര്‍പ്പുകള്‍ പടച്ചുവിട്ടു കൊണ്ടിരിക്കാന്‍ പറ്റില്ലല്ലോ. പില്‍ക്കാലത്തു രചനകളില്‍ മാനസികമായി ഒത്തിരി പരിവര്‍ത്തനങ്ങള്‍ വന്നതാണു പ്രതിഫലിക്കുന്നത്.

" പ്രവാചകന്‍െറ വഴി'യില്‍ അടക്കം ആധ്യാത്മിക ദര്‍ശനത്തിന്‍റെ നിഴല്‍വീണുകിടക്കുന്നു. നോവലിസ്റ്റ് എന്ന നിലയില്‍ ഓരോ ഘട്ടത്തിലും വളരുകയും ഉയരുകയും ചെയ്യുകയാണു വിജയന്‍. മലയാളി നോവലിസ്റ്റുകള്‍ ഇന്നേവരെ കൈവയ്ക്കാത്ത മേഖലയിലാണ് അദ്ദേഹം വ്യാപരിക്കുന്നത്.

വിജയന്‍െറ ഏറ്റവും നല്ല സൃഷ്ടികളില്‍ ചിലതു ചെറുകഥകളാണെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. പക്ഷെ ചെറുകഥ ഒരിക്കലും ഒരാളെ മഹാനായ എഴുത്തുകാരനാക്കുന്നില്ല. നോവലിന്‍െറ വലിയ കാന്‍വാസാണ് എഴുത്തുകാരന്‍െറ ഏറ്റവും വലിയ വെല്ലുവിളി. പണ്ടുകാലത്തു കവിയാണെങ്കില്‍ മഹാകാവ്യം എഴുതണമെന്നുപറഞ്ഞിരുന്നതുപോലെയാണത്. ക്രാഫ്റ്റിനോടും ഭാഷയോടുമുള്ള വെല്ലുവിളിയെ എഴുത്തുകാരന്‍ നേരിടേണ്ടതു നോവലിലൂടെ തന്നെയാണ്.

ക്ളിഷേകളില്‍നിന്ന് അവനവന്‍ എഴുതുന്ന മലയാളത്തെ ബോധപൂര്‍വം മുക്തമാക്കിയ ആളാണ് വിജയന്‍. അതേപോലെ, വിജയനെ അനുകരിക്കാന്‍ ശ്രമിക്കുന്നത്ര അപകടം വേറെയില്ലതാനും. അനുകര്‍ത്താക്കള്‍ ഏറ്റവും ഉപരിപ്ളവമായ ചാലുകളിലേക്ക് വഴുതിവീഴും. വിജയനു സ്വന്തം ക്ളിഷേകളെ ഏപ്പോഴും രക്ഷിക്കാനറിയാം.

ടൈമിംഗ്, പ്ളെയ്സ്മെന്‍റ് എന്നിവ അനുപമമാണ്. അത് അനുകരിച്ചാല്‍, വിജയന്‍െറ ഒരൊറ്റ വാക്കുപോലും ശരിക്ക് എടുത്തു നമുക്ക് ഉപയോഗിക്കാന്‍ പ്രയാസമാണ്. അതുതൊട്ടാല്‍ തീര്‍ന്നു. വിജയന്‍േറത് ഒരുതരം ഞാണിന്മേല്‍ കളിയാണ്. വാസ്തവത്തില്‍ പൈങ്കിളിയും വിജയനും തമ്മിലുള്ള അതിര്‍വരമ്പ് വളരെ ലോലമാണ്. ഒരു മുടിനാരിന്‍െറ വ്യത്യാസമേ കാണൂ.

എന്നാല്‍ ആ പോയിന്‍റില്‍വച്ചു വിജയന്‍െറ റൊമാന്‍റിസിസം ശതകോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ഉയരുന്നു. വിജയന്‍ ഒട്ടേറെ വാക്കുകളെ ഇങ്ങനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവയ്ക്കു പുതിയ ജീവന്‍ പകര്‍ന്നിട്ടുണ്ട്.




രാഷ്ട്രീയം



വിജയന്‍െറ രാഷ്ട്രീയ വിശകലനങ്ങള്‍ വളരെ ശ്രദ്ധേയങ്ങളാണ്. മലയാളത്തിലെ ശരാശരി എഴുത്തുകാരനു വ്യക്തമായ രാഷ്ട്രീയ ധാരണകളൊന്നുമില്ല. രാഷ്ട്രീയ ചിന്തയ്ക്കുവേണ്ടി ആരുംതന്നെ മലയാള ഭാഷയെ ഗൗരവപൂര്‍വം ഉപയോഗിച്ചിട്ടുമില്ല - വിജയനൊഴികെ.

പത്രക്കാരും, രാഷ്ട്രീയക്കാരും രാഷ്ട്രീയവിമര്‍ശകര്‍, വ്യാഖ്യാതാക്കള്‍ എന്നു വിശേഷിപ്പിക്കുന്നവരും വെറും കക്ഷിവിചാരത്തില്‍ മുഴുകി കഴിയുകയാണ്. ചരിത്രത്തോടും സമൂഹത്തിന്‍െറ മനഃശാസ്ത്രത്തോടും ബന്ധപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ വിശകലത്തിനും വിജയന്‍ മാത്രമേ മുതിര്‍ന്നിട്ടുള്ളു.

പ്രത്യയശാസ്ത്രം എന്നൊക്കെ പറയുന്നത് ഉടുപ്പുപോലെയാണ്. ആവശ്യമില്ലെങ്കില്‍ ഊരിക്കളയണം. മാറിചിന്തിക്കാന്‍ അറിയാത്തതുകൊണ്ടും, ചിന്തിക്കാന്‍ തന്നെ അറിയാത്തതുകൊണ്ടും അതില്‍ കുടുങ്ങിക്കിടക്കുകയാണു പലരും. പ്രത്യയശാസ്ത്രചിന്തയ്ക്ക് എന്തെങ്കിലും മാന്യതയും പാഠഭേദവും വന്നിട്ടുണ്ടെങ്കില്‍ അതില്‍ വിജയനു പങ്കുണ്ട്. മറ്റെല്ലാം പോളമിക്കല്‍ ആക്രമണങ്ങള്‍ മാത്രമായിരുന്നു.

വിജയന്‍െറ കാര്‍ട്ടൂണിനു മാസ് അപ്പീല്‍ ഇല്ല. ബുദ്ധിപരമായി ഉന്നതതലത്തില്‍ നില്‍ക്കുന്ന, അതിശക്തമായ കാര്‍ട്ടൂണാണ് വിജയന്‍േറത്.

വിജയന് 1990-വരെ സാഹിത്യ അക്കാദമി അവാര്‍ഡുകൊടുക്കാതിരുന്നതില്‍ അദ്ഭുതപ്പെടാനെന്തിരിക്കുന്നു. വളരെ ബാലിശമാണ് അവരുടെ കാര്യം. വിജയനു പുരസ്കാരം നല്‍കാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നെങ്കില്‍ അവര്‍ക്കു കണ്ണും മൂക്കും ചെവിയുമൊന്നുമില്ലെന്നാണ് അതിന് അര്‍ഥം.

മലയാളത്തില്‍ നിരൂപണവും വിമര്‍ശനവുമില്ല. ഒന്നുകില്‍ അന്ധമായ പ്രശംസ. അല്ലെങ്കില്‍ മ്ലേച്ചമായ ആക്രമണം. ഇവയ്ക്കിടയില്‍ ഒന്നുമില്ല. ഒരു ഖസാക്കിന്‍െറ പിറകേ അവര്‍ നാലഞ്ചുകൊല്ലം ഓടും. പിന്നെ ഒന്നുമില്ല.

വിജയന്‍ എന്ന മനുഷ്യനെപ്പറ്റി, സ്നേഹിതനെപ്പറ്റി പറയുമ്പോള്‍, വ്യക്തിപരമായി ഒത്തിരി വേദനകള്‍ അനുഭവിക്കുന്ന മനുഷ്യനാണ്. അതു വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. വിജയന്‍ സ്വയം രക്തസാക്ഷിത്വം വരിക്കുകയാണ്. സ്വയം പീഡനം, ഇതു ജീനിയസിന്‍െറ ജീവിതവ്യഥയുടെ ഭാഗമാണ്. വിജയന്‍െറ പാത വേദനയുടേതാണ്.

അതില്‍നിന്നു മാറുവാന്‍ വിജയന് ഇഷ്ടമല്ല. ഇരുണ്ട, മ്ലാനമായ ഒരു ദര്‍ശനമാണത്. അധ്യാത്മികതകൊണ്ടാണു വിജയനു തന്‍െറ കഥാപാത്രങ്ങള്‍ക്കു മോക്ഷം കൊടുക്കാന്‍ കഴിയുന്നത്. എന്നാല്‍ ഈ അധ്യാത്മികതയില്‍പോലും പ്രസാദമില്ല.

ആശയുടെ അംശമില്ല. ആനന്ദമില്ല. പിന്നെ ദൈവസങ്കല്പത്തിന്‍െറ അര്‍ഥമെന്താണ്? നമ്മുടെ ജീവിതത്തില്‍ അല്പമെങ്കിലും പ്രസാദം ചൊരിയേണ്ടതല്ലേ ദൈവം എന്തായാലും വിജയന്‍െറ വഴി ഇതാണ്.