ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ വിജയിപ്പിച്ചാല്‍ എല്ലാ കുടുംബങ്ങള്‍ക്കും മാസം 10 ലിറ്റര്‍ ശുദ്ധവും മികച്ചതുമായ ബ്രാന്‍ഡി തരും. ഇത് ഒരു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. തമിഴ്‌നാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എഎം ഷെയ്ഖ് ദാവൂദാണ് ഈ വാഗ്ദാനം ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നത്.ബ്രാന്‍ഡി ലഭിക്കണമെങ്കില്‍ ദാവൂദ് ഒരു നിബന്ധന മുന്നോട്ട് വെക്കുന്നുണ്ട്. ചികിത്സയുടെ ആവശ്യത്തിന് ബ്രാന്‍ഡി ആവശ്യമുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കുന്നതിനിടയിലാണ് ഷെയ്ഖ് ദാവൂദ് ഇത് വരെ ആരും നല്‍കാത്ത വാഗ്ദാനവുമായി രംഗതെത്തിയിരിക്കുന്നത്. തിരുപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഷെയ്ഖ് ദാവൂദ് മത്സരിക്കുന്നത്. ഈറോഡ് ജില്ലയിലെ അന്തിയൂര്‍ സ്വദേശിയാണ് ഷെയ്ഖ് ദാവൂദ്. നോമിനേഷന്‍ പത്രിക തയ്യാറാക്കുന്നതിന് വേണ്ടി കളക്‌ട്രേറ്റിലെത്തിയ ഷെയ്ഖ് ദാവൂദ് മാധ്യമങ്ങളോട് സംസാരിച്ചു.
ചികിത്സക്ക് വേണ്ടി ബ്രാന്‍ഡി ആവശ്യമുള്ളവര്‍ക്ക് ഞാന്‍ 10 ലിറ്റര്‍ ബ്രാന്‍ഡി ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും നല്‍കും. പോണ്ടിച്ചേരിയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ആണ് ബ്രാന്‍ഡി നല്‍കുക. 25000 രൂപ ഓരോ കുടംുബങ്ങള്‍ക്കും നല്‍കും. മെട്ടൂരില്‍ നിന്ന് തിരുപ്പൂരിലേക്ക് കനാല്‍ നിര്‍മ്മിക്കും. വിവാഹ ധനസഹായമായി 10 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപയും തരും. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്നും ഷെയ്ഖ് ദാവൂദ് പറഞ്ഞു.