ദക്ഷിണേന്ത്യയിൽ രാഹുൽ മത്സരിക്കണമെന്ന് ആദ്യം നിർദേശിച്ചത് യെച്ചൂരി

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (15:18 IST)
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലെ ഒരിടത്തു നിന്നു കൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദേശം ആദ്യം മുന്നോട്ട് വച്ചത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് തെക്കെ ഇന്ത്യയിലും ഇത് ശക്തപകരും എന്നതിനാലാണ് ഇദ്ദേഹം ഈ ആശയം മുന്നോട്ട് വച്ചത്. ഈ ആശയത്തെ യുപിഎയിലെ സഖ്യകക്ഷികളും പിന്തുണച്ചിരുന്നു. കർണ്ണാടകയിലെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി ജനവിധി തേടും എന്നാണ് പൊതുവേ കരുതിയിരുന്നത്. 
 
രാഹുല്‍ ഗാന്ധിക്ക് വേണ്ടി തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് സ്റ്റാലിന്‍ ആവശ്യമുയര്‍ത്തി. ഇത്തവണ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തമിഴ്‌നാട്ടില്‍ വന്‍ നേട്ടമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കര്‍ണാടകയില്‍ നിന്നും രാഹുല്‍ മത്സരിക്കണം എന്ന ആവശ്യം ഉയര്‍ന്നു. ബിജെപിയോട് നേര്‍ക്ക് നേര്‍ പോരാടാന്‍ കര്‍ണാടക തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന നിര്‍ദേശം മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുളള നേതാക്കള്‍ മുന്നോട്ട് വെച്ചു. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരണം എന്ന് കേരളത്തിലെ നേതാക്കളും ആവശ്യപ്പെട്ടു. 
 
വയനാട്ടില്‍ ഗ്രൂപ്പ് പോര് മൂലം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെ അനിശ്ചിതത്വത്തില്‍ നില്‍ക്കുകയായിരുന്നു.
കര്‍ണാടകത്തില്‍ മത്സരിക്കുന്നത് റിസ്‌കാണെന്ന് വിലയിരുത്തിയ ഹൈക്കമാന്‍ഡ് ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്ന നിലയ്ക്ക് വയനാട് തിരഞ്ഞെടുക്കുകയായിരുന്നു. സിപിഎമ്മിനേയും സീതാറാം യെച്ചൂരിയേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച തീരുമാനം. മാര്‍ച്ച് 23നാണ് വയനാട് തിരഞ്ഞെടുക്കുമെന്ന സൂചന രാഹുല്‍ ആദ്യമായി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article