ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ചലച്ചിത്ര രംഗത്തു നിന്നും നായികമാരുമുണ്ട്. ബോളിവുഡിന്റെ ഡ്രീം ഗേളും ഉത്തർ പ്രദേശിലെ മധുരയിലെ സിറ്റിംങ് എംപിയുമായ ഹേമാ മാലിനി, ജയപ്രദ, സുമലത, ഊർമിള മഡോദ്കർ തുടങ്ങി ബിഗ് സ്ക്രീനിൽ നിറഞ്ഞ നായികമാർ ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ബിജെപി സീറ്റില്‍ ഹേമമാലിനിയും ജയപ്രദയും ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ സുമലത മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലാകട്ടെ 41 ശതമാനത്തോളം വനിതകളാണ്.
സ്വപ്നസുന്ദരി ഇത്തവണ വൈറലായത് രണ്ട് കാര്യങ്ങളിലാണ്. ഒഴിഞ്ഞ കസേരകൾ സാക്ഷിയാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം, ഉത്ഘാടകനായി വന്നതോ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, പരിപാടിക്കായി പ്രവർത്തകർ ഏർപ്പെടുത്തിയത് രണ്ടായിരത്തോളം കസേരകളാണ്, എന്നാൽ എത്തിയതോ മാധ്യമ പ്രവർത്തകരും വളരെക്കുറച്ച് പ്രവർത്തകരുമാണ്. ഒഴിഞ്ഞ കസേരകളോടുള്ള യോഗി ആദിത്യനാഥിന്റെ പ്രസംഗം അങ്ങനെ വൈറലായി.
രണ്ടാമത്തെ വൈറൽ ടൈറ്റിൽ ശതകോടീശ്വരിയായ ബിജെപി സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ഹേമാമാലിനിയുടെ സമ്പാദ്യം 101 കോടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോടികളുടെ വളർച്ച.
ബിജെപി ടിക്കറ്റിൽ റാമ്പൂരിൽ ജയപ്രദ മത്സരിക്കുന്നത് ഒരു പ്രതികാര കണക്ക് തീർക്കാൻ കൂടിയാണ്. തെലുങ്കു ദേശം പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ജയപ്രദ ചന്ദ്രബാബു നായിഡുവുമായി തെറ്റി പാർട്ടി വിട്ടു. പിന്നീട് എസ്പിയിലേക്ക്, രണ്ട് തവണ എസ്പി ടിക്കറ്റിൽ എംപിയായി. പിന്നീട് എസ്പിയും വിട്ടു. മത്സരത്തിൽ കച്ച മുറുക്കുമ്പോൾ എസ്പി നേതാവ് അസം ഖാൻ തന്നെയാണ് ജയപ്രദയുടെ വില്ലൻ. അസം ഖാനിൽ നിന്നുണ്ടായ പീഡനത്തെ തുടർന്നാണ് താൻ പാർട്ടി വിട്ടതെന്ന് നേരത്തെ ജയപ്രദ തുറന്നടിച്ചിരുന്നു. തനിക്കെതിരെ ആസിഡ് ആക്രമണത്തിനു പോലും അസം ഖാൻ തുനിഞ്ഞിരുന്നുവെന്നായിരുന്നു ജയപ്രദയുടെ ആരോപണം. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന അവർ പ്രതികരിച്ചത് ബിജെപിയിൽ ചേർന്നത് നിർണ്ണായക നിമിഷമെന്നായിരുന്നു.
മലയാളികളുടെ സ്വന്തം ക്ലാര. മുൻ കേന്ദ്ര എംപിയും മാണ്ഡ്യെ എംപിയും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യ. കർണ്ണാടകത്തിലെ മാണ്ഡ്യ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയെ നിർത്താതെ ബിജെപി ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അംബരീഷ് മരിച്ചപ്പോൾ സീറ്റ് തനിക്ക് നൽകുമെന്നായിരുന്നു സുമലതയുടെ പ്രതീക്ഷ. എന്നാൽ ലഭിച്ചതോ ജെഡിഎസിന്. അംബരീഷിനോടുള്ള ആരാധകരുടെ സ്നേഹം വോട്ടായി മാറുമെന്നാണ് സുമലതയുടെ പ്രതീക്ഷ.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ 41 ശതമാനം വനിതകളാണ്. കൂട്ടത്തിൽ അഞ്ചോളം നടികളും ബേഹ്ഹെഡ് മണ്ഡലത്തിൽ നിന്ന് നടി നുസ്‌രത് ജഹാൻ മത്സരിക്കും. സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു സുബതാ ബോസിനെ ഒഴിവാക്കി ഇത്തവണ ജാദവ്പൂരിൽ സീറ്റ് നൽകിയിരിക്കുന്നത് നടി മിമി ചക്രവർത്തിക്കാണ്.
കഴിഞ്ഞ മാസം 27നായിരുന്നു രാഹുൽ ഗാന്ധിയിൽ നിന്ന് അംഗത്വം സ്വീകരിച്ച് ഊർമിള മഡോദ്കർ കോൺഗ്രസിൽ എത്തിയത്. മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നും സ്ഥാനാർത്ഥിയായെക്കുമെന്നാണ് റിപ്പോർട്ടുകൾ.ബിഗ് സ്ക്രീനിൽ നിന്നും തെരഞ്ഞെടുപ്പ് അംഗത്തിനിറങ്ങുമ്പോൾ ആരോക്കെ ഹിറ്റാകുമെന്ന് ഇനി കണ്ടറിയാം