ഒരു ദിവസംകൊണ്ട് എല്ലാം പഠിക്കണം!

Webdunia
WDDIVISH
ഒരിടത്ത് ഒരു ബാലനുണ്ടായിരുന്നു. കളികളെക്കാളും, എന്തിനേറെ, ഭക്ഷണത്തെക്കാളും അവന് താല്പര്യം പൂജാദി കാര്യങ്ങളിലായിരുന്നു. . അവന് പൂജാരിയാകണമെന്നായിരുന്നു ആഗ്രഹം. പക്ഷെ, ഒരു ദിവസം കൊണ്ട് പൂജ പാഠങ്ങള്‍ എല്ലാം പഠിച്ചു തീര്‍ക്കണമെന്നായിരുന്നു അവന്‍റെ വാശി.

ഇക്കാര്യം ബാലന്‍ അവന്‍റെ പിതാവിനെ അറിയിച്ചു. ഇത് ഒരിക്കലും സാദ്ധ്യമല്ലെന്ന് അവന്‍റെ പിതാവ് പറഞ്ഞു. നിരാശനാവാതെ ലക്‍ഷ്യ പൂര്‍ത്തീകരണത്തിനായി അവന്‍ വീട് വിട്ട് ഇറങ്ങി. ദൈവത്തെ തപസ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി.

തപസില്‍ പ്രീതി പൂണ്ട ദൈവം പ്രത്യക്ഷനായി ചോദിച്ചു

മകനേ എന്തു വരമാണ് വേണ്ടത്?

‘എനിക്ക് പൂജാപാഠങ്ങള്‍ ഒരു ദിവസം കൊണ്ട് പഠിക്കണം’

ദൈവം ഒന്നു ചിരിച്ചു, ശരി മകനേ നീ കുറച്ചു നേരം ചുറ്റുപാടുകള്‍ ശ്രദ്ധിച്ച് നടന്നു വരൂ എന്നായി ദൈവം.

അതനുസരിച്ച് യുവാവ് നടക്കാനിറങ്ങി. കുറച്ച് നടന്നപ്പോള്‍ യുവാവ് ഒരു പുഴ കണ്ടു. പുഴയുടെ കരയിലിരുന്ന് ഒരു വൃദ്ധന്‍ മണ്ണ് വാരി പുഴയിലേക്ക് എറിയുന്നത് കണ്ടു. ഇതില്‍ കൌതുകം പൂണ്ട യുവാവ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു.

‘എനിക്ക് ഒറ്റ ദിവസം കൊണ്ട് ഈ പുഴ നികത്തണം’.

യുവാവ് പൊട്ടിച്ചിരിച്ചു. ‘അസാദ്ധ്യം തന്നെ’

‘ഒരു ദിവസം കൊണ്ട് പൂജപാഠങ്ങള്‍ പഠിക്കാമെങ്കില്‍ ഒരു ദിവസം കൊണ്ട് എനിക്ക് ഈ പുഴ തൂര്‍ക്കാം’, വൃദ്ധന്‍ അവനോട് പരിഹാസ രൂപേണ പറഞ്ഞു.

അപ്പോഴാണ് യുവാവിന് തന്‍റെ തെറ്റ് മനസ്സിലായത്. അയാള്‍ നല്ലൊരു ഗുരുവിന്‍റെ ശിഷ്യനായി. കഠിനമായ പരിശ്രമം കൊണ്ട് പൂജാ പാഠങ്ങള്‍ ഹൃദിസ്ഥമാക്കി മികച്ച ഒരു പൂജാരിയായി.

ഗുണപാഠം: ലക്‍ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഠിനമായ പരിശ്രമം ആവശ്യമാണ്.