കേരളം മുന്‍‌നിരയില്‍, പക്ഷെ...

Webdunia
പല രംഗങ്ങളിലും ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കൊച്ചുകേരളം മുന്‍‌പന്തിയിലാണ്. ഇന്ത്യയ്ക്കും ചിലപ്പോള്‍ ലോകത്തിനും തന്നെ മാതൃകയുമാണ്. പക്ഷെ, കേരളത്തിന്‍റെ നേട്ടങ്ങള്‍ നിലനില്‍ക്കുന്നതാണോ ? ചില രംഗങ്ങളിലുള്ള മേല്‍ക്കോയ്മ മറ്റ് ചില രംഗങ്ങളിലെ നിസ്സഹായാവസ്ഥയ്ക്ക് കാരണമാവുന്നില്ലേ ?

കേരള പിറവി ദിനത്തില്‍ ആലോചിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണിത്. പ്രധാനമായും കൃഷി. കൃഷി രംഗത്ത് എത്രയോ നേട്ടങ്ങള്‍ നാം കൈവരിച്ചു എങ്കിലും ഒരിക്കല്‍ പോലും കാര്‍ഷിക സ്വയം പര്യാപ്തത നേടാന്‍ കഴിഞ്ഞിട്ടില്ല. തമിഴ്നാടും ആന്ധ്രയും പഞ്ചാബും കനിഞ്ഞില്ലെങ്കില്‍ കേരളം പട്ടിണിയിലാവും. അരിയുടെ കാര്യത്തില്‍ ഇതാണ് സ്ഥിതി. പച്ചക്കറി, മുട്ട, പാല്‍ തുടങ്ങി പൂവിനു പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളത്തിന്‍റെ നിലനില്‍പ്പ്.

ഏറ്റവുമധികം കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണ് കേരളത്തിലെ ആരോഗ്യ പരിപാലന രീതി. പക്ഷെ, രണ്ട് വര്‍ഷം മുമ്പ് ചിക്കുന്‍ ഗുനിയ വന്നപ്പോഴാണ് ഈ പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ പുറത്തുവന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഉണ്ട് എന്നതു തന്നെ കേരളത്തിലെ നല്ലൊരു ശതമാനം ആളുകള്‍ രോഗികളാണ് എന്നതിന്‍റെ സൂചനയായാണ് കാണേണ്ടത് എന്ന സ്ഥിതിവരെ ഉണ്ടായി.

ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍, ഹൃദ്രോഗികള്‍, മാനസിക രോഗികള്‍, ജീവിതശൈലീജന്യ രോഗങ്ങള്‍ ഉള്ളവര്‍ എല്ലാം കേരളത്തിലാണ്. ഇത് വളരെ ആപല്‍ക്കരമായ സൂചനയാണ്.


വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. സാക്ഷരതയും പ്രാഥമിക വിദ്യാഭ്യാസവും കൂടുതല്‍ കേരളത്തില്‍ തന്നെ. പക്ഷെ, ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ കുറവാണ്. മികച്ച പദവികളില്‍ എത്തുന്ന മലയാളികളില്‍ പലരും കേരളത്തിനു പുറത്ത് പഠിച്ചവരാണ്.

കേരളത്തില്‍ ദരിദ്രരും ധനികരും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു വലിയ നേട്ടമാണ്. തൊഴിലാളികള്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മാന്യമായ കൂലി ഉറപ്പാക്കാനും കഴിഞ്ഞു. എന്നാല്‍ ക്രമേണ കേരളത്തിലെ തൊഴില്‍ശക്തി ശോഷിച്ചു വരുന്നതായാണ് കാണുന്നത്. നാലക്ഷരം പഠിച്ചാല്‍ പിന്നെ വെള്ളക്കോളര്‍ പണി മാത്രമേ ചെയ്യൂ എന്ന വാശിയാണ് പലര്‍ക്കും.

കേരളത്തില്‍ ഉയര്‍ന്ന ജീവിത നിലവാരമുണ്ട്. മാനവ ജീവിത ഗുണതയുമുണ്ട്. എന്നാല്‍ ജീവിത സംതൃപ്തിയുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നു. ദേശീയ സംതൃപ്തി സൂചിക അഥവാ ഗ്രോസ് നാഷണല്‍ ഹാപ്പിനെസ് എന്ന അളവുകോല്‍ വച്ചാണ് ഇപ്പോള്‍ ജീവിത നിലവാരം അളക്കുന്നത്. കേരളത്തില്‍ ഈ സൂചിക ഇനിയും ഉയരേണ്ടതുണ്ട് എന്നാണ് വിദഗ്ദ്ധ മതം.

കേരളം തീവ്രവാദികളുടെ പറുദീസയും പരിശീലന കളരിയുമായി മാറിയിരിക്കുന്നു എന്നതാണ് ഭീഷണവും വിഹ്വലവുമായ സമകാലിക യാഥാര്‍ത്ഥ്യം. എല്ലാ നേട്ടങ്ങള്‍ക്കിടയിലും ഇത്തരം കരിനിഴലുകള്‍ കേരളത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്‍റെ 1.18 ശതമാനം വരുന്ന ഭൂപ്രദേശമാണ് കേരളം. അവിടെ പക്ഷെ, 3.44 ശതമാനം ആണ് ജനസംഖ്യ. 749 ജനസാന്ദ്രത.

എങ്കിലും ഈ കൊച്ചു ഭൂപ്രദേശത്തു നിന്നും ഇന്ത്യയ്ക്ക് മാര്‍ഗ്ഗ ദര്‍ശകമായി പലതും ഉണ്ടാവുന്നു എന്നത് ശുഭകരമായ കാര്യം തന്നെയാണ്. കൂടുതല്‍ മെച്ചമായ കാര്യങ്ങളിലേക്ക് കേരളം ചെന്നെത്തുമെന്ന് ഈ പിറന്നാള്‍ ദിനത്തില്‍ പ്രത്യാശിക്കണം.