കമ്പ്യൂട്ടറിലെയും ഇന്‍റര്‍നെറ്റിലെയും മലയാളം

Webdunia
കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഇംഗ്ലീഷിനും ചില പാശ്ചാത്യ ഭാഷകള്‍ക്കും മാത്രം വഴങ്ങുന്ന ഒരു കാലഘട്ടത്തില്‍ മലയാളത്തെ ഇന്‍റര്‍നെറ്റിന്‍റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രമുഖ സ്ഥാപനമാണ് വെബ്‌ദുനിയ ഡോട്ട് കോം.

ഹിന്ദി എന്ന ഇന്ത്യന്‍ ഭാഷ ആദ്യമായി ഇന്‍റര്‍നെറ്റിലേക്ക് പ്രതിഷ്ഠിച്ച വെബ്‌ദുനിയ പിന്നീട് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകള്‍ക്കും ഇന്‍റര്‍നെറ്റില്‍ സ്ഥാനം നേടിക്കൊടുത്തു.

അതിന് അല്‍പ്പം മുമ്പ് ദീപിക, മനോരമ, കൌമുദി തുടങ്ങിയ പത്രസ്ഥാപനങ്ങളും ഇന്ത്യ ഇന്‍ഫോയും സത്യവും അവരവര്‍ ഉപയോഗിക്കുന്ന ലിപികളിലൂടെ ചെറിയ രീതിയില്‍ ഇന്‍റര്‍നെറ്റില്‍ മലയാളത്തിന്‍റെ വരവറിയിച്ചിരുന്നു.

വെബ്‌ലോകം ഡോട്ട് കോം എന്ന പേരില്‍ വെബ്‌ദുനിയ തുടങ്ങിയ മലയാളം ഭാഷാ പോര്‍ട്ടലാണ് ലോക മലയാളിയുടെ അടുത്തേക്ക് ഇന്‍റര്‍നെറ്റിലെ മലയാളത്തെ എത്തിച്ചത് എന്നു പറയാം. ഇന്ന് ഏറ്റവുമധികം മലയാളം ലേഖനങ്ങള്‍ സൂക്ഷിക്കുന്ന ഇന്‍റര്‍നെറ്റ് സ്രോതസ്സാണ് മലയാളം ഡോട്ട് വെബ്‌ദുനിയ ഡോട്ട് കോം. മലയാളം വിക്കിപീഡിയയും മലയാളം ബ്ലോഗുകളും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ധാരാളമായ മലയാളം ലേഖനങ്ങളും വാര്‍ത്തകളും മറ്റും നല്‍കുന്നുണ്ട്.


ലിപ്യന്തരണം (ട്രാന്‍സ്‌ലിറ്ററേഷന്‍) വഴി ഒട്ടേറെ പേര്‍ക്ക് ഇന്ന് ബ്ലോഗുകളിലൂടെയും മറ്റും ഇന്‍റര്‍നെറ്റില്‍ മലയാളം ടൈപ്പ് ചെയ്ത് കയറ്റനാവുന്നുണ്ട്. ഇതിനായി മൊഴി, വരമൊഴി തുടങ്ങിയ മലയാളികള്‍ തന്നെ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളുണ്ട്.

ഇവയെല്ലാം യൂണികോഡ് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്ത് എല്ലായിടത്തും ആളുകള്‍ക്ക് എളുപ്പത്തില്‍ മലയാളം കാണാനും വായിക്കാനും ടൈപ്പ് ചെയ്യാനും സാധിക്കുന്നു.

ഇന്ന് ബ്ലോഗുകളില്‍ മലയാള ആനുകാലികങ്ങളില്‍ പലതിലും വരുന്നതിനേക്കാള്‍ ഗുണനിലവാരമുള്ള കവിതകളും കഥകളും ലേഖനങ്ങളും അഭിപ്രായങ്ങളുമെല്ലാം വരുന്നുണ്ട്. എല്ലാ മലയാളിക്കും സ്വന്തം അഭിപ്രായം ലോകത്തോട് പറയാനുള്ള വേദിയായിരിക്കുകയാണ് ബ്ലോഗുകള്‍. വെബ്‌ദുനിയയ്ക്കുമുണ്ട് മൈ വെബ്‌ദുനിയ എന്ന ബ്ലോഗ് സംവിധാനം. ഇതില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട്.

എന്നാല്‍ പല ബ്ലോഗുകാരും അന്ത:സാര ശൂന്യമായ ചര്‍ച്ചകള്‍ക്കും തെറിവിളികള്‍ക്കും വിവാദങ്ങള്‍ക്കും ഒക്കെയായി വെറുതേ കിട്ടുന്ന ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നു എന്ന കാര്യവും മറന്നുകൂട. ഇതും മലയാളിയുടെ സഹജമായ ഒരു വാസനയായിരിക്കാം.