ട്രക്കിംഗിന് പേരുകേട്ട വെള്ളാരി മല

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2009 (20:12 IST)
വിനോദ സഞ്ചാരികള്‍ക്ക് എന്നും അത്ഭുതമായിട്ടുള്ള വനാന്തരങ്ങളുടെയും മലകളുടെയും വശ്യത ഏകോപിക്കുന്നിടമാണ് ഇവിടം - വെള്ളാരി മല. പ്രകൃതിയുടെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ച് ഇവിടെ പ്രതിഷ്ഠിച്ചപോലെ തോന്നും.

കോഴിക്കോട് ജില്ലയില്‍ വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന മനോഹരമായ കുന്നിന്‍ പ്രദേശമാണ് വെള്ളാരി മല. കാമെല്‍സ് ഹമ്പ് മൌണ്ടെയിന്‍സ് എന്നും ഇതിന് പേരുണ്ട്. ട്രക്കിംഗിന് ഏറെ പ്രശസ്തമാണിവിടം. തെക്കന്‍ വയനാട് ഡിവിഷനിലെ മേപ്പടി ഫോറെസ്റ്റ് റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശ്ശേരി റേഞ്ചിലുമായാണ് ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നത്. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ആനക്കമ്പൊയിലില്‍ നിന്ന് നടന്നെത്താവുന്ന ദൂരമേ ഇങ്ങോട്ടുള്ളൂ.

മുത്തപ്പന്‍ പുഴയില്‍ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. രണ്ട് മണിക്കൂറോളം നീളുന്ന യാത്ര സഞ്ചാരികളെ പ്രകൃതിയുമായി ഏറെ അടുപ്പിക്കുന്നു. കിളികളും മുയല്‍ മാന്‍ തുടങ്ങിയ മൃഗങ്ങളും തീര്‍ക്കുന്ന നിഷ്കളങ്കതയും കാട്ടാന പോലുള്ള വന്യ ജീവികള്‍ സൃഷ്ടിക്കുന്ന ഭീകരതയും ഈ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അനുഭവിക്കാനാവും.

വല്ലാത്തൊരനുഭൂതിയാണ് വെള്ളാരിമലയുടെ മുകളിലെത്തിയാല്‍ അനുഭവപ്പെടുക. കൊടും കാടിനു നടുവില്‍ ഒരു വലിയ മൈതാനം പോലെയാണ് ആ പ്രദേശം. കാടുവിന് നടുവിലൂടെ കളകളാരവം മുഴക്കിയൊഴുകുന്ന അരുവികള്‍, അതിലൂടെ അലയടിച്ചെത്തുന്ന ശീതളമായ കാറ്റ്...ഒരു ഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന നീലഗിരി കുന്നുകളും മറുഭാഗത്ത് ശാന്തമായി കിടക്കുന്ന ചാലിയാര്‍ താഴ്വരകളും. ഇവയെല്ലാം വെള്ളാരി മലയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇവിടെ നിന്നുല്‍ഭവിക്കുന്ന ഇരുവഞ്ചിപ്പുഴ ആനക്കംപൊയിലിന് സമീപം മനോഹരമായ ഒരു വെള്ളച്ചാട്ടമായി മാറി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

കല്ലുകളില്‍ രൂപം കൊണ്ട നിരവധി ഗുഹ നിര്‍മ്മിതികള്‍ ഈ വനാന്തരത്തില്‍ കാണാം. വെള്ളാരി മലയുടെ സമീപത്തുള്ള മറ്റൊരാകര്‍ഷണമാണ് വെള്ളിയം കല്ല്. ഈ വലിയ പാറക്കെട്ട് കുഞ്ഞാലിമരയ്ക്കാര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ താവളമായി ഉപയോഗിച്ചിരുന്നത്രെ!