തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയിലേക്കുള്ള വഴി മധ്യേയുള്ള ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ് കല്ലാര്‍. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള കല്ലാറിന് ആ പേര് ലഭിച്ചത് ഇവിടെ സുലഭമായ വെള്ളാരം കല്ലുകളില്‍ നിന്നാണ്.
കാടും അരുവിയും ഗ്രാമീണ ജീവിതവും എല്ലാം ചേരുന്ന ഒരു സുന്ദര പ്രദേശമാണ് കല്ലാര്‍. ശാന്ത സുന്ദരമായി ഒഴുകുന്ന കല്ലാര്‍ നദിയുടെ ദൃശ്യങ്ങള്‍ ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
ട്രെക്കിങ്ങിനും പക്ഷി നിരീക്ഷണത്തിനും പേരുകേട്ട കല്ലാര്‍ വിവിധങ്ങളായ ഉരഗ വര്‍ഗങ്ങളുടെ സാനിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ഇതിന് അടുത്ത് തന്നെയാണ് പ്രശസ്തമായ മീന്‍മുട്ടി വെള്ളച്ചാട്ടവും ഗോള്‍ഡന്‍ വാലിയും.
കല്ലാര്‍ പൊന്‍മുടി പാതയിലെ പാലത്തിന് സമീപത്ത് നിന്ന് ഏകദശം 4 കിലോമീറ്റര്‍ അകലെയായി കാട്ടിനുള്ളിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. മീന്‍ മുട്ടിയിലേക്കുള്ള പാതയയില്‍ വിവിധയിനം പക്ഷികളെയും ചിത്രശലഭങ്ങളെയും ഉരഗങ്ങളെയും കാണാനാകും.
ടൂറിസം അധികൃതരും തദ്ദേശവാസികളും ചേര്‍ന്നുള്ള കല്ലാര്‍ വനസംരക്ഷണ സമിതി സഞ്ചാരികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നുണ്ട്. ആവശ്യമെങ്കില്‍ വഴികാട്ടികള്‍ എന്ന നിലയിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. വന വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു വില്‍പ്പനശാലയും കല്ലാറിലുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഏക്കദേശം 67 കിലോമീറ്ററും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 61 കിലോമീറ്ററും അകലെയാണ് കല്ലാര്‍. മഴക്കാലം ഒഴികേ ഏത് കാലവസ്ഥയിലും ഉല്ലാസയാത്രയ്ക്ക് യോജിച്ച പ്രദേശമാണ് കല്ലാര്‍.