ഐതീഹ്യ പെരുമയില്‍ പാണ്ഡവന്‍‌പാറ

Webdunia
PROPRO
തെന്‍മലയിലെ ഇക്കോടൂറിസം മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്ന സഞ്ചാരികള്‍ക്ക് ഒരു ചെറു ഉല്ലാസയാത്ര നടത്താന്‍ യോജിച്ച സ്ഥലമാണ് തെന്‍മലയില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയുള്ള ഉറുകുന്നിലെ പാണ്ഡവന്‍ പാറ. മഹാഭാരതത്തിലെ ചില സംഭവങ്ങളുമായി ഈ പാറയ്ക്ക് ബന്ധമുണ്ടെന്നാണ് വിശ്വാസം.

പഞ്ചപാണ്ഡവന്‍മാര്‍ തങ്ങളുടെ അജ്ഞാതവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. ഈ വിശ്വാസത്തില്‍ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവന്‍പാറ എന്ന് പേര് വന്നത്.

ഏറെ പ്രസിദ്ധിയിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും നിരവധി സഞ്ചാരികള്‍ ദിവസവും പാണ്ഡവന്‍പാറ കാണാന്‍ എത്താറുണ്ട്. ഉറുകുന്നിലെത്തിയാല്‍ ഒരു ചെറിയ ശിവക്ഷേത്രം കാണാം. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന റബര്‍ തോട്ടത്തിലൂടെയാണ് പാണ്ഡവന്‍ പാറയിലേക്കുള്ള യാത്ര. ഈ കുന്നു കയറുന്നതിനിടയില്‍ ചുറ്റുപാടുമുള്ള സുന്ദര കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. തെന്‍മലയുടെ വിവിധ ഭാഗങ്ങള്‍, ചുറ്റുമുള്ള കാടുകള്‍, കല്ലട അണക്കെട്ട്,കൊല്ലം-ചെങ്കോട്ട റെയില്‍പാത തുടങ്ങി നിരവധി കാഴ്ചകള്‍ ഈ യാത്രയ്ക്കിടയില്‍ കാണാനാക്കും.

ഈ കുന്നിന്‍റെ മുകളിലായാണ് മലയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ ഇതിന്‍റെ തെക്ക് ഭാഗത്തായി ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനോട് ചേര്‍ന്ന് നിരവധി ഗുഹകളും കാണാം. ഈ ഗുഹകളിലാണ് പാണ്ഡവര്‍ താമസിച്ചിരുന്നത് എന്നാണ് വിശ്വാസം.

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയാണ് പാണ്ഡവന്‍പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട്- കുളത്തൂപ്പുഴ- ചെങ്കോട്ട റോഡിലൂടെ ഉറുക്കുന്നിലെത്താം. കൊല്ലത്ത് നിന്ന് പുനലൂര്‍ ചെങ്കോട്ട് വഴി യാത്ര ചെയ്താണ് ഇവിടെ എത്തേണ്ട്ത്.

ഏകദേശം 66 കിലോമീറ്റര്‍ അകലെയുള്ള കൊല്ലമാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. തിരുവനന്തപുരം വിമാനത്താവളമാണ് അടുത്ത വിമാനത്താവളം. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തെന്‍മലയില്‍ മികച്ച താമസസൌകര്യങ്ങള്‍ ലഭ്യമാണ്.