സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ്: ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (11:38 IST)
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ ഫീസ് ഘടന പുതുക്കി നിശ്ചിയിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഏര്‍പ്പെടുത്തില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തില്‍ തന്നെ കോളേജുകളില്‍ പ്രവേശനം നടത്താമെന്ന് കോടതി അറിയിച്ചു. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യമാണ് കോടതി തള്ളിയത്. 
 
അലോട്ട്‌മെന്റ് നടപടികള്‍ ആ‍രംഭിക്കാമെന്നും നിലവിലെ ഫീസില്‍ മാറ്റം വരുമെന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഓര്‍ഡിനന്‍സിനെതിരെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എംഇഎസ് അറിയിക്കുകയും ചെയ്തു.
 
നിലവിലുളള ഫീസ് ഘടന അനുസരിച്ച് ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയുമാണ് ഫീസ്. ബിഡിഎസിനാവട്ടെ 2.9 ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷവുമാണ് നിലവിലുള്ള ഫീസ്. നേരത്തെ 85ശതമാനം ഫീസിലും 5.5 ലക്ഷം രൂപയായിരുന്നു  നിശ്ചയിച്ചിരുന്നത്. ഇതില്‍ അമ്പതിനായിരം രൂപ കുറവ് വരുത്തിയാണ് ഫീസ് പുതുക്കിയത്. എന്നാല്‍ ബിഡിഎസ് ഫീസില്‍ നാല്‍പതിനായിരം രൂപ വര്‍ധിപ്പിക്കുകയും പുതുക്കിയ ഫീസ് നിരക്ക് കോടതിയെ അറിയിക്കുകയും ചെയ്തു.
Next Article