കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വ്യാഴാഴ്ച വാദം കേട്ട സിംഗിൾ ബെഞ്ച് വിധി പറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അഡ്വക്കേറ്റ് രാംകുമാറാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.
നടിയുടെ കേസില്‍ ഗുഢാലോചനാക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം. എന്നാല്‍ ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
നടുയുടെ കേസില്‍ അങ്കമാലി കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
അതേസമയം ദിലീപിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെ, നടിയെ ആക്രമിച്ച സംഭവത്തിന്റെ കേസ് ഡയറി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ മുദ്രവെച്ച കവറിലാക്കി സമർപ്പിച്ചിരുന്നു. ജൂലായ് 24 തിങ്കളാഴ്ച രാവിലെ 10.15ഓടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുക.