കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന അണ്ടന്‍ ദിലീപിനെ സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെപിഎസി ലളിത സന്ദര്‍ശിച്ചത് വിവാദമാകുന്നു. സന്ദര്‍ശനത്തില്‍ ലളിതയ്ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. എഴുത്തുകാരി ദീപ നിശാന്തും ലളിതയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മുന്‍പ് തന്നോട് അപമര്യാദയായി പെരുമാറിയ നടന്‍ അടൂര്‍ ഭാസിക്കെതിരെ കെപിഎസി ലളിത തന്റെ ആത്മകഥയില്‍ എഴുതിയ വാക്കുകള്‍ എടുത്തുകാട്ടിയാണ് ദീപ ലളിതയെ വിമര്‍ശിച്ചിരിക്കുന്നത്. ‘ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദർശിക്കാം. ആശ്വസിപ്പിക്കാം. പക്ഷേ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായ ശ്രീമതി കെപിഎസി ലളിത സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. അയാൾക്കനുകൂലമായ വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കും വിധം അത്തരമൊരു പ്രതിയെ സന്ദർശിച്ചും അല്ലാതെയും അയാൾക്ക് പരസ്യമായി ക്ലീൻചിറ്റ് നൽകുന്ന എംഎൽഎമാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്. അതാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും‘ ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരുപാട് പടത്തില്‍ നിന്നും അടൂര്‍ ഭാസി തന്നെ ഒഴുവാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ലളിത തന്റെ ‘കഥ തുടരും’ എന്ന ആത്മകഥയില്‍ പറയുന്നു. അടൂര്‍ ഭാസിയെ കുറിച്ച് ലളിത പറയുന്ന കാര്യങ്ങള്‍ എടുത്ത് ചോദിച്ചാണ് ദീപ തന്റെ സംശയങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ‘വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ലെന്നാണ്‘ ലളിതചേച്ചി പറയുന്നത്.
‘എന്നെ ഏതെല്ലാം തരത്തിൽ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു. എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിർമ്മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. പറ്റിയില്ലെങ്കിൽ സീനിലിട്ട് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാക്കും. എന്നെ അവഹേളിക്കാനും എന്റെ മനഃസാന്നിധ്യം നഷ്ടപ്പെടുത്താനും എന്തു വേണമെങ്കിലും ചെയ്യും. അക്കാലങ്ങളിൽ ഓരോ ലൊക്കേഷനിലും ഞാനെന്തുമാത്രം കരഞ്ഞിട്ടുണ്ടെന്നോ‘ - ലളിത ആത്മകഥയില്‍ പറയുന്നുണ്ട്.