വന്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയില്‍

Webdunia
ഞായര്‍, 15 മെയ് 2016 (12:40 IST)
വിവിധ ജില്ലകളിലായി വന്‍ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിലെ അഞ്ചംഗ സംഘം കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായി. കോഴിക്കോട് അത്തോളി സ്വദേശി ചാലില്‍ ജാബിര്‍ എന്ന ജാഫര്‍ (34), ജെറീഷ്മു (30), മുഹമ്മദ് റാസിക് (27), പെരിങ്ങളം സ്വദേശി മുജീബ് (27), കൊട്ടാരക്കര സ്വദേശി ജോസ് തോമസ് (31) എന്നിവരാണു പൊലീസ് വലയിലായത്.
 
കഴിഞ്ഞ ദിവസം ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കണ്ണാടിക്കല്‍ റോഡില്‍ പുലര്‍ച്ചെ ഒരു മണിയോടെ ചേവായൂര്‍ എസ്.ഐ ഷാജഹാന്‍റെയും ഷാഡോ പൊലീസിന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.  
 
ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന കട്ടര്‍, ഗ്യാസ് കട്ടര്‍, പാര, ബോള്‍ട്ട് എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച എരഞ്ഞിപ്പാലം, കരിക്കാന്‍കുളം എന്നിവിടങ്ങളിലെ ബിവറേജസ് ഔട്ട്‍ലറ്റില്‍ നിന്ന് വിലകൂടിയ മദ്യം ഉള്‍പ്പെടെയുള്ളവ കവര്‍ച്ച ചെയ്തത് ഈ സംഘമാണെന്ന് പൊലീസ് അറിയിച്ചു. 
 
വന്‍ ജുവലറികള്‍, ബാങ്കുകള്‍ എന്നിവയിലേതെങ്കിലും കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഈ സംഘമെന്ന് പൊലീസ് അറിയിച്ചു. നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ക്കെതിരെ അനവധി പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. 
Next Article