നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലിച്ച് സംസാരിച്ച പി സി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. ആക്രമിക്കപ്പെട്ട നടിയെ കടന്നാക്രമിക്കുന്ന രീതിയിലായിരുന്നു പിസിയുടെ പ്രസംഗം. സംഭവത്തില്‍ പിസിക്കെതിരെ വനിതാ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്.
തന്റെ ഫേസ്ബുക്ക് പേജിലിട്ട വീഡിയോയിലാണ് ഷോണ്‍ പിസിയെ പിന്തുണക്കുന്നത്. അതോടൊപ്പം, സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ വിമര്‍ശിക്കാനും അദ്ദേഹം മടിക്കുന്നില്ല. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകരെ അപമാനിക്കാനും ഷോണ്‍ മടിക്കുന്നില്ല. എല്ലാ എംഎല്‍എമാരേയും ഒരുപോലെ കാണേണ്ട സ്പീക്കര്‍ പിസി ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതിന് മുന്‍പ് അദ്ദേഹം പറഞ്ഞതിന്റെ വീഡിയോ കൂടി കാണേണ്ടതായിരുന്നു എന്നാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തകരുടെ സദാചാരത്തെക്കുറിച്ച് വ്യക്തിപരമായി എടുത്ത് പറഞ്ഞാല്‍ റോഡിലിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്നും ഷോണ്‍ പറയുന്നു. പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് കൃത്യമായി അറിയിക്കുകയാണ് പോലീസ് വേണ്ടതെന്നാണ് പിസി ജോര്‍ജ് ഉദ്ദേശിച്ചതെന്നും ഷോണ്‍ ന്യായീകരിക്കുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്.