നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായി തെരുവിലുണ്ടായ തീ പിടുത്തവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായി. തലശ്ശേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. മോഷണശ്രമത്തിനിടെ തീ വച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു.
ഡിസംബര്‍ 9ന് പുലര്‍ച്ചെയുണ്ടായ തീ പിടുത്തത്തില്‍ എട്ടുകടകള്‍ കത്തിനശിച്ചിരുന്നു. മൂന്നുവര്‍ഷം മുമ്പ് എട്ടുപേരുടെ മരണത്തിനിടയാക്കിയ തീ പിടുത്തവും സ്‌ഫോടനവും നടന്ന സ്ഥലത്തിനടുത്താണ് പുതിയ സംഭവം.
അഗ്‌നിശമന സേനയും പൊലീസും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണം എന്ന പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. കൂടുതല്‍ പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗവും വൈദ്യുതി ബോര്‍ഡ് അധികൃതരും അതിന് സാധ്യത കുറവാണെന്ന് വിലയിരുത്തി. ഫ്യൂസുകള്‍ക്കോ മീറ്ററുകള്‍ക്കോ തീപിടിച്ചിട്ടില്ലെന്നതായിരുന്നു കാരണം.
കൂടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പടക്കക്കച്ചവടം നടത്തിയിരുന്ന ഈ കടയില്‍ ഉപേക്ഷിച്ച പടക്കത്തിന്റെ സാന്നിധ്യം തീ ആളിപ്പടരാന്‍ കാരണമായത് തീ പിടുത്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
2007 ഏപ്രില്‍ അഞ്ചിന് രാവിലെ ഒന്‍പത് മണിയോടെ മിഠായിത്തെരുവിനോടു ചേര്‍ന്ന മൊയ്തീന്‍പള്ളി റോഡില്‍ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അട്ടിമറിയാണോ എന്ന കാര്യത്തില്‍ ദുരൂഹത അവശേഷിക്കുന്ന ഈ സംഭവത്തില്‍ അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല.