മാനസികരോഗികളുടെ കൂട്ടമായി കേന്ദ്രസര്‍ക്കാര്‍ മാറി, ജനങ്ങള്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയല്ല; മോദി ഹിന്ദു ഫാസിസത്തിന്‍റെ വക്താവ് - പി സി ജോര്‍ജ്ജ്

Webdunia
വെള്ളി, 26 മെയ് 2017 (16:34 IST)
രാജ്യത്തെ കന്നുകാലി കശാപ്പ് പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ പൊട്ടിത്തെറിച്ച് പി സി ജോര്‍ജ്ജ്. ഇന്ത്യാ രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാന്‍ കഴിയാത്ത മാടമ്പിക്കൂട്ടമായി ബി ജെ പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മാറിയെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. ജനങ്ങള്‍ എന്തുകഴിക്കണമെന്ന് ജനങ്ങള്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും അത് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥ എതിര്‍ക്കപ്പെടേണ്ടതാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
 
മലയാളം വെബ്‌ദുനിയയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് കേന്ദ്ര സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചത്. 
 
സവര്‍ണ ഹിന്ദു ഫാസിസത്തിന്‍റെ വക്താവായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയിരിക്കുകയാണ്. കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള നടപടി ഏറ്റവും വൃത്തികെട്ടതും നാണം‌കെട്ടതുമായ നീക്കമാണ്. ഇന്ത്യയിലെ ജനതയെ അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ - പി സി ജോര്‍ജ്ജ് പറഞ്ഞു.
 
രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിന് വഴിവയ്ക്കുന്ന നിലപാടാണ് പുതിയ തീരുമാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മാനസികരോഗികളുടെ കൂട്ടമായി കേന്ദ്രസര്‍ക്കാര്‍ മാറിയിരിക്കുന്നു എന്നാണ് കരുതേണ്ടത്. 
 
മനുഷ്യനാണ് അവസാനം സൃഷ്ടിക്കപ്പെട്ടത് എന്നാണ് ദൈവവിശ്വാസിയായ ഞാന്‍ വിശ്വസിക്കുന്നതും അതാണ് ശാസ്ത്രവും. മനുഷ്യനുവേണ്ടിയാണ് എല്ലാ ജന്തുവര്‍ഗങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ഈ നിലപാട് യാഥാര്‍ത്ഥ്യമായാല്‍ പ്രായമായ കന്നുകാലികളെ എന്തുചെയ്യും എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. കേരളത്തിലെ പിണറായി സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് - മലയാളം വെബ്‌ദുനിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പി സി ജോര്‍ജ്ജ് പറഞ്ഞു. 
Next Article