ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതിയായി ചേര്‍ക്കപ്പെട്ടിരിക്കുന്ന ഇപ്പോള്‍ ബാംഗ്ലൂര്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കൂടുതല്‍ കേസുകളുമായി കര്‍ണാടക. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ടസ്ഫോടനം അബ്ദുള്‍ നാസര്‍ മദനിയുടെ അറിവോടെ ആയിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വി എസ് ആചാര്യ പറഞ്ഞു.
ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് മദനി മൊഴി നല്‍കിയെന്നും ആചാര്യ പറഞ്ഞു. ബാംഗ്ലൂരില്‍ നടന്ന ഐപിഎല്‍ മത്സരത്തിന് മുമ്പ് 2009 ഏപ്രില്‍ 17-നാണ് സ്ഫോടനം നടന്നത്.
ഇരട്ടസ്ഫോടനം സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ മദനിയെ ചോദ്യം ചെയ്തപ്പോഴാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്ഫോടനം സംബന്ധിച്ച് വിശദവിവരം ലഭിച്ചത്. കര്‍ണാടകത്തിലെ ഭട്കലില്‍ മദനിയെ തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും ആചാര്യ വ്യക്തമാക്കി.
അഹമ്മദാബാദ്, ബാംഗ്ലൂര്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തെന്ന് പോലീസ് സംശയിക്കുന്ന റിയാസ് ഭട്കലുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് മദനിയെ ഭട്കലില്‍ കൊണ്ടുപോകുന്നത്.