പ്രിയപ്പെട്ട കമല്‍ സര്‍, ഇരയ്ക്കൊപ്പമെന്ന് പറഞ്ഞ് നടക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ആ ചെന്നായയെ അങ്ങ് തിരിച്ചറിയണം: കിഷോര്‍ സത്യ

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (13:43 IST)
ജനപ്രിയനടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത സിനിമ നിരൂപകനും ചലചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗവുമായ ജിപി രാമചന്ദ്രനെതിരെ നടന്‍ കിഷോര്‍ സത്യ. രാമചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആ‍വശ്യപ്പെട്ട് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോടാണ് കിഷോര്‍ സത്യ തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്. കിഷോറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
 
കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം:
 
പ്രിയപ്പെട്ട കമൽ സർ
 
കഴിഞ്ഞ രണ്ടു മാസമായി നമ്മുടെ സഹോദരിയായ ഒരു നടി ആക്രമിക്കപ്പെട്ടതും അതിലെ ഗൂഢാലോചന കുറ്റത്തിന് ഒരു പ്രമുഖ നടൻ അന്വേഷണ വിധേയമായി ജയിലിലും ആണല്ലോ. ഇതിന്റെ പേരിൽ അന്ന് മുതൽ തുടങ്ങിയ കോലാഹലങ്ങൾ സകല സീമകളും ലംഘിച്ചു അനുസ്യൂതം തുടരുകയുമാണ്. ഒരു പ്രസ്താവനയോ ഫേസ്‌ബുക് പോസ്റ്റോ ഇട്ടാൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ആൾ ആക്കിമാറ്റപ്പെടുന്ന ഒരു ദയനീയ അവസ്ഥ കൊണ്ടാവണം ഭൂരിപക്ഷം പേർക്കും മൗനം പാലിക്കേണ്ടി വരുന്നത്. പക്ഷെ അതെല്ലാം വ്യക്തികളെയല്ല, ആത്യന്തികമായി മലയാള സിനിമയെ ആണ് മോശമായി ബാധിച്ചു കൊണ്ടിരിക്കുന്നത് എന്ന പരമമായ സത്യം നമ്മൾ തിരിച്ചറിയണം സർ.
 
ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. അതോടൊപ്പം അതിന്റെ ഗൂഢാലോചന ആരോപിക്കപ്പെട്ടു തടവിൽ കഴിയുന്ന നടൻ തെറ്റുകാരൻ അല്ലയോ ആണോ എന്ന് സ്വയം ചിന്തിക്കുവാൻ ഉള്ള സ്വാതന്ത്ര്യം ഓരോ ആൾക്കുമുണ്ട് പക്ഷെ ഇരയ്‌ക്കൊപ്പം എന്ന വ്യാജേന ആട്ടിൻ തോലുമണിഞ്ഞു മലയാള സിനിമയെ തന്നെ തകർക്കാൻ ചില തീവ്രവാദികളുടെ നുഴഞ്ഞു കയറ്റവും ഇവിടെ നടക്കുന്നു. അതിൽ ഒരാൾ അങ്ങയുടെ ജനറൽ കൗൺസിലിലെ മെമ്പർ ശ്രീ. ജി.പി. രാമചന്ദ്രൻ ആണെന്ന ദുഃഖവാർത്ത അറിയിക്കാൻ ആണ് ഈ കുറിപ്പ്. സിനിമ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി വിക്കിപീഡിയ ഇപ്രകാരം പറയുന്നു.
 
"........രണ്ടു പതിറ്റാണ്ടിലധികം കാലമായി ചലച്ചിത്രനിരൂപണരംഗത്തു പ്രവർത്തിക്കുന്ന ജി പി രാമചന്ദ്രൻ എഴുതിയ നൂറുകണക്കിന് ലേഖനങ്ങൾ മലയാളത്തിലെ വലുതും ചെറുതുമായ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പത്തിനാലാമത് ദേശീയ ചലച്ചിത്ര അവാർഡിന്റെ ഭാഗമായി 2006ലെ ഏറ്റവും നല്ല നിരൂപകനുള്ള രാഷ്ട്രപതിയുടെ സ്വർണകമലത്തിനർഹനായി.
 
1998ലെ സംസ്ഥാനസർക്കാർ ചലച്ചിത്ര അവാർഡിനർഹമായ സിനിമയും മലയാളിയുടെ ജീവിതവും(എസ് പി സി എസ്), 2009ലെ സംസ്ഥാനസർക്കാർ ചലച്ചിത്ര അവാർഡിനർഹമായ മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം(കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്), 2011ലെ സംസ്ഥാനസർക്കാർ ചലച്ചിത്ര അവാർഡിനർഹമായ ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും(എസ് പി സി എസ്) എന്നീ പുസ്തകങ്ങൾക്കു പുറമെ, കളങ്കം പുരളാത്ത ഒരു ഇമേജിനു വേണ്ടി, 25 ലോക സിനിമകൾ, ഇന്ത്യൻ സിനിമയിൽ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോൾ(ചിന്ത), ലോകസിനിമായാത്രകൾ(ലീഡ് ബുക്‌സ്), പച്ചബ്ലൗസ്(പ്രോഗ്രസ്) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003ലെ ഏറ്റവും നല്ല ചലച്ചിത്രസംബന്ധിയായ ലേഖനത്തിനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
 
കേരള സർക്കാരിന്റെ പ്രഥമ സംസ്‌ക്കാരകേരളം അവാർഡുൾപ്പെടെ മറ്റവാർഡുകളും നേടിയിട്ടുള്ള ജി. പി. രാമചന്ദ്രൻ, ദേശീയ ചലച്ചിത്ര അവാർഡ് (രചനാ വിഭാഗം), അന്താരാഷ്ട്ര ഡോക്കുമെന്ററി/ഹ്രസ്വചിത്ര മേള, കേരളസംസ്ഥാന ടെലിവിഷൻ അവാർഡ്, സാഹിത്യ അക്കാദമി അവാർഡ്, സൈൻസ് ഇന്ത്യൻ കഥേതര ചലച്ചിത്രമേള, വിബ്ജിയോർ ചലച്ചിത്ര മേള, ജോൺ ഏബ്രഹാം പുരസ്‌കാരം, എസ് ബി ടി മാധ്യമ അവാർഡ് എന്നിവയുടെ ജൂറികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്......."
 
ഇങ്ങനെയുള്ള ഒരാൾക്ക് എങ്ങനെയാണ് സാർ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്ന കൊട്ടകകൾ തകർക്കണം എന്ന് പറയാൻ സാധിക്കുക ?
 
ഇങ്ങനെയുള്ള ഒരാൾക്ക് എങ്ങനെയാണ് സാർ സിനിമകൾ വ്യാജമായി അപ്‌ലോഡ് ചെയ്യുന്ന സൈറ്റുകളുടെ വിലാസം വേണമെന്ന് പറയാൻ സാധിക്കുക ?!
 
സിനിമ ഇറങ്ങുന്നതിനു മുൻപ് അത് ഒരു അശ്ലീല സിനിമയാണെന്ന് എങ്ങനെയാണ് സർ ഒരാൾക്ക് പ്രഖ്യാപിക്കാൻ കഴിയുക ?!
 
മലയാള സിനിമയുടെ ക്ഷേമത്തിന് വേണ്ടിയുള്ള സർക്കാർ സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട ഒരു ഭാരവാഹിക്കു എങ്ങനെയാണ് സാർ #BoycottRaamleela എന്നൊരു കാമ്പയിന് ആഹ്വാനം നൽകാൻ സാധിക്കുക ?!
 
മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയുമൊക്കെ ചെയ്യുന്നവർ പല വൃത്തികേടുകളും പറഞ്ഞിട്ട് ബോധം വരുമ്പോൾ '.... അളിയാ, ഇന്നലെ കുറച്ചു കൂടിപ്പോയി ഞാൻ ഏതാണ്ടൊക്കെ പറഞ്ഞു, സോറി അളിയൻ ക്ഷമിക്കണം..." എന്ന് പറയുന്നതുപോലെ "അമിതാവേശവും വികാരത്തള്ളിച്ചയും മൂലം ഞാൻ പോസ്റ്റ് ചെയ്ത ചില അഭിപ്രായങ്ങൾ പെട്ടെന്നു തന്നെ പിൻവലിച്ചിരുന്നു. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ചിലർ പ്രചരിപ്പിച്ചു വരുന്നുണ്ട് എന്നറിയുന്നു. ഇതിൽ എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല." എന്നൊരു നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ കൈകഴുകാൻ ആവും ?!
 
ഇത് ഒരു നടന്റെയോ അയാളുടെ സിനിമയുടെയോ പ്രശ്നമല്ല.നിരവധി അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും നിർമ്മാതാവുമൊക്കെ ചേർന്ന ഒരു ശൃംഖലയിലെ ഒരു വ്യക്തി മാത്രമാണ് അതിലെ ഈ നായകനടൻ. ആ കാരണം കൊണ്ട് ഒരു ചലച്ചിത്ര അക്കാദമി അംഗത്തിന് ഒരു സിനിമയെ നശിപ്പിക്കണമെന്നും തിയേറ്റർ തകർക്കണമെന്നും, അത് അശ്ളീല സിനിമയാണെന്നും, സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നുമൊക്കെ എങ്ങനെ പറയുവാൻ കഴിയും ?! 
 
തോക്കിനെക്കാൾ ശക്തമാണ് പേന എന്ന് പറയുന്നത് വാസ്തവമാണ്. അപ്പോൾ അദ്ദേഹത്തിന്റെ ഈ നിലപാട് ഗുരുതരമായ ഒരു തീവ്രവാദ ആക്രമണമാണ് സാർ, വ്യക്തമായ ആലോചനയുടെയും അജണ്ടയുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കൃത്യമായ പദ്ധതി. അല്ലെങ്കിൽ ഇതിനു മുൻപ് അദ്ദേഹം സിനിമക്കായി എഴുതുകയും കൈനിറയെ പുരസ്കാരങ്ങൾ വാങ്ങുകയും ചെയ്ത ഒരു വരിപോലും "അമിതാവേശവും വികാരത്തള്ളിച്ചയും "മൂലം എഴുതുകയോ പിന്നീട് പിൻവലിക്കുകയോ മാപ്പു പറഞ്ഞു തടിതപ്പുകയോ ചെയ്യേണ്ടിവന്നിട്ടില്ലല്ലോ ?!
 
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മലയാള സിനിമയെ തന്നെ നശിപ്പിക്കുന്ന ഇത്തരം ഭീകരവാദികളെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിലും മലയാള സിനിമകൊണ്ട് പേര് പടുത്തുയർത്തിയ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിലും അങ്ങ് തിരിച്ചറിയണമെന്നും ഈ അംഗത്തെ അക്കാഡമിയിൽ നിന്നും പുറത്താക്കാൻ ഉള്ള ആർജവം കാണിക്കണമെന്നും ദയവായി അപേക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article