കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടനും എം എല്‍ എയുമായ മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചത് ഇടതു മുന്നണി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു. പ്രസ്താവനയിൽ വിശദീകരണവുമായി നടനും എംഎൽഎയുമായ മുകേഷ് രംഗത്തെത്തുകയും ചെയ്തിരുന്നു.
അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നുമായിരുന്നു മുകേഷ് വിശദീകരിച്ചത്. നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നുവെന്നും മുകേഷ് പറഞ്ഞു. യുവനടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നു മുകേഷ് കോട്ടയത്തു വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം, മുകേഷും കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും തമ്മിലുണ്ടായിരുന്നു ബന്ധം ചുരുളഴിയുന്നു. രണ്ടു വര്‍ഷത്തോളം മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനിയെന്ന് റിപ്പോര്‍ട്ടുകള്‍. മുകേഷിന്റെ സ്വകാര്യ സെക്രട്ടറിക്കു തുല്യനായിരുന്നു സുനില്‍കുമാറെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സുനി തന്നെ ഇക്കാര്യം പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ .
മുകേഷിന്റെ സുഹൃത്തുക്കളായ സ്ത്രീകളോട് സുനില്‍കുമാര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കരണത്തടിച്ച് ഭീഷണി മുഴക്കിയാണ് സുനില്‍ കുമാറിനെ മുകേഷ് ഡ്രൈവര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് വാര്‍ത്ത. എന്തായാലും രണ്ടുവര്‍ഷം ജോലി ചെയ്ത കാലത്തെ വിവരങ്ങള്‍ മുഴുവനായി സുനില്‍ പൊലീസിനോടു പറഞ്ഞുകഴിഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നുമാണ് മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്. സംഘടനയിലെ അംഗങ്ങളെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മുകേഷ് ഉൾപ്പെടെയുള്ളവർ മാധ്യമപ്രവർത്തകരോട് കയർത്തത്.