കേരളത്തിലെ ആദ്യത്തെ കന്യാത്രീ ഒരു വിധവയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ സൂസി കിണറ്റിങ്ങല്‍ രംഗത്ത്. ഈ വെളിപ്പെടുത്തല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭകളെ മുഴുവന്‍ പിടിച്ചുകുലുക്കുമെന്ന് ഉറപ്പ്. തെളിവുകളുടെയല്ലാം അടിസ്ഥാനത്തിലാണ് താനിത് വെളിപ്പെടുത്തുന്നതെന്ന് സിസ്റ്റര്‍ പറയുന്നു
തെര്യേസ്യന്‍ കാര്‍മലൈറ്റസ് സഭാംഗമാണ് സിസ്റ്റര്‍ സൂസി. കേരളത്തിലെ സഭാ ചരിത്രത്തിലെ നിലവിലുള്ള അറിവുകള്‍ എല്ലാത്തിനേയും പൊളിച്ചടുക്കുന്ന വെളിപ്പെടുത്തല്‍ ആണിത്. കേരളത്തിലെ ആദ്യ കന്യാസ്ത്രീ മദര്‍ എലീശ്വയാണ്. ഇവരെ കുറിച്ചുള്ള പുസ്തകത്തിലാണ് ഇവരുടെ ജീവിതകഥ സിസ്റ്റര്‍ സൂസി പറയുന്നത്. പുസ്തകം അടുത്തു തന്നെ പുറത്തിറങ്ങും.
സിസ്റ്റര്‍ സൂസി മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കണ്ടെത്തലുകളെ കുറിച്ചും തെളിവുകളെ കുറിച്ചും വിശദീകരിക്കുന്നത്. ' വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശിനിയാണ് മദര്‍ ഏലീശ്വ. ലത്തീന്‍ ക്രൈസ്തവരായ വൈപ്പിശ്ശേരി കുടുംബത്തിലാണ് എലീശ്വ ജനിച്ചത്. തൊമ്മന്‍ -താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ മൂത്തവളായിരുന്നു. 1831 ഒക്ടോബര്‍ 15 നാണ് ജനനം. 1913 ജൂലൈ 18 നായിരുന്നു അന്ത്യം. പതിനാറാം വയസ്സില്‍ കൂടുംബാംഗമായ വത്തരു(ദേവസ്യ)വിനെ വിവാഹം ചെയ്തു. ആകെ നാല് വര്‍ഷം മാത്രമേ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളു. മൂന്ന് വര്‍ഷത്തിനുശേഷം 1850 ല്‍ മകള്‍ അന്നയ്ക്ക് ജന്മം നല്‍കി. 1851 രോഗബാധിതനായി വത്തരു മരിച്ചു. 20 വയസ്സ് മാത്രമുള്ള ഏലിശ്വ പക്ഷേ രണ്ടാമതിരു വിവാഹത്തിന് തയ്യാറായില്ല. പിന്നീട് ദൈവവഴിയിലേക്ക് ഏലീശ്വയും അന്നയും ഏലീശ്വയുടെ ഇളയ സഹോദരി ത്രേസ്യയും കടന്നുവന്നു.' സിസ്റ്റര്‍ സൂസി മാധ്യമം അഭിമുഖത്തില്‍ വിശദീകരിച്ചു.
കേരളത്തില്‍ ആദ്യമായി സന്ന്യാസിനി സഭ സ്ഥാപിച്ചത് ഇവരാണ് എന്നതാണ് സിസ്റ്റര്‍ സൂസിയുടെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ഫാദര്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് ആദ്യമായി സന്ന്യാസിനി സഭ സ്ഥാപിച്ചതെന്നായിരുന്നു ഇതുവരെയുള്ള അറിവുകള്‍. എന്നാല്‍ ഈ അവകാശ വാദത്തിന് ചരിത്രത്തിന്റെ പിന്തുണയില്ലെന്നും ഇവര്‍ പറയുന്നു.
തന്റെ പുസ്തകത്തെ സഭാ ചരിത്രത്തെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വായനയായി വേണമെങ്കില്‍ വായിക്കാമെന്നും ചരിത്ര രചനയില്‍ വന്ന അപചയങ്ങളെ തുറന്നുകാട്ടി യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സൂസി വ്യക്തമാക്കി.