ദിലീപിന് ഒന്നൊന്നായി നഷ്ടപ്പെടുന്നു; ഡി സിനിമാസ് പുറമ്പോക്ക് ഭൂമിയിലെന്ന് റവന്യു മന്ത്രിക്ക് കലക്ടറുടെ റിപ്പോർട്ട്

Webdunia
ചൊവ്വ, 18 ജൂലൈ 2017 (12:48 IST)
നടൻ ദിലീപന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറിയാണ് നിർമിച്ചതെന്ന് തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ഇക്കാര്യം വിശദമായി പരിശോധിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 
 
സർക്കാർ ഭൂമി കയ്യേറിയാണു ദിലീപ് മൾട്ടിപ്ലക്സ് നിർമിച്ചതെന്നായിരുന്നു ആരോപണം. ഇതു പരിശോധിക്കാനായി കലക്ടർ ഡോ. എ. കൗശികനെയാണ് റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത്. 1956 മുതലുള്ള രേഖകൾ പരിശോധിച്ചായിരുന്നു കലക്ടർ റിപ്പോർട്ട് നൽകിയത്. രാജഭൂമിയായിരുന്ന ഈ സ്ഥലം പിന്നീടാണ് സർക്കാർഭൂമിയായി നിജപ്പെടുത്തിയത്. ഇതിൽ ദേശീയപാതയ്ക്കായി കുറച്ചു ഭൂമി വിട്ടുകൊടുത്തിരുന്നു. ഇവിടെ പിന്നീടു ചില പോക്കുവരവുകള്‍ നടന്നിരുന്നതായും കലക്ടർ കഴിഞ്ഞദിവസം സൂചനനല്‍കിയിരുന്നു. 
 
മുൻ കലക്ടർ എം എസ് ജയയുടെ കാലത്തായിരുന്നു ഇത്തരമൊരു പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു. സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു – കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കുന്നതിനായി കൈമാറിയ ഒരേക്കർ സ്ഥലമാണ് 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന ആരോപണമായിരുന്നു ഉയര്‍ന്നു വന്നത്. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. 
Next Article