സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയം ഒരു തടസമാവില്ലെന്ന് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ വിലയിരുത്തിയതായും കണ്ണന്താനം വ്യക്തമാക്കി.
ശബരിമല-എരുമേലി-പമ്പ-സന്നിധാനം ആത്മീയ സര്‍ക്യൂട്ട്, മലനാട്-മലബാര്‍ ക്രൂസ് സര്‍ക്യൂട്ട്, ഗവി-വാഗമണ്‍-തേക്കടി ഇക്കോ സര്‍ക്യൂട്ട്, അതിരപ്പിളളി-മലയാറ്റൂര്‍-കാലടി-കോടനാട് സര്‍ക്യൂട്ട്, നിള ഗ്രാമീണ ടൂറിസം പദ്ധതി, ശ്രീ പത്മനാഭ-ആറന്‍മുള-ശബരിമല സര്‍ക്യൂട്ട്, ഹൈവേ ടോയിലറ്റ് പദ്ധതി, കേരള തീരദേശ സര്‍ക്യൂട്ട് എന്നീ പദ്ധതികളും ഇരുവരും ചര്‍ച്ച ചെയ്തു.
ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമലയുള്ള സഹമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് കണ്ണന്താനവും പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാവാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും തനിക്ക് ഏറെ കടപ്പാടുള്ള നേതാവാണ് പിണറായിയെന്നും തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതുപോലും അദ്ദേഹമാണെന്നും കണ്ണന്താനം പറഞ്ഞു.