ചിട്ടയോടെ ‘കേണല്‍ മഹാദേവന്‍’പരിശീലനത്തില്‍

വെള്ളി, 26 മാര്‍ച്ച് 2010 (09:49 IST)
PRD
ചിട്ടകളുടെ അപരിചിതത്വം തീരെയില്ലാതെ നടന്‍ മോഹന്‍ലാല്‍ സൈനിക പരിശീലനം തുടങ്ങി. കുരുക്ഷേത്രയിലെ കേണല്‍ മഹാദേവനെ അനുസ്മരിപ്പിക്കും വിധമാണ് കഴിഞ്ഞദിവസം ലാല്‍ 122 ഇന്‍ഫന്‍ററി ടി എ ബറ്റാലിയനില്‍ എത്തിയത്. ലഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചതിന്‍റെ ഭാഗമായുള്ള പരിശീലനം മൂന്ന്‌ ദിവസം നീണ്ട്‌ നില്‍ക്കും.

മൂന്ന്‌ ഘട്ട പരിശീലനത്തില്‍ അവസാനത്തേതിലാണ്‌ കണ്ണൂരില്‍ നടക്കുന്നത്‌. കമാന്‍ഡിങ്‌ ഓഫിസര്‍ കേണല്‍ ഡേവിഡ്സണ്‍ കോലോത്ത്‌, സെക്കന്‍ഡ്‌ ഇന്‍ കമാന്‍ഡ്‌ ലെഫ്‌.കേണല്‍ കരണ്‍ ഭഗത്‌, മേജര്‍ മുനീഷ്‌ ഭരദ്വാജ്‌, സുബേദാര്‍ മേജര്‍ എച്ച്‌ വിജയന്‍ തുടങ്ങിയവര്‍ ലഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാലിന്‌ സൈനിക പരിശീലനത്തിന്‍റെ പാഠങ്ങള്‍ പറഞ്ഞ്‌ കൊടുത്തു.

ആസ്ഥാനത്തിന്‍റെ കവാടത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ പട്ടാളച്ചിട്ടയോടെയുള്ള മോഹന്‍ ലാലിന്‍റെ വരവ് കാണികളെ ഓര്‍മ്മിപ്പിച്ചത് കേണല്‍ മഹാദേവനെ. സൈനിക ക്യാമ്പിലെ ആരാധകര്‍ ചുറ്റിവളഞ്ഞെങ്കിലും ചിട്ടയില്‍ അണുവിട തെറ്റുവരുത്താന്‍ ലാല്‍ അനുവദിച്ചില്ല. ആസ്ഥാനത്തിനകത്തെ ക്ഷേത്രത്തില്‍ നടന്ന ഭജനയിലും പൂജകളിലും മോഹന്‍ ലാല്‍ പങ്കെടുത്തു. പരിശീലനത്തിനു ശേഷം ശനിയാഴ്ച നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ലാല്‍ ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ ലാല്‍ ആകും.

വെബ്ദുനിയ വായിക്കുക