കേസ് വഴിതെറ്റിക്കാനുള്ള ആസൂത്രിതനീക്കമാണ് ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവന; അന്വേഷണ സംഘം കോടതിയില്‍

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (10:44 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടനും എം‌എല്‍‌എയുമായ ഗണേഷ് കുമാറിന്റെ ദിലീപ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ പൊലീസ്. ഗണേഷ് നടത്തിയ പ്രസ്താവന കേസിനെ വഴി തെറ്റിക്കുന്നതിനായുള്ള ആസൂത്രിത നീക്കമാണെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങളിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷ്യൽ കോടതിയിലാണ് പൊലീസ് ആവശ്യപ്പെട്ടു.
 
കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ താന്‍ ദിലീപിനൊപ്പമാണെന്നായിരുന്നു നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജനപ്രിയനടന്‍ ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തി സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ഗണേഷിന്റെ പ്രതികരണം. 
 
കോടതി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഒരാള്‍ കുറ്റക്കാരനാണെന്ന് നമുക്കും പറയാന്‍ പറ്റുകയുള്ളു. കുറ്റം ആരോപിക്കുന്നുവെന്ന് കരുതി അയാള്‍ കുറ്റക്കാരനല്ല. ദിലീപിന്റെ ഔദാര്യം പറ്റിയ സിനിമാക്കാര്‍ ദിലീപിനു വേണ്ടി മുന്നോട്ട് വരണമെന്നും ഗണേഷ് പറഞ്ഞു. പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ ഗണേഷ് കുമാര്‍ വിശദമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article