ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എ കെ ആന്റണി രംഗത്ത്. കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തി പ്രസംഗിക്കുന്നതെന്ന് എ കെ ആന്റണി പറഞ്ഞു. ബി ജെ പി നേതാക്കള്‍ വര്‍ഗീയ പ്രസംഗം നടത്തുകയാണ്. ഒരു കാരണവശാലും ബി ജെ പിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും ആന്റണി വ്യക്തമാക്കി. ഇരവിപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ എ അസീസിന്റെ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയില്‍ ബി ജെ പി എംഎല്‍എ കാലുകുത്തുന്ന സാഹചര്യം ഉണ്ടാകരുത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ സംസ്ഥാനത്തിന്റെ അജണ്ട തന്നെ അവര്‍ മാറ്റുമെന്നും ബി ജെ പിയെ മൂന്നാം ശക്തിയാക്കിയാല്‍ കേരളത്തെ ഗുജറാത്താക്കാമെന്നാണ് മോദി പറയുന്നത് ആന്റണി കുറ്റപ്പെടുത്തി.
കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ തന്നെയാണ് മത്സരം. മറിച്ചുള്ള പ്രചരണം ശരിയല്ല. മോദി സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ പൗരവാകാശ ധ്വംസനങ്ങളെ തടയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും ആന്റണി പറഞ്ഞു.