ന്യൂഡല്‍ഹി കേരള ഹൗസിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് സമര്‍പ്പിച്ച ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ച സര്‍ക്കാര്‍ ഇതിന്റെ തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരള ഹൗസിലെ അനധികൃത നിയമനങ്ങള്‍ പത്രങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇക്കാര്യം അന്വേഷിക്കാന്‍ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജാറാംതമ്പിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കേരള ഹൗസിലെത്തി തെളിവെടുക്കുകയും സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ അനധികൃത നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശുപാര്‍ശ.
കേരള ഹൗസിലെ ജീവനക്കാരെ ടൂറിസം വകുപ്പില്‍ ലയിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരള ഹൗസിലെ സംഘടനകളായ എന്‍ ജി ഒ യൂണിയന്, എന്‍ ജി ഒ അസോസിയേഷന്, ജോയിന്റ് കൗണ്‍സില്‍ എന്നിവയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്. 35 പേര് ഇല്ലാത്ത തസ്തികകളില്‍ ജോലി ചെയ്യുന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ സര്‍വ്വകലാശാലാ അനധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ പി എസ് സിക്ക് വിട്ടിരുന്നു.