നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായി. ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ള ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെച്ചത്. അതേസമയം, ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഫോണില്‍ നിന്ന് വിളിച്ച് ദിലീപിനോട് പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനി എത്തിയിരുന്നെന്നും കാവ്യ മാധവന്റെ വാഹനം സുനി ഓടിച്ചിട്ടുണ്ടെന്നും പൊലീസ് നേരത്തേ പറഞ്ഞിരുന്നു. പൊലീസിന് മുന്നില്‍ കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര ശാലയില്‍ സുനി പോയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
വസ്ത്രവ്യാപാരത്തില്‍ വെച്ച് കാവ്യ സുനിക്ക് 25000 രൂപ നല്‍കിയതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഇത് ദിലീപ് കാവ്യയെ ഏല്‍പ്പിച്ച തുകയാണെന്നാണ് പൊലീസ് പറയുന്നത്. കാവ്യയുടെയും കുടുംബത്തിന്റേയും തൃശൂര്‍ യാത്രയില്‍ ഡ്രൈവറായി ഉണ്ടായിരുന്നത് സുനിയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. അതേസമയം, ഡിജിപി ലോക്നാഥ് ബെഹ്‌റയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാദങ്ങളാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചത്. സുനി ഭീഷണിപ്പെടുത്തിയ കാര്യം 20 ദിവസം കഴിഞ്ഞാണ് ദിലീപ് അറിയിച്ചതെന്ന ബെഹ്‌റയുടെ വാദം തെറ്റാണെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഇന്ന് ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച സംഭവത്തില്‍ ‘മാഡ’ത്തിന് പങ്കുണ്ടെന്നും മാഡം സിനിമ മേഖലയിലെ പ്രമുഖയാണെന്നും ആദ്യം മുതല്‍ സുനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍, ജാമ്യാപേക്ഷയിലെ അന്തിമവിധി പറയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കാവ്യ മാധവന്റെ പേര് കേസിലേക്ക് സുനി മനഃപൂര്‍വ്വം ഇടുകയായിരുന്നുവെന്നും ഇത് പൊലീസിന്റെ കളിയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണമുയരുന്നു. ജാമ്യം നല്‍കാതിരിക്കാന്‍ അന്വേഷണസംഘം കളിക്കുന്ന ‘കളി’യിലെ ഒരു ഭാഗം മാത്രമാണിതെന്നും ദിലീപ് ഫാന്‍സ് പറയുന്നു.