ഒരു സംവിധായകന്റെ പേര് കാണിക്കുമ്പോൾ കൈയ്യടി കിട്ടിയിരുന്നത് ശശിക്കുമാത്രമായിരുന്നു: ഐ വി ശശിയുടെ ഓർമയിൽ ബാലചന്ദ്ര മേനോൻ

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (13:43 IST)
മലയാളത്തിന്റെ സ്വന്തം സംവിധായകൻ ഐ വി ശശി നിര്യാതനയായ വാർത്ത ഏറെ വിഷമത്തോടെയാണ് സിനിമാ പ്രേമികൾ കേട്ടത്. സോഷ്യൽ മീഡിയ വഴി താരങ്ങളെല്ലാം സൂപ്പർ സംവിധായകന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഐ വി ശശിയുടെ ഓർമയിൽ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ അദ്ദേഹവുമായുണ്ടായിരുന്ന അനുഭവങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
 
ബാലചന്ദ്ര മേനോന്റെ വാക്കുകൾ:
 
അന്ന് ഞാൻ താമസിച്ചിരുന്ന കോടമ്പാക്കത്തെ ഗംഗാനഗറിനരികിലായിട്ട് ട്രസ്റ്റുപുരത്തായിരുന്നു അവിവാഹിതനായ ശശിയുടെ താമസം . ഒപ്പം ഉത്സവത്തിന്റെ നിർമ്മാതാവ് രാമചന്ദ്രൻ, തിരക്കഥാകൃത്ത് ഷെരീഫ്, എന്നിവരും. സുകുമാരൻ , വിൻസന്റ്‌ , കുതിരവട്ടം പപ്പു എന്നിവരെ പലവട്ടം ആ വീട്ടിൽ ഞാൻ സന്ധിച്ചിട്ടുണ്ട് .
 
സംവിധായകനായ എന്റെ മിക്ക ചിത്രങ്ങളുടെയും ലാബ് വർക്കുകൾ അക്കാലത്തു ചെന്നൈയിലായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ ചിത്രങ്ങളുടെയും ഒരു പ്രീ വ്യൂ അവിടെയുണ്ടാകും . അത് കാണാൻ സ്ഥിരം ഒരു പ്രേക്ഷക വൃന്ദവും അവിടെയുണ്ടായിരുന്നു . അതിൽ പ്രമുഖനായിരുന്നു ശശിയും. ഒരു നല്ല ആസ്വാദകന്റെ മനസ്സ് ഞാൻ അടുത്തറിയുന്നതു അപ്പോഴാണ് .
 
തുടക്കം മുതൽ ഇന്നീ നിമിഷം വരെ ഒരു പ്രൊഡക്ഷൻ ഫോൺ വന്നാൽ അഭിനയിക്കാൻ തയ്യാറുള്ള ആളല്ല ഞാൻ. ഒന്നുകിൽ സംവിധായകൻ അല്ലെങ്കിൽ കഥാകൃത്ത് ചിത്രത്തിലെ എന്റെ പങ്കിനെപ്പറ്റി ബോധ്യപ്പെട്ടുത്താതെ ഞാൻ ഒരു തീരുമാനമെടുക്കാറില്ല . അങ്ങിനെയിരിക്കെ ശശി എന്നെ ഫോണിൽ വിളിക്കുന്നു .അദ്ദേഹത്തിൻറെ ഒരു ചിത്രത്തിൽ നായക പ്രാധാന്യമുള്ള ഒരു വേഷം ചെയ്യണം .ഒരു പുതു മുഖമാണ് രചന . അതുകൊണ്ടുതന്നെ അയാൾക്ക് കഥ പറയാനുള്ള ആർജ്ജവമില്ല . ശശിക്ക് ചെന്നൈ വിട്ടു വരാനും പറ്റുന്നില്ല . പക്ഷെ ഞാൻ ചിത്രത്തിൽ അഭിനയിക്കണം . അനാവശ്യമായ സംസാരം ഒഴിവാക്കാനായി ഞാൻ ശശിയുടെ ഫോണുകൾ പലപ്പോഴും ഒഴിവാക്കി .അങ്ങനിരിക്കെ ശശി ഒരു വൈകുന്നേരം തിരുവന്തപുരത്തെ എന്റെ വീട്ടിൽ കേറി വരുന്നു . കൂടെ നിർമ്മാടാവായ വി ബി കെ മേനോനും വിതരണക്കാരനായ ലിബർട്ടി ബഷീറുമുണ്ട് . ഞൊടിയിടയിൽ ശശി എന്റെ അമ്മയിലൂടെ എന്നെ സ്വാധീനിച്ചു എന്റെ സമ്മതം വാങ്ങി . അങ്ങിനെ ആദ്യമായി ഒരു ഐ വി ശശി ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരു അവസരം എനിക്കും കിട്ടി . വർത്തമാനകാലം..
 
ശശിക്കെല്ലാം സിനിമയായിരുന്നു .150 ചിത്രങ്ങൾ സംവിധാനം ചെയ്തു എന്ന് പറയുമ്പോൾ തന്നെ ജീവിതത്തിന്റെ ഒരു നല്ല ഘട്ടം സിനിമക്കായി ചെലവഴിച്ചു എന്നൂഹിക്കാമല്ലോ. കിട്ടാവുന്ന അംഗീകാരങ്ങളും ശശിക്ക് വന്നുചേർന്നു . എന്നാൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത ഒരു വലിയ ബഹുമതി ശശി സ്വന്തമാക്കി .താരങ്ങളെ തിരശ്ശീലയിൽ കാണുമ്പൊൾ പ്രേക്ഷകർ കയ്യടിക്കുന്നത് സാധാരണം . എന്നാൽ ഒരു സംവിധായകന്റെ പേര് തിരശ്ശീലയിൽ തെളിയുമ്പോൾ പ്രേക്ഷകർ ആദ്യമായി കയ്യടിച്ചതു ഐ വി ശശിക്കു വേണ്ടിയാണ്.. അക്കാര്യത്തിൽ താങ്കളുടെ പിന്തുടർച്ചക്കാരായ ഞങ്ങൾക്ക് അഭിമാനമുണ്ട് .....അളവറ്റ സന്തോഷവുമുണ്ട് ....

അനുബന്ധ വാര്‍ത്തകള്‍

Next Article