ഒരിക്കൽ മാത്രം കണ്ട ആ മുഖം വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല, കുട്ടീ... മാപ്പ് ; പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് ഒരു ഡോക്ടറുടെ കരളലിയിക്കുന്ന കുറിപ്പ്
മൂന്ന് മാസം മുന്‍പ് മരിച്ച ഗ്രഹനാഥന്റെ മ്രതദേഹം സൂക്ഷിച്ച് വെച്ച് അതിനു കാവലിരുന്ന കുടുംബത്തിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തായത്. ജീവന്‍ തിരിച്ചുകിട്ടുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കുടുംബം ഇങ്ങനെയൊരു ക്രത്യം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ജിനേഷ് പി എസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ജിനേഷ് പി എസിന്റെ വാക്കുകളിലൂടെ:
ആരോഗ്യമേഖലയിലെത്തിപ്പെട്ടിട്ട് ഇരുപത് വർഷമാകുന്നു; ഫൊറൻസിക് മെഡിസിനിൽ എത്തിച്ചേർന്നിട്ട് ഏഴ് വർഷം. ഏതാണ്ട് ആയിരത്തി ഇരുന്നൂറിലധികം പോസ്റ്റ് മോർട്ടം പരിശോധനകൾ നടത്തിയിട്ടുണ്ട്. ഒരു മൂവായിരത്തിലധികം പരിശോധനകൾ കണ്ടിട്ടുണ്ട്. കൊലപാതകങ്ങളും, ആത്മഹത്യകളും, അപകടങ്ങളും അങ്ങനെ, നിരവധി കണ്ടു മറന്നു.
മനസിനെ ഇന്നും വേട്ടയാടുന്ന ഒരു പരിശോധനയുണ്ട്. വിളറിയ മുഖമുള്ള ദൈന്യത നിറഞ്ഞുനിൽക്കുന്ന ആ പെൺകുട്ടിയുടെ പരിശോധനയാണത്.
രണ്ട് ഉള്ളം കൈകളിലും ഇരു കൈപ്പത്തിക്ക് പുറമെയും പച്ചിലകൾ അരച്ച് ഇട്ടിരിക്കുന്നു. അവ നീക്കം ചെയ്ടപ്പോൾ കാണുന്നത് പൊള്ളി പഴുപ്പ് ബാധിച്ച മുറിവുകളാണ്. ഇതുപോലെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിയ പാടുകൾ, ചിലതിൽ പഴുപ്പും. ആന്തരാ അവയവ പരിശോദന കൂടുതൽ വേദനിപ്പിക്കുന്നതായിരുന്നു. വൃക്കകൾ ഏതാണ്ട് പൂർണ്ണമായും പ്രവർത്തന രഹിതം. ഇരു ശ്വാസകോശങ്ങളിലും ശക്തമായ അണുബാധയും. സാധാരണ ഗതിയിൽ ഒരിക്കലും ഈ പ്രായത്തിൽ ഇങ്ങനൊരവസ്ഥയുണ്ടാവില്ല. അതിനാലാണ് കൂടുതൽ അന്വേഷിച്ചത്.
രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് വൃക്കകളെ ബാധിക്കുന്ന അസുഖത്തിന്റെ തുടക്കം കണ്ട് ജില്ല ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതാണ്. എന്നാൽ അവർ മെഡിക്കൽ കോളേജിൽ പോയില്ല, പകരം പോയത് ബന്ധുവായ ഒരു കപട ചികിത്സകന്റെയടുത്തേക്ക്. ഒറ്റമൂലിയും മന്ത്രവാദവുമാണ് ആളുടെ ചികിത്സ. ആ ചികിത്സയുടെ പരിണത ഫലമാണ് നമ്മൾ കണ്ടത്. ഒന്നിടവിട്ട ആഴ്ചയിൽ ഹോമവും ചികിത്സയും.
മനസിലായടത്തോളം അന്നത്തെ സാഹചര്യത്തിൽ ചികിത്സിച്ച് ഭേദപ്പെടുത്താമായിരുന്ന അസുഖം. അസുഖം മൂർച്ഛിച്ച അവസ്ഥയിൽ പോലും വൃക്കയിലൊന്ന് മാറ്റിവച്ചാൽ പൂർണ്ണമായും സാധാരണ ജീവിതം നയിക്കാമായിരുന്ന കുട്ടി.
ജീവനറ്റ ശരീരത്തിൽ നിന്നും അവരുടെ മരണ കാരണം കണ്ടുപിടിക്കുന്നവരാണ് ഞങ്ങൾ, അവരുടെ കഥകൾ ചുഴിഞ്ഞെടുക്കുന്നവരാണ് ഞങ്ങൾ. മൃതശരീരത്തിലെ ശാസ്ത്രീയ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനായി ശ്രമിക്കുമ്പോളോ ആ കണ്ടെത്തലുകൾ കോടതിയെ അറിയിക്കുമ്പോളോ, മൊഴി നൽകുമ്പോളോ ഒരു തരി ആശങ്കയുണ്ടാവില്ല ഞങ്ങൾക്ക്. എന്നാൽ ഈ കുട്ടി അനുഭവിച്ച ദുരിതങ്ങളിടക്കിടെ മനസിലേക്കോടിയെത്തും. അതൊരു വേദനയാണ്, എന്തോ കൊളുത്തിവലിക്കുന്ന പോലെയുള്ള വേദന. ചികിത്സിച്ച് മാറ്റാവുന്ന വൃക്കരോഗം ബാധിച്ചയാളിൽ ഹോമം നടത്തുക, കർപ്പൂരം കൊണ്ട് പൊള്ളിക്കുക, അവിടെ അണുബാധയുണ്ടാവുക, അതിനും ചികിത്സിക്കാതിരിക്കുക.
കുട്ടീ, നിന്നെ ഇല്ലായ്മ ചെയ്തത് നമ്മുടെ ഇടയിലുള്ള അന്ധവിശ്വാസങ്ങളാണ്. ആ തെറ്റിനെ തിരുത്താനാവാത്ത, അശാസ്ത്രീയതയെ ഇല്ലായ്മ ചെയ്യാനാകാത്ത ഞാനും കുറ്റവാളിയാണ്. ഈ കഴിഞ്ഞ ഒന്നുരണ്ടു വർഷത്തിനുള്ളിൽ ഏതാണ്ട് പത്തോളം സംഭവങ്ങളാണ് കേട്ടത്, ഒറ്റമൂലിയുടെയും ഹോമം നടത്തി ചരട് കെട്ടി അസുഖം മാറ്റാൻ പോകുന്നതിന്റെയും.
ഒരിക്കൽ മാത്രം കണ്ട ആ മുഖം വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല, കുട്ടീ... മാപ്പ്. അന്ധവിശ്വാസങ്ങളെ പുൽകുന്ന ഈ സമൂഹമാണ് നിന്നെ ഇല്ലായ്മ ചെയ്തത്.
ഇന്നിപ്പോൾ കേൾക്കുന്നത് മറ്റൊരു വാർത്തയാണ്. "ജീവൻ വെക്കുമെന്ന പ്രതീക്ഷയിൽ ഭാര്യയും മക്കളും മൃതദേഹത്തിന് മൂന്ന് മാസം കാവലിരുന്നു" എന്ന വാർത്ത. വായിച്ചിട്ട് അവിശ്വസനീയമായി തോന്നി. കാരണം മരണം സംഭവിച്ചാൽ താമസിയാതെ തന്നെ ജീർണ്ണിക്കൽ പ്രക്രിയ ആരംഭിക്കും. സാധാരണ ഗതിയിൽ രഹസ്യമായി സൂക്ഷിക്കാൻ പ്രയാസമാണ്.
മരണത്തിന് ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയാൽ ഒരു പരിധിവരെയുള്ള അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാൻ സാധിക്കും. ശ്വാസോച്ഛാസം രക്തയോട്ടം തുടങ്ങിയവ നിലക്കും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. മരണം സംഭവിച്ചധികം താമസിയാതെ തന്നെ കൃഷ്‌ണമണി (Pupil) വികസിക്കും എന്നും അറിയാമല്ലോ.
ജീവനോടെയുണ്ടോ മരിച്ചോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള സസ്‌പെൻഡഡ് അനിമേഷൻ (Suspended animation) എന്ന അവസ്ഥയുണ്ട്. Apparent Death എന്നും വിളിക്കാറുണ്ടിതിനെ. ഹൃദയമിടിപ്പ്, ശ്വസനം തുടങ്ങിയ ജൈവ പ്രവർത്തനങ്ങൾ എല്ലാം തിരിച്ചറിയാനാവാത്തത്ര മന്ദീഭവിക്കുകയാണ്. വെള്ളത്തിൽ മുങ്ങുക, കറണ്ടടിക്കുക, സൂര്യാഘാതമേൽക്കുക തുടങ്ങിയ അവസരങ്ങളിൽ ഇതുസംഭവിക്കാം. ചിലപ്പോൾ നവജാത ശിശുക്കളിൽ വിശദീകരിക്കാനാവാത്ത കാരണങ്ങളാലും ഇതുസംഭവിക്കാം.
Algor Mortis: 98.6°F ആണ് ജീവനുള്ളപ്പോൾ ശരീര താപനില എന്നറിയാമല്ലോ. മരണത്തിന് ശേഷം ശരീര താപനില അന്തരീക്ഷ താപനിലക്ക് തുല്യമാകും.
Postmortem Caloricity: എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മരണത്തിന് ശേഷം കുറച്ചുമണിക്കൂറുകൾ വരെ ശരീര താപനില കുറയില്ല. സൂര്യാഘാതം, ടെറ്റനസ്, കാഞ്ഞിരം വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയ കാരണങ്ങൾകൊണ്ടുണ്ടാകുന്ന മരണങ്ങളിലാണിങ്ങനെ സംഭവിക്കുക. ഇത്തരം മരണങ്ങളിൽ ശരീരത്തിലെ ജൈവപ്രകൃയകളിലൂടെ കൂടുതൽ താപം ഉദ്പാദിപ്പിക്കുന്നുണ്ട്.
Postmortem Staining: ഗുരുത്വാകർഷണം മൂലം മൃതശരീരത്തിലെ രക്തം ശരീരത്തിന്റെ അടിഭാഗത്തേക്കൊഴുകുകയും ആ ഭാഗത്തെ ത്വക്കിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. മരണം സംഭവിക്കുമ്പോൾ തന്നെ ഈ ഒഴുക്കാരംഭിക്കുന്നു. 2 cm വ്യാസം മതിക്കുന്ന ഭാഗത്ത് ഈ നിറവ്യത്യാസം ഉണ്ടാവാൻ രണ്ടുമണിക്കൂർ വേണ്ടിവരില്ല. എന്നാൽ ഇങ്ങനെയുണ്ടാകുന്ന പല ഭാഗങ്ങൾ സംയോജിച്ച് ശരീരത്തിന്റെ കീഴ്ഭാഗം ആകമാനം നിറവ്യത്യാസമുണ്ടാകാൻ 6 മണിക്കൂർ വരെയെടുക്കാം. ശരീരം അതേ അവസ്ഥയിൽ തുടർന്നാൽ 12 മണിക്കൂറിനകം സ്‌റ്റെയ്‌നിങ് കീഴ്ഭാഗത്ത് ഉറക്കുകയും ചെയ്യും. ഏകദേശ മരണസമയം കണ്ടുപിടിക്കാനും മരണ ശേഷം മൃതദേഹം മാറ്റിയിട്ടുണ്ടോ എന്നറിയാനും ചില സാഹചര്യങ്ങളിൽ മരണ കാരണത്തിലേക്കുള്ള സൂചനകൾ ലഭിക്കുന്നതിനും പോസ്റ്റ് മോർട്ടം സ്‌റ്റെയ്‌നിംഗ് സഹായകമാകാറുണ്ട്. ഉദാഹരണമായി തൂങ്ങി മരിച്ച ഒരു ശരീരത്തിൽ കൈകാലുകളുടെ താഴ്ഭാഗത്തായിരിക്കും ഈ നിറവ്യത്യാസം.
Primary Flaccidity: മരണം സംഭവിച്ചയുടനെ തന്നെ ശരീരത്തിലെ മാംസപേശികളുടെ മുറുക്കം ഇല്ലാതാവുകയും അവ തളരുകയും ചെയ്യും. കീഴ്ത്താടി താഴോട്ടാകുകയും സന്ധികള്‍ അയവുള്ളതാവുകയും ചെയ്യും. പേശികളിലെ ATP ക്ഷയിക്കുന്നത് വരെ ഈ തളർച്ച നീണ്ടുനിൽക്കും. ഈ അവസ്ഥയുടെ നല്ലൊരു പ്രദര്‍ശനമാണ് Michelangelo-യുടെ പ്രശസ്ത ശില്പമായ Pieta.
Rigor mortis: മാംസപേശികളുടെ തളർച്ച മാറി കാഠിന്യം പ്രാപിക്കുന്ന അവസ്ഥയാണിത്. പേശികളിലെ ATP ശോഷിക്കുന്നതാണ് കാരണം. ശരീരത്തിലെ എല്ലാ തരം പേശികളിലും റൈഗർ ബാധിക്കും. വലുപ്പത്തിൽ ചെറിയ കൂട്ടം പേശികളിലാണ് വ്യത്യാസം ആദ്യം തിരിച്ചറിയാനാകുക. ശരീരത്തിൽ ആദ്യമായി ബാധിക്കുക ഹൃദയ പേശികളെയാണ്. ശരീരത്തിന് പുറത്താദ്യം ബാധിക്കുന്നത് കൺപോളകളിലാണ്. തല മുതൽ പാദംവരെ ക്രമമായാണ് കാഠിന്യം കാണപ്പെടുക. തലയിലും കഴുത്തിലും 2 മണിക്കൂർ കൊണ്ടും കൈകളിൽ 4 മണിക്കൂർ കൊണ്ടും കാലുകളിൽ 6 മണിക്കൂർ കൊണ്ടും റൈഗർ ഉണ്ടാവും.
ബലം പ്രയോഗിച്ചാൽ സന്ധികളിലെ ഈ കാഠിന്യം ഇല്ലാതാക്കാം. ഒരിക്കൽ കാഠിന്യം ഇല്ലാതായാൽ വീണ്ടും രൂപപ്പെടില്ല. ബലം പ്രയോഗിച്ചില്ലെങ്കിലും ഈ കാഠിന്യം സ്വാഭാവികമായി ഇല്ലാതാവും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 18 മണിക്കൂർ മുതൽ ഈ തളർച്ച ആരംഭിക്കും. ഏതാണ്ട് 36 - 48 മണിക്കൂർ കൊണ്ട് ശരീരത്തിലെ സന്ധികളും പേശികളും പൂർണ്ണമായി തളരും. കാഠിന്യം രൂപപ്പെടുന്ന അതേ ക്രമത്തിലാണ് ഇതില്ലാതാവുന്നതും, അതായത് ഉച്ചിമുതൽ പാദം വരെ. ശൈത്യകാലത്ത് റൈഗർ മോർട്ടിസ് കൂടുതൽ സാവകാശം മാത്രമേ ഇല്ലാതാവുകയുള്ളൂ.
മരണസമയം കണ്ടുപിടിക്കാനും ചില സാഹചര്യങ്ങളിൽ മരണ കാരണത്തിലേക്കുള്ള സൂചനകൾ ലഭിക്കുന്നതിനും റൈഗർ മോർട്ടിസ് സഹായകരമാണ്.
Cadaveric Spasm: വളരെ വിരളമായി മാത്രം കാണുന്ന ഒരു പ്രക്രിയയാണിത്. മരണശേഷം സാധാരണയുണ്ടാവുന്ന തളർച്ച ഇല്ലാതെ ഒരു കൂട്ടം പേശികളിൽ കാഠിന്യം അനുഭവപ്പെടുന്നു. അക്രമാസക്തമായ/ തീക്ഷണമായ (Violent) മരണങ്ങളിലാണ് ഇത് കാണുക. ഉദാഹരണമായി തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്യുന്ന ആളുടെ കയ്യിൽ തോക്ക് ബലമായി പിടിച്ചിരിക്കുന്നതായി കാണുക, മുങ്ങിമരിച്ചവരുടെ കയ്യിൽ ചെടികളും മറ്റും ബലമായി പിടിച്ചിരിക്കുന്നതായി കാണുക, തുടങ്ങിയവ.
സൂക്ഷ്മജീവികളുടെ, പ്രധാനമായും ബാക്ടീരിയകളുടെ പ്രവർത്തനം കൊണ്ട് മൃതദേഹം ജീർണ്ണിക്കാനാരംഭിക്കുന്നു. ശരീരത്തിലെ കലകളും കോശങ്ങളും അവയിലെ അന്നജവും കൊഴുപ്പും മാംസ്യവും മറ്റും ശിഥിലീകരിക്കുകയും ചെയ്യുന്നു. ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്‌സൈഡ്, അമോണിയ, മീഥേൻ തുടങ്ങിയ വാതകങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നു. കൂടുതലായും കുടലിലാണ് ഇതുണ്ടാവുന്നത്. വയറ്, വൃഷണസഞ്ചി എന്നിവ വീർക്കുകയും മുഖം ചീർക്കുകയും നാക്ക് പുറത്തേക്കുതള്ളുകയും ചെയ്യുന്നത് ഈ വാതകങ്ങൾ ഉണ്ടാവുന്നതിനാലാണ്. ചൂടുകാലത്ത് 12 മണിക്കൂറിന് ശേഷം കുടലുകളിൽ ഈ വാതകങ്ങൾ രൂപപ്പെടാനാരംഭിക്കും.
24 - 36 മണിക്കൂർ സമയം കൊണ്ട് ഈ ഗ്യാസ് രൂപീകരണം മൂലം ശരീരം ചീർക്കുകയും നാക്കും കണ്ണും പുറത്തേക്ക് തള്ളുകയും ചെയ്യാം. ഈ മർദ്ദം മൂലം മൂക്കിൽ നിന്നും വായിൽ നിന്നും ചുവന്ന ദ്രാവകം പുറത്തേക്ക് വരികയും ചെയ്യാം. കൂടാതെ അഴുകുന്നതിന്റെ അസുഖകരമായ ഗന്ധവും ഉണ്ടാകാം.
മരണത്തിന് 24 മണിക്കൂറിന് ശേഷം ശരീരത്തിലെ ചർമ്മത്തിൽ അവിടിവിടെയായി കുമിളകൾ രൂപപ്പെടുകയും ചര്‍മ്മം ഇളകുകയും കൈപ്പത്തിയിലെയും പാഠത്തിലെയും കട്ടിയുള്ള ചർമ്മഭാഗം വരെ ഇളകുകയും ചെയ്യും. 72 മണിക്കൂർ കഴിയുന്നതോടെ തലമുടി തലയിൽ നിന്നും വിട്ടുപോകാൻ തുടങ്ങും.
കൂടാതെ ശരീരത്തിന്റെ നിറം മാറാൻ തുടങ്ങുകയും ചെയ്യും. ഏറ്റവും ആദ്യം നിറം മാറുന്നത് അടിവയറിന്റെ വലതുഭാഗത്തായിരിക്കും. മരണ ശേഷം ഏതാണ്ട് 18 മുതൽ ഈ ഭാഗത്ത് പച്ച നിറം ആകാൻ തുടങ്ങും. ബാക്ടീരിയകളാൽ സമ്പന്നമായ Caecum-ത്തോട് ചേർന്നിരിക്കുന്ന ഭാഗമായതിനാലാണിത്. കൂടുതൽ സമയം കഴിയുമ്പോൾ ശരീരം ആസകലം പച്ചനിറം ബാധിക്കുകയും അതുപിന്നീട് പച്ച കലർന്ന കറുപ്പാകുകയും ചെയ്യും.
Marbling: രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകൾ സൃഷ്ടിക്കുന്ന ഹൈഡ്രജൻ സൾഫൈഡ് ഹീമോഗ്ലോബിൻ രൂപാന്തരം പ്രാപിച്ചുണ്ടായ Methemoglobin-നുമായി കൂടിച്ചേർന്ന് Sulphmethemoglobin ഉണ്ടാവുന്നു. ബ്രാഞ്ചുകളായി പിരിയുന്ന രക്തക്കുഴലുകളിൽ പച്ച നിറത്തിലുള്ള ഈ സംയുക്തം ഉള്ളതിനാൽ കാഴ്ചയിൽ മാർബിൾ പോലെ തോന്നിക്കുന്നു. മരണത്തിന് 36 മണിക്കൂർ ശേഷമേ മാർബ്ലിംഗ് ഉണ്ടാവുകയുള്ളൂ. തോള്‍, തുട, കൈകാലുകളുടെ പുറം ഭാഗം എന്നിവിടങ്ങളിലാണ് ആദ്യമായി കാണപ്പെടുക.
ഇതോടൊപ്പം തന്നെ ആന്തരാവയവങ്ങളും ജീർണ്ണിക്കും. പുരുഷന്മാരിൽ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയും (Prostate gland) സ്ത്രീകളിൽ ഗര്‍ഭപാത്രവുമാണ് (Uterus) ഏറ്റവും അവസാനം അഴുകുന്ന ആന്തരാവയവങ്ങൾ. 12 മണിക്കൂറിന് ശേഷം ശ്വാസനാളിയുടെയും (Larynx and trachea) മഹാധമനിയുടെയും (Aorta) ഉൾവശം പിങ്ക് കലർന്ന ചുവപ്പുനിറമാകുന്നു. രണ്ട് ദിവസം കൊണ്ട് പ്ലീഹ (Spleen) കുഴമ്പുരൂപത്തിലാകാം. മരണത്തിന് 36 മണിക്കൂറിന് ശേഷം കരൾ (Liver) മൃദുവാകുകയും ശേഷം തേനീച്ചക്കൂട് (Honey-comb appearance) പോലെ ആവുകയും ചെയ്യും. ശ്വാസകോശം (Lungs) കുറച്ചുദിവസങ്ങൾ കൊണ്ട് ജീർണ്ണിച്ചു ചുരുങ്ങി ഒരു കറുത്ത പിണ്ഡമായി മാറും. തലച്ചോർ 3 മുതൽ 5 ദിവസം കൊണ്ട് പച്ച കലർന്ന നരച്ച നിറത്തിലുള്ള ദ്രാവക രൂപത്തിലാവും. ഹൃദയം, വൃക്ക തുടങ്ങി ആന്തരാവയവങ്ങൾ എല്ലാം മൃദുവാകുകയും ജീർണ്ണിക്കുകയും ചെയ്യുന്നു. എന്നാൽ മൂത്രസഞ്ചി താരതമ്യേന സാവകാശം മാത്രമേ അഴുകുകയുള്ളൂ.
പുഴുക്കൾ അരിക്കുന്ന മൃതദേഹം കണ്ടിട്ടുണ്ടോ ? ഇതും ജീർണ്ണിക്കുന്നതിന്റെ ഭാഗമാണ്. ഉറുമ്പാണ് മൃതശരീരത്തിൽ ആദ്യമായെത്താൻ സാധ്യതയുള്ള ഷഡ്പദം. മരണത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരീരത്തിൽ ഉറുമ്പിനെ കാണാറുണ്ട്. മരണത്തിന് ശേഷം അധികം താമസമില്ലാതെ തന്നെ ഈച്ചകളും മറ്റും മുട്ടയിടും. 24 മണിക്കൂർ കഴിഞ്ഞാൽ മുട്ടകളിൽ നിന്നും പുഴുക്കൾ ഉണ്ടാവുകയും 36 - 48 മണിക്കൂർ കൊണ്ട് അവ ശരീരത്തിൽ ഇഴയുന്നത് കാണാൻ സാധിക്കുകയും ചെയ്യും. പല തരം ഈച്ചകളുടെ മുട്ടകളിൽ നിന്നും പല സമയത്താണ് പുഴുക്കളുണ്ടാവുന്നത്. 10 ദിവസത്തിന് ശേഷമാണ് സാധാരണ ശരീരത്തിൽ വണ്ടുകൾ കാണാനാവുക.
Adipocere: ജീർണ്ണിക്കൽ പ്രക്രിയയിൽ അത്ര സാധാരണമല്ലാത്ത ഒന്നാണ് അഡിപ്പോസിയർ. ശരീരത്തിലെ തൊലി ഇല്ലാതായി ആ ഭാഗത്ത് സോപ്പ് തേച്ചതുപോലെ കാണപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പ് ഫാറ്റിആസിഡുകൾ ആയി മാറുന്നു, ഇവയിൽ ഗ്ലിസറോൾ കൂടിചേർന്നാണ് അഡിപ്പോസിയർ രൂപപ്പെടുന്നത്. മുഖം, വയർ, മാറിടം, പൃഷ്‌ഠഭാഗം, തുടകൾ എന്നിവിടങ്ങളിലാണ് സാധാരണയായി കാണാറ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 5 ദിവസം കൊണ്ട് തന്നെ അഡിപ്പോസിയർ ഉണ്ടാവുന്നത് കണ്ടിട്ടുണ്ട്. എന്നാൽ മിതശീതോഷ്‌ണ മേഖലകളിൽ 3 ആഴ്ചയെങ്കിലും വേണം ഇത് രൂപപ്പെടാൻ. ഒരിക്കൽ രൂപപ്പെട്ടാൽ വളരെയേറെ നാൾ ശരീരത്തിൽ കൂടുതൽ അഴുകൽ സംഭവിക്കില്ല.
Mummification: ഇതും വളരെ വിരളമായേ കാണാറുള്ളൂ. ഈജിപ്തിൽ മരണമടഞ്ഞ രാജാക്കന്മാരെ മമ്മികളായി സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടില്ലേ. ഏതാണ്ട് അതെ കാര്യങ്ങളാണ് ഇവിടെയും സംഭവിക്കുന്നത്. ശരീരത്തിലെ ജലാംശം പൂർണ്ണമായി നഷ്ടപ്പെട്ട് ശരീരഭാഗങ്ങൾ ഉണങ്ങി വരണ്ട അവസ്ഥയിലാകുന്നു. ശാരീരികഘടനയും പ്രത്യേകതകളും നഷ്ടപ്പെടുന്നില്ല. വർഷങ്ങൾ കഴിഞ്ഞാലും വ്യക്തിയെ തിരിച്ചറിയാൻ സാധിക്കും. ഉയർന്ന അന്തരീക്ഷ താപനിലയും വരണ്ട കാലാവസ്ഥയും അത്യാവശ്യമാണിതിന്. മരണ ശേഷം ഏറ്റവും കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണം ശരീരം മമ്മി ആയിമാറാൻ.
ശരീരം അസ്ഥികൾ മാത്രമായി മാറാൻ ഏതാണ്ട് ഒരു വർഷം വേണമെന്നാണ് മതിപ്പ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതിൽ വ്യത്യാസം ഉള്ളതായി കണ്ടിട്ടുണ്ട്.
അന്തരീക്ഷ താപനില, അന്തരീക്ഷത്തിലെ ഈർപ്പം, മൃതശരീരത്തിലെ വസ്ത്രം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, മരണ കാരണം, ശരീരം സ്ഥിതിചെയ്യുന്നത് കരയിലോ വെള്ളത്തിലോ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ശരീരത്തിന്റെ ജീർണ്ണിക്കലിനെ ബാധിക്കുന്നു. വായു സഞ്ചാരം ഉള്ള സ്ഥലത്തായിരിക്കും ഏറ്റവും വേഗതയിൽ ഇത് സംഭവിക്കുക, അതിന്റെ ഇരട്ടി സമയം കൊണ്ടേ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ശരീരത്തിൽ അതേ വ്യത്യാസങ്ങൾ ഉണ്ടാവൂ, ആഴത്തിൽ കുഴിച്ചിടുന്ന ശരീരങ്ങളിൽ എട്ട് മടങ്ങ് സമയവും വേണം അതേ വ്യത്യാസങ്ങൾ ഉണ്ടാവാൻ. തണുത്ത കാലാവസ്ഥയിൽ ഈ വിവരിച്ചിരിക്കുന്ന ജീർണ്ണിക്കൽ പ്രക്രിയ എല്ലാം മന്ദഗതിയിലാവും. 4°C-ൽ താഴെയാണ് താപനിലയെങ്കിൽ ശരീരത്തിനുണ്ടാകാവുന്ന വ്യത്യാസങ്ങൾ വളരെ കുറവായിരിക്കും, ഏതാണ്ട് തടയുന്നതിന് തുല്യം.
മതമോ ജാതിയോ ഈ പ്രക്രിയകളിൽ മാറ്റങ്ങളുണ്ടാക്കില്ല. ഹോമമോ മന്ത്രവാദമോ ഒന്നും ഈ പ്രക്രിയയിൽ മാറ്റങ്ങളുണ്ടാക്കില്ല. മരണം ഒരു യാഥാർത്ഥ്യമാണ്. ജനിച്ചാൽ ഒരിക്കൽ മരണം സംഭവിക്കും. അസുഖങ്ങൾ ഉണ്ടായാൽ ശാസ്ത്രീയമായ ചികിത്സ നൽകുക എന്നതാണ് പ്രധാനം. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയുണ്ടായ ചില കണ്ടുപിടുത്തങ്ങൾ മൂലം ചില അസുഖങ്ങൾ വരുന്നത് തടയാനാകും, വാക്സിനുകളുടെ ഉപയോഗത്തിലൂടെ. ശരിയായ ചികിത്സയിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാനാവും. അങ്ങിനെയാണ് മനുഷ്യ സമൂഹത്തിന്റെ ശരാശരി ആയുസ് പണ്ടത്തേതിനേക്കാൾ വർദ്ധിച്ചത്. പൗരാണികതയുടെ പേരിൽ ഹോമവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കപ്പെട്ടാൽ ആരോഗ്യ കാര്യങ്ങളിലും ഒരു തിരിച്ചുപോക്കുണ്ടാവും.
ഹോമമോ മന്ത്രവാദമോ നടത്തിയാൽ മരിച്ചവർ തിരികെ വരില്ല. അടുപ്പമുള്ളവരുടെ വേർപാട് എപ്പോളും വേദനാജനകമാണ്. അതിനാൽ മരിച്ചവർ തിരികെ വരണം അല്ലെങ്കിൽ മരിക്കാതിരുന്നെങ്കിൽ എന്ന ചിന്ത ബന്ധുക്കൾക്കുണ്ടാവാം. മരണത്തെ അംഗീകരിക്കാനുള്ള വിമുഖതയും ഉണ്ടാവാം. ദുഃഖം ഉണ്ടാവുക എന്നതും സ്വാഭാവികം മാത്രമാണ്.
ഇത്തരം ദുഃഖപ്രകടനങ്ങൾക്ക് (Grief Reaction) പല ഘട്ടങ്ങൾ ഉണ്ട്. മണിക്കൂറുകൾ മുതൽ ചിലപ്പോൾ ചുരുങ്ങിയ ദിവസങ്ങൾ വരെ നീണ്ടുനിൽക്കാവുന്ന ആദ്യഘട്ടത്തിൽ മരണത്തെ നിരാകരിക്കുക എന്നതാണ് സംഭവിക്കുന്നത്. വൈകാരികമായ പ്രതികരണങ്ങൾ ഇല്ലാതിരിക്കുക എന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത.
ദിവസങ്ങൾ മുതൽ ആറ് മാസം വരെയൊക്കെ നീണ്ടുനിൽക്കാവുന്നതാണ് രണ്ടാമത്തെ ഘട്ടം. അതിയായ വ്യസനം, ഉത്‌ക്കണ്‌ഠ, ഏകാന്തത, കരച്ചില്‍, മരണമടഞ്ഞ ആളെക്കുറിച്ചുള്ള ചിന്തകൾ അലയടിക്കുക, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, അസ്വസ്ഥമായിരിക്കുക തുടങ്ങിയവയാണ് ഈ ഘട്ടത്തിലെ പ്രത്യേകതകൾ. മരിച്ചയാൾക്ക് വേണ്ടി ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്തില്ല എന്ന കുറ്റബോധവും അതിൽ നിന്നുടലെടുക്കുന്ന ക്രോധവും ഈ ഘട്ടത്തിലുണ്ടാവാം. ബന്ധുക്കളോ ഡോക്ടറോ ആശുപത്രിയെ ശരിയായ ചികിത്സ നൽകാൻ സഹായിച്ചില്ലെന്ന തോന്നലും ആരോപണവും ഈ ഘട്ടത്തിൽ ഉണ്ടാവാം. മരണമടഞ്ഞ ആളുടെ ശബ്ദം കേൾക്കുന്നു, ആളെ കാണുന്നു എന്നീ തോന്നലുകളും ഉണ്ടാവാം.
മൂന്നാമത്തെ ഘട്ടം ആഴ്ചകൾ മുതൽ കുറച്ചു മാസങ്ങൾ വരെ നീണ്ടുനിൽക്കാവുന്നതാണ്. ഈ കാലയളവിൽ വ്യസനത്തിന്റെ തോത് കുറയുകയും വ്യക്തി സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്യുന്നു. വേർപിരിഞ്ഞ ആളോടൊത്തുള്ള സന്തോഷകരമായ ഓർമ്മകൾ ചിലപ്പോൾ അയവിറക്കാറുണ്ടാവും എന്നുമാത്രം.
താത്ക്കാലികമായി ഈ ദുഃഖം തിരികെ വരുന്നതും അസ്വാഭാവികമല്ല. മരണത്തിന്റെ വാർഷികത്തിൽ ഇങ്ങനെ സംഭവിക്കാം. പക്ഷേ, അധിക കാലം നീണ്ടുനിൽക്കുകയില്ല.
ആറ് മാസത്തിലധികം ഈ ദുഃഖം നീണ്ടുനിന്നാലോ ദുഖത്തിന്റെ പ്രതികരണങ്ങളുടെ കാഠിന്യം മേൽവിവരിച്ചതിനേക്കാൾ അധികാരിച്ചാലോ (Abnormal or Pathological Grief) ഒരു ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്. ആത്മഹത്യാ സാധ്യതകളുള്ള വിഷാദാവസ്ഥ പോലും ഉണ്ടാവാനുള്ള സാധ്യതകൾ തള്ളിക്കളയരുത്.
ദുഃഖത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാവുന്ന ക്രോധത്തെയും മരണം എന്നതിനെ നിരാകരിക്കുന്ന അവസ്ഥയെയും മുതലെടുക്കുന്ന അശാസ്ത്രീയത ഇന്നും ഹോമങ്ങളുടെയും മന്ത്രവാദങ്ങളുടെയും പേരിൽ നൂറ്റാണ്ടുകൾക്ക് മുൻപ് നടമാടിയിരുന്നു. ഇന്നും, ശാസ്ത്രത്തിന്റെ വളർച്ചയുടെ ഈ കാലഘട്ടത്തിലും അതൊക്കെ ആവർത്തിക്കപ്പെടുന്നു എങ്കിൽ തെറ്റുകൾ സംഭവിച്ചത് എവിടെ എന്ന് നാം ചിന്തിക്കണം.
ഒരു വ്യക്തിയേയോ കുടുംബത്തെയോ മാത്രമായി കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. സമൂഹത്തിന്റെ ശാസ്ത്ര അവബോധമില്ലായ്മയാണ് ഇത്തരം ചിന്തകൾ വളർത്തുന്നത്. റോക്കറ്റ് ബഹിരാകാശത്തേക്കയക്കുമ്പോൾ തേങ്ങാ ഉടക്കുന്നതും ഹോമം നടത്തുന്നതും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ സ്ഥാനം ഏൽക്കുന്ന അവസരത്തിൽ ഹോമം നടത്തുന്നതും നൽകുന്ന സന്ദേശങ്ങൾ തെറ്റാണ്. ആചാരങ്ങളുടെ പേരിലായാലും ഇങ്ങനെ പടരുന്ന അശാസ്ത്രീയത സാധാരണക്കാരെ നിസ്സഹായരാക്കും. മരണം സംഭവിച്ചാൽ പോലും ചൂഷണം ചെയ്യപ്പെടാൻ നിന്നുകൊടുക്കുന്ന അവസ്ഥയുണ്ടാകും. മാറ്റമുണ്ടാക്കേണ്ടത് സമൂഹത്തിൽ നിന്നാണ്. ഞാനും ഉൾപ്പെടുന്ന സമൂഹത്തിൽ നിന്നും ...