അതിരപ്പിള്ളി പദ്ധതി: അഞ്ചുകോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം, പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതായി കേന്ദ്രത്തോട് കെഎസ്ഇബി

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (10:15 IST)
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ നീക്കം. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട്. 
 
സ്ഥലത്ത് വൈദ്യുതി ലൈന്‍ വലിക്കുകയും ചെയ്തു. പാരിസ്ഥിതികാനുമതി നഷ്ടമാകാതിരിക്കാനാണ് ഈ നടപടി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെ നിര്‍മ്മാണം തുടങ്ങിയത് അറിയിച്ചതായും വനംവകുപ്പിന് അഞ്ച് കോടി നഷ്ടപരിഹാരം കൈമാറിയതായും സൂചനയുണ്ട്.
 
അതിരപ്പിളളി പദ്ധതിക്കായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ക്കുതന്നെ അതിരപ്പിളളി പദ്ധതിയെക്കുറിച്ച് പല വിവാദങ്ങളും ഉയര്‍ന്നിരുന്നു. 
 
ഇക്കാര്യത്തില്‍ ഭരണപക്ഷത്തുള്ള സിപിഐയുടെ എതിര്‍പ്പും ശക്തമാണ്. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.
Next Article