അതിരപ്പള്ളി പദ്ധതി അടിച്ചേൽപിക്കില്ല; എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ തീരുമാനമുണ്ടാകൂ: കടകംപള്ളി സുരേന്ദ്രൻ

Webdunia
ചൊവ്വ, 31 മെയ് 2016 (13:37 IST)
അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്നും വൈദ്യുത  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരുമായും മറ്റും കൂടിയാലോചനകള്‍ നടത്തും എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
വൈദ്യുത പ്രസരണ നഷ്​ടം കുറക്കാനുള്ള കാര്യമായ നടപടിയുണ്ടായില്ലെന്നും കടകംപള്ളി പറഞ്ഞു.
 
2011 മുതൽ 2016 വരെ 35 സബ്​സ്​റ്റേഷനുകളാണ്​ സംസ്ഥാനത്ത്​ സ്ഥാപിച്ചത്​. ഇത്​ പ്രസരണ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്​. ആവശ്യാനുസരണം പുതിയ സബ്​സ്​റ്റേഷനുകളും ലൈനുകളും സ്ഥാപിക്കാനും കഴിയുന്നില്ല. കൂടംകുളം നിലയത്തിൽ നിന്നുള്ള വൈദ്യുതി എത്തിക്കേണ്ട ഇടമൺ ‌‌- കൊച്ചി ലൈൻ നിർമാണം വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്​. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ ഇവിടെ 18 കിലോമീറ്റർ ദൂരത്തിലാണ്​ കഴിഞ്ഞ അഞ്ചു വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്നത്​. നിര്‍മ്മാണം സമയബന്ധിതമായി തീര്‍ത്തിരുന്നെങ്കില്‍ വലിയ പ്രസരണ നഷ്ടമില്ലാതെ കൂടംകുളത്തുനിന്ന്​ വൈദ്യുതി എത്തിക്കാൻ കഴിയുമായിരുന്നുവെന്നും കടകം‌പള്ളി പറഞ്ഞു.
 
ഇത്തരത്തില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കാസര്‍കോട് 50 മെഗാവാട്ട് സോളര്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article